വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവ്
Kerala
വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 1:21 pm

കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് 24 വര്‍ഷം തടവുശിക്ഷ. ഇയാള്‍ 109000 രൂപ പിഴ കെട്ടിവെക്കണമെന്നും ഈ തുക പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുകയും വിവിധയാളുകള്‍ പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഇതില്‍ രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒരു കേസിലാണ് ഇന്നലെ സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. മറ്റു കേസുകളില്‍ വിചാരണ തുടരും.

1995 ല്‍ പെണ്‍കുട്ടിയെ സുരേഷ് വീട്ടില്‍നിന്ന് ഇറക്കി ബലാത്സംഗത്തിന് പ്രേരിപ്പിക്കുകയും വിവിധ ആളുകള്‍ക്ക് വില്‍ക്കുകയും ചെയ്തു എന്നാണ് കേസ്.

വിതുര കേസില്‍ ആദ്യമായാണ് ഒരു പ്രതി കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയത്. കേസിലെ മറ്റ് പ്രതികളെ കോടതിയില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. കേസില്‍ ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ നേരത്തെ വിട്ടിരുന്നു.

കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്. കേസെടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവില്‍ പോകുകയായിരുന്നു.

കേസില്‍ പെണ്‍കുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവില്‍ പോയത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് 2019 ജൂണില്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്.

21 കേസുകളില്‍ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു. വിതുര കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകയായിരുന്നു. 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. 2019 ഒക്ടോബര്‍ 17 മുതലാണു പീഡനക്കേസിലെ മൂന്നാം ഘട്ട വിചാരണ കോട്ടയത്തെ പ്രത്യേക കോടതിയില്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vithura case court verdict