| Monday, 15th April 2019, 11:21 am

സന്യാസിമാര്‍ വിവേകാനന്ദന്മാരാകണം, അല്ലാതെ സാക്ഷിമഹാരാജിന്റെ കേരളപ്പതിപ്പാകരുത്; ചിദാനന്ദപുരിയോട് വിശ്വഭദ്രാനന്ദ ശക്തിബോധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല കര്‍മ്മസമിതി നേതാവ് ചിദാനന്ദപുരിയ്‌ക്കെതിരെ വിശ്വഭദ്രാനന്ദ ശക്തിബോധി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചിദാനന്ദപുരി സ്വീകരിച്ച നിലപാട് അദ്വൈതാദാര്‍ശത്തിന് നിരക്കുന്നതല്ലെന്നും വിശ്വഭദ്രാനന്ദ പറഞ്ഞു.

ശബരിമല അയ്യപ്പ സന്നിധാനത്തിലേക്കുളള യുവതീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹം പഠിപ്പിക്കുന്ന അദ്വൈതാദര്‍ശത്തിനുതന്നെ നിരക്കുന്നതല്ല. ഒരു അദ്വൈതാചാര്യനായല്ല കുമ്മനത്തിന്റെ നിലവാരമുളള ഒരു ആര്‍.എസ്.എസ്‌  പ്രചാരകന്‍മാത്രമായാണ് ചിദാനന്ദപുരി ശബരിമലവിഷയത്തില്‍ ഇടപെട്ടത്.

അദ്വൈതം രണ്ടെന്ന ഭേദബുദ്ധി ഇല്ലാത്ത ഏകാത്മദര്‍ശനമാണ്. ആ നിലയില്‍ സ്ത്രീ-പുരുഷന്‍, യുവതി-യുവാവ്, ബ്രാഹ്മണന്‍-അബ്രാഹ്മണന്‍ തുടങ്ങിയ ഏതുഭേദബുദ്ധിയും അദ്വൈത വിരുദ്ധമാണെന്നും വിശ്വഭദ്രാനന്ദ പറഞ്ഞു.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി യു.ഡി.എഫുമായി പരസ്യ ധാരണയുണ്ടാക്കണമെന്ന് ചിദാനന്ദപുരി പറഞ്ഞിരുന്നു. അതേസമയം ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കിയ ചിദാനന്ദപുരിയ്ക്കെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്വാമി ചിദാനന്ദപുരിയെ പ്രതിപക്ഷബഹുമാനത്തോടെ കാണുന്ന ഒരാളാണ് ഈയുളളവന്‍. അദ്ദേഹം ശാങ്കരാദ്വൈതിയാണ് ഞാന്‍ ശാക്തേയസാധകനായ ദ്വൈതിയാണ്. ഇതാണ് ചിദാനന്ദപുരി സ്വാമികളുടെ പ്രതിപക്ഷത്തായിരിക്കാനുളള ആദ്ധ്യാത്മിക കാരണം.

രണ്ടാമത് അദ്ദേഹത്തെ പ്രതിപക്ഷത്തുകാണാനുളള സാമൂഹികകാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയം സംഘപരിവാര ഹിന്ദുത്വത്തിന്റേതാണെന്നതും എന്റേത് കമ്യൂണിസ്റ്റ് ആഭിമുഖ്യമുളള ജനാധിപത്യമതനിരപേക്ഷ രാഷ്ട്രീയമാണെന്നതുമാണ്. എന്നിരുന്നാലും പ്രസ്ഥാനത്രയം- ദശോപനിഷത്തുക്കള്‍,ബ്രഹ്മസൂത്രം, ഭഗവദ് ഗീത- എന്നീ ഗ്രന്ഥങ്ങള്‍ ശാങ്കരഭാഷ്യസമ്പ്രദായ പ്രകാരം പഠിച്ച ഒരു ആചാര്യന്‍ എന്ന ബഹുമാനം അദ്ദേഹത്തോടുണ്ട്.

പക്ഷേ ശബരിമല അയ്യപ്പ സന്നിധാനത്തിലേക്കുളള യുവതീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹം പഠിപ്പിക്കുന്ന അദ്വൈതാദര്‍ശത്തിനുതന്നെ നിരക്കുന്നതല്ല. ഒരു അദ്വൈതാചാര്യനായല്ല കുമ്മനത്തിന്റെ നിലവാരമുളള ഒരു RSSപ്രചാരകന്‍മാത്രമായാണ് ചിദാനന്ദപുരി ശബരിമലവിഷയത്തില്‍ ഇടപെട്ടത്.

അദ്വൈതം രണ്ടെന്ന ഭേദബുദ്ധി ഇല്ലാത്ത ഏകാത്മദര്‍ശനമാണ്. ആ നിലയില്‍ സ്ത്രീപുരുഷന്‍നയുവതിയുവാവ്‌നബ്രാഹ്മണന്‍ അബ്രാഹ്മണന്‍ തുടങ്ങിയ ഏതുഭേദബുദ്ധിയും അദ്വൈത വിരുദ്ധമാണ്. ഇത്തരം ഭേദബുദ്ധികളെ പ്രോത്സാഹിപ്പിക്കുന്നതും അദ്വൈതവിരുദ്ധമാണ്.

സശരീരനായി നമ്മള്‍ക്കിടയിലുളള ചിദാനന്ദപുരി ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്.അദ്ദേഹത്തെ പത്തിനും അമ്പത്തഞ്ചിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ കാണുകയോ കാല്‍ക്കല്‍ വീണു നമിക്കുകയോ ചെയ്യുന്നതുകൊണ്ട് ചിദാനന്ദപുരിസ്വാമികളുടെ ബ്രഹ്മചര്യത്തിന് ഉലച്ചിലേതും ഉണ്ടാകുന്നില്ലെങ്കില്‍ , നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്കും യുവതികളായവര്‍ തന്നെ സമീപിക്കുന്നതിനാല്‍ തേജഃക്ഷയമൊന്നും ഉണ്ടാവാനിടയില്ല.

ചിദാനന്ദപുരിയോളം ഉള്‍ക്കരുത്തുളളതല്ല അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യം എന്നു കരുതാനുളള അഹങ്കാരം ചിദാനന്ദപുരിസ്വാമികള്‍ക്കില്ലെങ്കില്‍ ശബരിമലയുവതീപ്രവേശന വിഷയത്തില്‍ അദ്ദേഹം അദ്വൈതാദര്‍ശപ്രകാരം നിലപാടുതിരുത്തണം.

ചുരുങ്ങിയ പക്ഷം യുവതീപ്രവേശനവും അയ്യപ്പനാമവും പറഞ്ഞു അദാനിമാര്‍ക്ക് പാദപൂജചെയ്യുന്ന ബിജെപിരാഷ്ട്രീയത്തിനു വോട്ടുപിടിക്കാനുളള നീക്കത്തില്‍ നിന്നെങ്കിലും അദ്ദേഹം പിന്‍വാങ്ങണം. സന്ന്യാസിമാര്‍ വിശ്വാസാന്ധന്മാരാകരുത്;അവര്‍ വിവേകാനന്ദന്മാരാകണം. ഒരു സാക്ഷിമഹാരാജിന്റെ കേരളപ്പതിപ്പാകരുത് സ്വാമി ചിദാനന്ദപുരി.


WATCH THIS VIDEO:

We use cookies to give you the best possible experience. Learn more