[]ചെന്നൈ: ലോകചെസ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ശ്രമങ്ങള്‍ക്ക് സമനിലതുടക്കം.
ചെന്നൈയില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും മെക്‌സിക്കന്‍ ഗ്രാന്റ് മാസ്റ്റര്‍ മാഗ്നസ് കാണ്‍സണും സമനിലയില്‍ പിരിഞ്ഞു.
കറുത്ത കരുക്കളുമായി ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ച ആനന്ദിനെ സംബന്ധിച്ചിടത്തോളം മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ സമനില കൈവരിക്കാനായത് നേട്ടം തന്നെയാണ്.
മത്സരം സമനിലയിലായതോടെ ഇരുവര്‍ക്കും അര പോയന്റ് വീതം ലഭിച്ചു. രണ്ടാമത്തെ മത്സരം നാളെ നടക്കും. നറുക്കെടുപ്പിലൂടെ വെളുത്ത കരുക്കള്‍ ലഭിച്ച കാള്‍സണ്‍ തുടക്കത്തില്‍ ആ മൂന്‍തൂക്കം നിലനിറുത്തി.
ആദ്യ നീക്കം മുതല്‍ 11 ാം നീക്കം വരെ കാള്‍സണ് നേരിയ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഇന്ത്യന്‍ ഗ്രാന്റ്മാസ്റ്റര്‍ മത്സരത്തില്‍ പിടിമുറുക്കി.
റാപ്പിഡ് ചെസ്സിലെ ആശാനായി കരുതുന്ന ആനന്ദിന്റെ അതിവേഗ നീക്കങ്ങള്‍ കാള്‍സനെ തെല്ലൊന്നമ്പരപ്പിക്കാതിരുന്നില്ല. സമയമെടുത്താണ് കാള്‍സണ്‍ നീക്കങ്ങള്‍ നടത്തിയത്.
പതിനാറ് നീക്കങ്ങള്‍ക്കൊടുവില്‍ ഇരുതാരങ്ങളും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. മത്സരം ഒന്നര മണിക്കൂര്‍ നീണ്ട് നിന്നു. നാളെ വെളുത്ത കരുക്കളുമായാണ് ആനന്ദ് കളിക്കുക.
കറുത്ത കരുക്കളുമായി കളിച്ചിട്ടും ആദ്യ മത്സരത്തില്‍ സമനില കൈവരിക്കാനായതില്‍ ആനന്ദ് സന്തോഷം പ്രകടിപ്പിച്ചു. തന്റെ പ്രകടനത്തില്‍ പൂര്‍ണ്ണ തൃപ്തനാണെന്നും ഇന്ത്യയുടെ ലോക ചാമ്പ്യന്‍ മത്സരശേഷം പറഞ്ഞു.
എന്നാല്‍ ആദ്യ മത്സരത്തിലെ തന്റെ പ്രകടനത്തില്‍ കാള്‍സണ്‍ പൂര്‍ണ്ണ തൃപ്‌നല്ലെന്നാണ് സൂചന. വെള്ളക്കരുവിന്റെ ആനുകൂല്യം ലഭിച്ചിട്ടും മത്സരം തന്റെ വരുതിയിലാക്കാന്‍ കഴിയാതെ പോയ വിഷമത്തിലാണ് കാള്‍സണ്‍.
അതേസമയം മുമ്പ് പലപ്പോഴും വെളുത്ത കരുക്കളുടെ ആനുകൂല്യം ലഭിച്ചിട്ടും മത്സരം ജയിക്കാനാവാതെ പോയിട്ടുണ്ടെന്നും ഇതും അത്തരത്തിലൊന്നായിരുന്നെന്നും കാള്‍സണ്‍ പറഞ്ഞു.
കാര്യമായ നഷ്ടമൊന്നുമുണ്ടാകാതെ മത്സരമവസാനിപ്പിക്കാനായതില്‍ തൃപ്തനാണെന്നും കാള്‍സണ്‍ മത്സരശേഷം പ്രതികരിച്ചു. ജയത്തിന് ഒരു പോയന്റും സമനിലയ്ക്ക് അര പോയന്റും സമ്മാനിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയന്റ് നേടുന്നയാള്‍ വിജയിയാവും.
പന്ത്രണ്ടാം മത്സരത്തിന് ശേഷവും ഇരുവരും തുല്യ പോയന്റില്‍ തുടരുകയാണെങ്കില്‍ സഡന്‍ഡെത്തിലൂടെ വിജയികളെ കണ്ടെത്തും.