കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിനു മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ചു നല്‍കും. ഫൗണ്ടേഷന്റെ പ്രതിനിധിയായി ലിനുവിന്റെ വീട് സന്ദര്‍ശിക്കവെ സംവിധായകന്‍ മേജര്‍ രവിയാണ് ഇക്കാര്യം അറിയിച്ചത്.
അടിയന്തര സഹായമായി ഒരുലക്ഷം രൂപയും ലിനുവിന്റെ അമ്മയ്ക്കു നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും ഫൗണ്ടേഷന്‍ നല്‍കുമെന്ന് മേജര്‍ രവി അറിയിച്ചു.
ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് മേജര്‍ രവി ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്. അതിനിടെ മോഹന്‍ലാല്‍ ലിനുവിന്റെ അമ്മയ്‌ക്കെഴുതിയ കത്തും കൈമാറി.
കത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട അമ്മയ്ക്ക്,
അമ്മ ക്യാമ്പിലായിരുന്നു എന്നറിയാം. ക്യാമ്പിലേക്ക് അമ്മയ്ക്കു കൂട്ടായി വന്ന മകന്‍ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകന്‍ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്.
മറ്റൊരാള്‍ക്കു വേണ്ടി ജീവിക്കാന്‍ വലിയ മനസ്സ് വേണം. മറ്റുള്ളവര്‍ക്കു വേണ്ടി ജീവന്‍ നല്‍കാന്‍ വലിയ മനസ്സും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകന്‍. ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകന്‍ അമ്മയെ വിട്ടുപോയത്.
വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം. ഇതുപോലെ ഒരു മകനെ സമൂഹത്തിനു നല്‍കിയതിനു മറ്റൊരു മകന്‍ എഴുതുന്ന സ്‌നേഹവാക്കുകളായി ഇതിനെ കരുതണം.
സ്‌നേഹത്തോടെ.. പ്രാര്‍ഥനയോടെ,
അമ്മയുടെ മോഹന്‍ലാല്‍.