കോഴിക്കോട്: മഴക്കെടുതിയില്‍ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷപ്പടുത്തിയ ശേഷം മരണമടഞ്ഞ മലപ്പുറം കാരത്തൂര് സ്വദേശി അബ്ദുള്‍ റസാഖിന്റെ കുടുംബത്തിന് വിശ്വശാന്തിയുടെ സഹായഹസ്തം. മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരം വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും മറ്റ് സംഘാടകരും അബ്ദുള്‍ റസാഖിന്റെ വീട്ടിലെത്തി അടിയന്തിര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നല്കി. ഒപ്പം അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ ഡിഗ്രിവരെയുള്ള തൂടര്‍ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുകയും ചെയ്തു.
വെള്ളക്കട്ടില്‍ വീണ സഹോദരന്റെ മക്കളായ നിഹാന്, അലാഹുദ്ദീന്‍ എന്നിവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അബ്ദുള്‍ റസാഖിന്റെ മരണം. കുട്ടികളെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തിയ അബ്ദുള്‍ റസാഖ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലിയുള്ള റസാഖ് മടങ്ങാനിരിക്കെയാണ് സംഭവം ഉണ്ടായത്.
നേരത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിനും വിശ്വശാന്തി ഫൗണ്ടേഷന് സഹായവുമായി എത്തിയിരുന്നു. ലിനുവിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്കുന്നതിനോടൊപ്പം അടിയന്തിര സഹായമായി ഒരു ലക്ഷം രൂപയും ലിനുവിന്റെ അമ്മക്ക് നല്‍കിയിരുന്നു.