വിമര്‍ശകര്‍ക്ക് മറുപടിയുമായി ആനന്ദ്
DSport
വിമര്‍ശകര്‍ക്ക് മറുപടിയുമായി ആനന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd June 2012, 12:54 pm

ന്യൂദല്‍ഹി: അഞ്ചാം തവണയും ലോക ചെസ്സ് കിരീടം നേടിയ വിശ്വനാഥന്‍ ആനന്ദ് ആദ്യമായി തന്റെ വിമര്‍ശകര്‍ക്ക് നേരെ ആഞ്ഞടിക്കുന്നു. ആനന്ദിന് കളിയില്‍ പ്രചാദനം ഇല്ലെന്നും ആനന്ദിന് പ്രായമേറിയതാണ് കളിയില്‍ തിളങ്ങാന്‍ കഴിയാത്തതെന്നുമായിരുന്നു പ്രധാന വിമര്‍ശനം.

എന്നാല്‍ ആനന്ദിന് കളിയില്‍ പ്രചോദനമില്ലെന്ന വാദത്തേയും പ്രായം അദ്ദേഹത്തിന്റെ മനസ്സിനെയും ബുദ്ധിയേയും ബാധിച്ചുവെന്ന വിമര്‍ശകരുടേയും വായടപ്പിക്കാന്‍ തന്റെ അഞ്ചാം കിരീട നേട്ടംകൊണ്ട് ആനന്ദിനായി.

“”എന്റെ കളിയെക്കുറിച്ച് ആദ്യമായാണ് ഇത്ര വിമര്‍ശനം വരുന്നത്. എനിക്ക് വിജയത്തിനുള്ള പ്രചോദനം ഇല്ലെന്ന വാദത്തില്‍ കഴമ്പില്ല. എന്റെ പ്രായക്കൂടുതലിനെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ എതിരാളിയായ ഗെല്‍ഫന്‍ഡിന് എന്നെക്കാളും രണ്ടുവയസ്സു കൂടുതലാണെന്ന കാര്യം മറക്കുന്നു.””ആനന്ദ് പറഞ്ഞു.

ആനന്ദിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ലോക ചെസ്സ് ഇതിഹാസം ഗാരി കാസ്പറോവയ്ക്ക് മറുപടിയെന്നോണമായിരുന്നു ആനന്ദിന്റെ വാക്കുകള്‍.

എന്റെ എതിരാളി ജെല്‍ഫന്റിനെ ഏറെ ആരാധനയോടെയാണ് കാണുന്നത്. അദ്ദേഹം എന്നും ഒരു മികച്ച എതിരാളി ആയിരുന്നു. അദ്ദേഹം എങ്ങനെയൊക്കെ ചിന്തിക്കുമെന്ന് കഴിഞ്ഞ നാളുകളിലെ പരിചയത്തിലൂടെ എനിയ്ക്കറിയാം.

ഞങ്ങള്‍ തമ്മില്‍ നടന്ന മാച്ച് വളരെ മികച്ചതായിരുന്നു. അദ്ദേഹം നന്നായി കളിച്ചു. അതുകൊണ്ടു മാത്രമാണ് എനിയ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചത്. എനിയ്ക്ക് ഒരു സാധ്യത കിട്ടുന്നതുവരെ ഞാന്‍ കാത്തിരുന്നു. പക്ഷേ ആളുകള്‍ അതിനെ വ്യാഖ്യാനിച്ചത് എനിയ്ക്ക് പ്രചോദനം ഇല്ലായിരുന്നു എന്നായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കഴിവ് എനിയ്ക്ക് തെളിയിക്കേണ്ടതുണ്ടായിരുന്നു- ആനന്ദ് വ്യക്തമാക്കി.