| Saturday, 15th June 2019, 5:36 pm

വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുരേഷിനെ ഹൈദരാബാദില്‍ നിന്നാണ് പിടികൂടിയത്. എസ്.പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള എണറണാകുളം ക്രൈംബ്രാഞ്ച് സംഘമാണ് സുരേഷിനെ പിടികൂടിയത്.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്.

കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സുരേഷ് 18 വര്‍ഷത്തിന് ശേഷം 2014-ല്‍ കോടതിയില്‍ കീഴടങ്ങി. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ സുരേഷ് വീണ്ടും ഒളിവില്‍ പോകുകയായിരുന്നു.

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്. കേസില്‍ പെണ്‍കുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവില്‍ പോയത്.

ചലചിത്രനടന്‍ ജഗതി ശ്രീകുമാര്‍ വരെ ഉള്‍പ്പെട്ട പെണ്‍വാണിഭ കേസാണ് വിതുര. 20 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. വിചാരണയ്ക്കിടെ പെണ്‍കുട്ടി തിരിച്ചറിയാതിരുന്നതിനാലാണ് പ്രതികളെ കോടതി വെറുതേവിട്ടത്. കോട്ടയത്തെ പ്രത്യേക കോടതിയുടേതായിരുന്നു ഉത്തരവ്.

We use cookies to give you the best possible experience. Learn more