കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ആത്മഹത്യ ചെയ്ത ആദിവാസി യുവാവിന്റേത് അപമാനഭാരത്താലുള്ള ആത്മഹത്യയെന്ന് പൊലീസ് റിപ്പോര്‍ട്ട്. വിശ്വനാഥന്‍ ജനമധ്യത്തില്‍ അപമാനിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആദിവാസിയാണെന്ന കാരണത്താല്‍ ജനം വിശ്വനാഥനെ മോഷ്ടാവായി സംശയിച്ചു. തുടര്‍ന്ന് വിശ്വനാഥനെ ചോദ്യം ചെയ്യുകയും സഞ്ചി പരിശോധിക്കുകയും ചെയ്തു. ഇതില്‍ മാനസിക വിഷമം നേരിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ട്.
മെഡിക്കല്‍ കോളേജ് എ.സി.പി മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നേരത്തെ വിശ്വനാഥന്റെ ഭാര്യാമാതാവ് ലീലയും മറ്റ് കുടുംബാംഗങ്ങളും ഇതേ കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
ജനങ്ങള്‍ ചോദ്യം ചെയ്തുവെന്നും ജനമധ്യത്തില്‍ അപമാനിച്ചുവെന്നും ലീല പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്താണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നും അവര്‍ പറഞ്ഞു. ഇതേ നിഗമനത്തില്‍ തന്നെയാണ് പൊലീസിപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
നിലവില്‍ സി.സി.ടി.വി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആശുപത്രി ജീവനക്കാര്‍, നാട്ടുകാര്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങി 100ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
വിശ്വനാഥനെതിരെ ആരാണ് മോഷണക്കുറ്റം ആരോപിച്ചതെന്ന് പൊലീസ് അന്വേഷിക്കുമെന്നും അതിന് വേണ്ടി വിശ്വനാഥന്‍ ആശുപത്രിയില്‍ എത്തിയത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഈ മാസം ഏഴിനാണ് ഭാര്യയുടെ പ്രസവാവശ്യത്തിന് വേണ്ടി വിശ്വനാഥന്‍ മെഡിക്കല്‍ കോളേജിലെത്തിയത്. വാര്‍ഡിന് പുറത്ത് ഇരിക്കുകയായിരുന്ന വിശ്വനാഥന്‍ മോഷണം നടത്തിയെന്ന ആരോപണവുമായി ചിലര്‍ എത്തുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് വിശ്വനാഥനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.