|

57ന് എറിഞ്ഞിട്ടു, 32 പന്തില്‍ ജയിച്ചുകയറി; ഇംഗ്ലണ്ട് ചരിത്രത്തില്‍ ഇതാദ്യം; കരടിക്കരുത്തില്‍ പവര്‍ പ്ലേ അവസാനിക്കും മുമ്പ് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ചരിത്രം കുറിച്ച് ബെര്‍മിങ്ഹാം ബെയേഴ്‌സ് (വാര്‍വിക്‌ഷെയര്‍). ട്രെന്റ് ബ്രിഡ്ജില്‍ നോട്ട്‌സ് ഔട്ട്‌ലോസിനെതിരെ (നോട്ടിങ്ഹാംഷെയര്‍) നടന്ന മത്സരത്തില്‍ പവര്‍പ്ലേ അവസാനിക്കും മുമ്പ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചാണ് വാര്‍വിക്‌ഷെയറിന്റെ കരടികള്‍ ചരിത്രം കുറിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ ബെര്‍മിങ്ഹാം എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ക്കുതന്നെ തൊട്ടതെല്ലാം പിഴച്ച നോട്ട്‌സിന് തിരിച്ചടികളുടെ ഘോഷയാത്രയായിരുന്നു.

വെറും രണ്ട് നോട്ടിങ്ഹാം താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 23 പന്തില്‍ 15 റണ്‍സടിച്ച ലിന്‍ഡന്‍ ജെയിംസാണ് ടോപ് സ്‌കോറര്‍.

നോട്ടിങ്ഹാം ഇന്നിങ്‌സില്‍ ആകെ രണ്ട് ബൗണ്ടറികള്‍ മാത്രമാണ് പിറന്നത് എന്നതും എടുത്ത് പറയണം. ക്യാപ്റ്റന്‍ ജോ ക്ലാര്‍ക്കും ലിന്‍ഡന്‍ ജെയിംസുമാണ് ഈ ബൗണ്ടറികള്‍ നേടിയത്.

ഒടുവില്‍ 17.2 ഓവറില്‍ 57 റണ്‍സിന് ഔട്ട്‌ലോസ് പുറത്തായി.

ബെര്‍മിങ്ഹാമിനായി മോയിന്‍ അലി, ജോര്‍ജ് ഗാര്‍ടണ്‍, ജേക് ലിന്‍ടോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഡാന്‍ മൂസ്‌ലി, സകാരി ഫോള്‍കസ്, ക്യാപ്റ്റന്‍ ഡാനി ബ്രിഗ്‌സ്, ജേകബ് ബേഥല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെയേഴ്‌സ് 5.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഒമ്പത് വിക്കറ്റും 88 പന്തും ശേഷിക്കവെയായിരുന്നു ബെര്‍മിങ്ഹാമിന്റെ വിജയം.

ഈ വിജയത്തിന് പിന്നാലെ നോര്‍ത്ത് ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബെയേഴ്‌സ്. പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയവും രണ്ട് തോല്‍വിയുമായി 16 പോയിന്റാണ് ടീമിനുള്ളത്.

ജൂലൈ 12നാണ് ബെര്‍മിങ്ഹാമിന്റെ അടുത്ത മത്സരം. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ വോസ്റ്റര്‍ഷെയര്‍ റാപ്ഡിസാണ് (വോസ്റ്റര്‍ഷെയര്‍) എതിരാളികള്‍.

Also Read: ഇങ്ങനെയൊരു സെഞ്ച്വറി നേട്ടം ചരിത്രത്തിലാദ്യം; അഭിഷേകിന്റെ വെടിക്കെട്ടിൽ സിംബാബ്‌വെ ചാരം

Also Read: ‘അവര്‍ ലോകചാമ്പ്യന്‍മാരാണ്, വൈകിയാലും ലോകചാമ്പ്യന്‍മാരെ പോലെ തന്നെ കളിക്കും’; തോല്‍വി അംഗീകരിച്ച് റാസ

Content highlight: Vitality Blast:  Birmingham Bears’ landslide victory over Notts Outlaws

Video Stories