| Tuesday, 24th January 2023, 11:25 am

'ഇപ്പറഞ്ഞതില്‍ പരിഹസിക്കാനും കൂവാനും എന്താണുള്ളതെന്ന് മനസ്സിലായില്ല'; അരുണ്‍ കുമാറിന് പിന്തുണയുമായി വിശ്വനാഥന്‍ സി.വി.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് മസാലദോശ കഴിക്കുമ്പോള്‍ ഭരണഘടന പിന്തള്ളപ്പെടുകയാണെന്ന കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മാധ്യമപ്രവര്‍ത്തകനുമായ ഡോ. കെ. അരുണ്‍കുമാറിന്റെ പ്രസ്താവനക്ക് പിന്തുണയുമായി യുക്തിവാദി നേതാവ് ഡോ. വിശ്വനാഥന്‍ സി.വി.എന്‍.

ആറ് മാസങ്ങള്‍ക്ക് മുമ്പ് കൊല്ലം ശാസ്താംകോട്ടയില്‍ നടന്ന വിദ്യഭ്യാസ സെമിനാറില്‍ ഭരണഘടനയുടെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രസ്തുത പരാമര്‍ശം.

ഓരോ തവണ മസാലദോശ കഴിക്കാന്‍ പ്യൂവര്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറുമ്പോഴും ഒരര്‍ത്ഥത്തില്‍ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു അരുണ്‍ കുമാര്‍ പറഞ്ഞത്. സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഈ വീഡിയോയും പ്രസ്താവനയും സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുകയായിരുന്നു.

അരുണ്‍ കുമാറിനെ വിമര്‍ശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും നിരവധി പേര്‍ പ്രതികരിച്ചതോടെ വിഷയം ചര്‍ച്ചയാകുകയായിരുന്നു. പിന്നാലെയാണ് അരുണ്‍ കുമാറിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് വിശ്വനാഥന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.

‘നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, പോറ്റി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂവര്‍ വെജ് തന്നെ തെരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കല്‍പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം.

മാട്രിമോണിയല്‍ സൈറ്റില്‍ മാത്രമല്ല, നല്ല പ്യൂവര്‍ വെജിറ്റേറിയന്‍ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോല്‍പ്പിക്കുന്നത്.

ഓരോ തവണ മസാലദോശ കഴിക്കാന്‍ പ്യൂവര്‍ വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരര്‍ത്ഥത്തില്‍ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു,’ എന്നായിരുന്നു അരുണ്‍ കുമാറിന്റെ വാക്കുകള്‍.

ഇത് പങ്കുവെച്ചുകൊണ്ട് ”ഈ പറഞ്ഞതില്‍ പരിഹസിക്കാനും കൂവിയിരുത്താനും ഒക്കെ എന്താണുള്ളത് എന്ന് എനിക്കു മനസ്സിലായില്ല” എന്നാണ് വിശ്വനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മസാലദോശ കഴിക്കാന്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ പോകുമ്പോള്‍ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു, എന്ന അരുണ്‍ കുമാറിന്റെ പ്രസ്താവനയെ ‘മസാല ദോശ തിന്നുന്നത് പോലും ഭരണഘടന ലംഘനമാണെന്നാണ് അരുണ്‍ കുമാര്‍ പറയുന്നത്,’ എന്ന തരത്തില്‍ വിവിധ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഈ പ്രസ്താവനയെ വിവാദമാക്കുകയായിരുന്നു.

കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്ക് തന്നെ പാചക ചുമതല ലഭിച്ചതിനെ കുറിച്ചും കലോത്സവ ഭക്ഷണം പൂര്‍ണമായും വെജിറ്റേറിയനായതിനെ കുറിച്ചും നേരത്തെ അരുണ്‍ കുമാര്‍ പോസ്റ്റുകള്‍ പങ്കുവെക്കുകയും ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

പഴയിടത്തെ കുറിച്ചുള്ള പോസ്റ്റില്‍ ജാതി പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നേരത്തെ ഡോ. അരുണ്‍ കുമാറിനെതിരെ യു.ജി.സി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Content Highlight: Viswanathan Cvn fb post supporting Dr. K Arun Kumar

We use cookies to give you the best possible experience. Learn more