[share]
[]കൊച്ചി: വിതുര കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. കേസില്‍ നിന്ന് സിനിമാ താരമായ ജഗതി ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരെയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ഈ അപ്പീലാണ് കോടതി തള്ളിയത്. കോട്ടയം വിചാരണകോടതി വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
വിതുര പീഡനക്കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ വെറുതേ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ മാസം 21 ാം തിയതിയാണ് ഹൈക്കോടതി പരിഗണിച്ചത്.
അപ്പീലില്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജസ്റ്റിസ് പി. ഭവദാസന്റെ ബെഞ്ചില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. ധനേഷ് പി. മാഞ്ഞൂരാനാണ് വാദിച്ചത്.
വിതുര സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. വിചാരണയ്ക്കിടെ പെണ്‍കുട്ടി തിരിച്ചറിയാതിരുന്നതിനാലാണ് പ്രതികളെ കോടതി വെറുതേവിട്ടത്.
ചലചിത്രനടന്‍ ജഗതി ശ്രീകുമാര്‍ വരെ ഉള്‍പ്പെട്ട പെണ്‍വാണിഭ കേസാണ് വിതുര. 20 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ ഒന്നാം പ്രതി സുരേഷ് അടക്കമുള്ള ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്.
1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്.