| Sunday, 18th September 2022, 11:03 am

'ആരാധകരെ ശാന്തരാകുവിന്‍'; അവരെ വേര്‍തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഒരുമിപ്പിക്കുന്ന കാര്യങ്ങളാണ് കൂടുതലുള്ളത്; മെസി റോണോ എന്നിവരെ കുറിച്ച് പി.എസ്.ജി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഫുട്‌ബോള്‍ ആരാധകരുടെ ഇടയിലും കളിക്കാരുടെ ഇടയിലും വ്യക്തമായ സ്വാധീനം ചെലുത്താന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.

ഇരുവരില്‍ ആരാണ് മികച്ചതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമം എല്ലാ കാലവും നടന്നുപോകുന്നുണ്ട്. എന്നാല്‍ അതിനൊരു തീരുമാനത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇരുവരും അവരുടേതായ രീതിയില്‍ മികച്ചതാണ്.

പ്ലേ മേക്കിങ്ങിലും ഗോളടിയിലും ഇരുവരും ഒരുപാട് തെളിയിച്ചവരാണ്. കളിച്ച ലീഗുകളിലെല്ലാം ടീമുകള്‍ക്കായി നേട്ടങ്ങളുണ്ടാക്കാന്‍ മെസിക്കും റോണോക്കും സാധിച്ചിട്ടുണ്ട്.

ഇരുവരുടെയും കൂടെ ഒരേ ടീമില്‍ കളിച്ച താരമാണ് പി.എസ്.ജി കളിക്കാരന്‍ വിറ്റിന്‍ഹാ. പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലായ അദ്ദേഹത്തോട് ഇരുവരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ന്യൂട്രലായ മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്.

റൊണാള്‍ഡോയേയും മെസിയേയും വേര്‍ത്തിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ ഒന്നിപ്പിക്കുന്ന കാര്യങ്ങളാണ് കൂടുതലെന്നാണ് വിറ്റിന്‍ഹാ പറയുന്നത്. അവര്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് വ്യത്യസ്തമായ പ്രത്യേകതകളുണ്ടെന്നും അവരെ ഒരുപോലെയാക്കുന്നത് ഒരിക്കലും തീരാത്ത വിജയിക്കാനുള്ള ആവേശമാണെന്നും അദ്ദേഹം പറഞ്ഞു.

‘അവരെ വേര്‍തിരിക്കുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവരെ ഒന്നിപ്പിക്കുന്നുണ്ട്. അവര്‍ക്ക് ഓരോരുത്തര്‍ക്കും അവരുടേതായ കളിരീതിയും അവരുടേതായ സവിശേഷതകളും ഉണ്ട്, എന്നാല്‍ അവരെ ഒന്നിപ്പിക്കുന്ന കാര്യം എല്ലാം നേടാനുള്ള ത്വരയാണ്. അവര്‍ എപ്പോഴും ഇനിയും നേടണമെന്ന് ആഗ്രഹിക്കുന്നു, ഇതുവരെ നേടിയതിന്റെ കൂടെ ഇനിയും അതുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നു.

അവര്‍ നേടിയതിന്റെ പകുതിയെങ്കിലും നേടാന്‍ എനിക്ക് സാധിച്ചെങ്കില്‍ അത് അതിശയകരമായിരിക്കും! ഗോളുകള്‍ സ്‌കോര്‍ ചെയ്യാനും അസിസ്റ്റുകള്‍ നല്‍കാാനും മികച്ച ഗെയിമുകള്‍ കളിക്കാനും ടീമിനെ സഹായിക്കാനുമുള്ള ആഗ്രഹം.അതാണ് അവരെ എക്കാലത്തെയും മികച്ചവരായി മാറ്റുന്നത്. അവരുടെ കാലഘട്ടത്തില്‍ കളിക്കാന്‍ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Vitinha Says Messi and Ronaldo has more in Common than Separates

We use cookies to give you the best possible experience. Learn more