Sports News
ബൗളിങ്ങില്‍ ഇതിഹാസങ്ങളെയും കടത്തിവെട്ടിയ ബാറ്റര്‍; റെക്കോഡില്‍ സ്‌റ്റെയ്ന്‍, ബോള്‍ട്ട്, ജോണ്‍സണ്‍, സ്റ്റാര്‍ക് അടക്കം എല്ലാവരും ഇനി ഇവന് പിന്നില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 20, 07:31 am
Saturday, 20th July 2024, 1:01 pm

ടി-20 ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ നേട്ടവുമായി ഓസീസ് സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍. വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ സോമര്‍സെറ്റിനെതിരെ ഗ്ലാമോര്‍ഗണ് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയതിന് പിന്നാലെയാണ് ലബുഷാനെ തേടി തകര്‍പ്പന്‍ നേട്ടമെത്തിയത്.

വെറ്റാലിറ്റി ബ്ലാസ്റ്റ് സൗത്ത് ഗ്രൂപ്പില്‍ നടന്ന മത്സരത്തിലാണ് ലബുഷാന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. ഒരു മെയ്ഡനടക്കം 2.3 ഓവര്‍ പന്തെറിഞ്ഞ് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് താരം തിളങ്ങിയത്. ലബുഷാന്റെ ടി-20 കരിയറിലെ ആദ്യ ഫൈഫര്‍ നേട്ടമാണിത്. ട്രിപ്പിള്‍ വിക്കറ്റ് മെയ്ഡന്‍ അടക്കമാണ് താരം അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.

സോമര്‍സെറ്റ് നായകന്‍ ലൂയീസ് ഗ്രിഗറി, സൂപ്പര്‍ താരങ്ങളായ ബെന്‍ ഗ്രീന്‍, റിലി മെറെഡിത്, ജാക്ക് ലീച്ച്, ജേക്ക് ബെല്‍ എന്നിവരെയാണ് ലബുഷാന്‍ മടക്കിയത്.

ഈ പ്രകടനത്തോടെ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളര്‍മാരെ മറികടക്കാനും താരത്തിനായി. ഇതിഹാസ താരങ്ങളായ ഡെയ്ല്‍ സ്‌റ്റെയ്ന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്, മുത്തയ്യ മുരളീധരന്‍, പാറ്റ് കമ്മിന്‍സ്, കഗീസോ റബാദ, ആര്‍. അശ്വിന്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ് തുടങ്ങി എണ്ണമറ്റ സൂപ്പര്‍ താരങ്ങളെക്കാള്‍ ടി-20 ഫൈഫര്‍ നേടിയ താരമെന്ന നേട്ടമാണ് ലബുഷാന്‍ സ്വന്തമാക്കിയത്. മേല്‍പ്പറഞ്ഞ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ടി-20യില്‍ ഇതുവരെ ഫൈഫര്‍ നേടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, സോമര്‍സെറ്റിനെ കീഴടക്കി ഗ്ലാമോര്‍ഗണ്‍ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. 120 റണ്‍സിനാണ് ഗ്ലാമോര്‍ഗണ്‍ വിജയിച്ചുകയറിയത്.

സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗ്ലാമോര്‍ഗണ്‍ ബാറ്റിങ് തെരഞ്ഞെടുത്തു. കിരണ്‍ കാള്‍സണിന്റെ സെഞ്ച്വറിയുടെയും വില്‍ സ്‌മേലിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് ടീം നേടിയത്.

കാള്‍സണ്‍ 64 പന്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ 34 പന്തില്‍ 59 റണ്‍സാണ് സ്‌മേല്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സോമര്‍സെറ്റ് 13.3 ഓവറില്‍ 123ന് പുറത്തായി. ലബുഷാന്റെ ബൗളിങ് മികവ് തന്നെയാണ് സോമര്‍സെറ്റിനെ വരിഞ്ഞുമുറുക്കിയത്. ഓസീസ് താരത്തിന് പുറമെ ടിം വാന്‍ ഡെര്‍ ഗഗ്ടണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ കാല്ലവേ, ആന്‍ഡി ഗോര്‍വിന്‍, മേസണ്‍ ക്രെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഈ വിജയത്തിന് പിന്നാലെ സൗത്ത് ഗ്രൂപ്പില്‍ ആറാം സ്ഥാനത്ത് തുടരുകയാണ് ഗ്ലാമോര്‍ഗണ്‍. 14 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ 13 പോയിന്റാണ് ടീമിനുള്ളത്. എട്ട് വിജയത്തോടെ സോമര്‍സെറ്റ് മൂന്നാം സ്ഥാനത്താണ്.

 

 

Content Highlight: Vitality Blast: Marnus Labuschagne picks fifer against Somerset