'വിശ്വവിഖ്യാത തെറി'ക്ക് കോളേജ് ഫണ്ട് നിഷേധിച്ചു; കടബാധ്യത തീര്‍ക്കാന്‍ ഭിക്ഷ തേടി വിദ്യാര്‍ത്ഥികള്‍
Daily News
'വിശ്വവിഖ്യാത തെറി'ക്ക് കോളേജ് ഫണ്ട് നിഷേധിച്ചു; കടബാധ്യത തീര്‍ക്കാന്‍ ഭിക്ഷ തേടി വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th June 2016, 12:21 pm

ഒരു മാഗസിന്‍ പുറത്തിറക്കിയതിന്റെ പേരില്‍ ഭിക്ഷ തേടുകയാണ് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ശ്രീഷമീമും സംഘവും.

വിശ്വവിഖ്യാത തെറി എന്ന മാഗസിന്‍ പ്രസിദ്ധീകരിച്ചതിന്റെ കടബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് ഇവരുടെ നെട്ടോട്ടം. എ.ബി.വി.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാഗസിന് കോളേജ് മാനേജ്‌മെന്റ് നല്‍കിയ ആദ്യഗഡു തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മാനേജ്‌മെന്റ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്.

കോളേജ് മാഗസിനായി മുന്‍കൂര്‍ നല്‍കിയ 30000 രൂപയാണ് അധികൃതര്‍ ഇപ്പോള്‍ തിരിച്ചുചോദിച്ചത്. മാഗസിന് രേഖാമൂലം അനുമതിയില്ലെന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. കൃത്യസമയത്ത് പണം നല്‍കാത്തതിന്റെ പേരില്‍ ഷമീമിന് ടീസിയും നിഷേധിച്ചു.

എന്നാല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പൂര്‍ണ അനുമതിയോടെ തന്നെയായിരുന്നു മാഗസിന്‍ പുറത്തിറക്കിയതെന്ന് മാഗസിന്റെ എഡിറ്ററായ ശ്രീഷമീം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ആര്‍.എസ്.എസിന്റെ ഭീഷണിയും സമ്മര്‍ദ്ദവും മൂലം അധികൃതകര്‍ക്ക് നിലപാട് മാറ്റേണ്ടി വരികയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

വിശ്വവിഖ്യാത തെറി വിവാദമായ സമയത്ത് കോളേജ് മാനേജ്‌മെന്റ് ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല. എന്നാല്‍ വിവാദങ്ങള്‍ ഒന്നടങ്ങിയപ്പോള്‍ കമ്മിറ്റി വിളിക്കുകയും അന്വേഷണം ആരംഭിക്കുകയുമാണ് ചെയ്തത്.

ദളിതരും കീഴാളരുമായ പാവപ്പെട്ടവരെ സവര്‍ണര്‍ ഭാഷാപരമായും സാംസ്‌ക്കാരികമായും അടിച്ചമര്‍ത്തുന്നതിനെ കുറിച്ചുള്ള അന്വേഷണമായിരുന്നു വിശ്വവിഖ്യാത തെറി.

സമൂഹത്തിലെ മുഖ്യധാരാ ആളുകള്‍ ഉപയോഗിയ്ക്കുന്ന പല തെറി പദങ്ങളും ന്യൂനപക്ഷ സമുദായത്തിലെ വാക്കുകളാണ്. എങ്ങനെ അവരുടെ സാധാരണ വാക്കുകള്‍, അല്ലെങ്കില്‍ അവരെ കുറിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വാക്കുകള്‍ മുഖ്യധാര സമൂഹത്തിന്റെ തെറികളായി എന്നതിന്റെ അന്വേഷണമായിരുന്നു വിശ്വവിഖ്യാത തെറിയിലൂടെ നടത്തിയത്.

1,1900 രൂപയാണ് മാഗസിന് മൊത്തം ചിലവായി പറഞ്ഞത്. അതിന്റെ ആദ്യഘഡുവായി 30000 രൂപ കോളേജ് തന്നിരുന്നു. അതാണ് ഇപ്പോള്‍ തിരികെ ചോദിച്ചിരിക്കുന്നത്. 25000 രൂപയുടെ പരസ്യം ഞങ്ങള്‍ പിടിച്ചിരുന്നു. അത് കോളേജില്‍ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് നേരിട്ട് സര്‍ക്കാരിലേക്ക് അടച്ചുകഴിഞ്ഞെന്നും അത് ഇനി തിരിച്ചുതരാന്‍ കഴിയില്ലെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി എന്നെ മാനേജ്‌മെന്റ് വിളിപ്പിച്ചിരുന്നു. മാനേജരുടെ ഭര്‍ത്താവും ഹൈക്കോടതിയിലെ അഭിഭാഷകനുമായ വ്യക്തിയാണ് അത് എന്നോട് സംസാരിച്ചത്. മാഗസിന്‍ പ്രിന്റ് ചെയ്യാമെന്ന് കാണിച്ചുകൊണ്ടുള്ള പ്രിന്‍സിപ്പലുടെ സമ്മതം പത്രം ഇല്ലാത്തിടത്തോളം കാലം കോളേജിനെതിരെ നിങ്ങള്‍ക്ക് എവിടേയും കേസ് കൊടുക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാഗസിന്‍ പ്രിന്റ് ചെയ്‌തോളൂ എന്ന് പ്രിന്‍സിപ്പല്‍ വാക്കാല്‍ പറഞ്ഞതാണ്. അത് ഒപ്പിട്ട് നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ കോളേജിനെതിരെ എവിടെ കേസിന് പോയാലും നിങ്ങ്ള്‍ തോല്‍ക്കുകയേ ഉള്ളൂ എന്നാണ് അദ്ദേഹംപറഞ്ഞത്.

അവര്‍ക്ക് പ്രശ്‌നം മാഗസിനിലെ കണ്ടന്റ് തന്നെയാണ്. എന്നാല്‍ അത് അവര്‍ പുറത്തുപറയില്ല. അവര്‍ക്ക് ടെക്‌നിക്കല്‍ ഇഷ്യു മാത്രമേ പുറത്തുപറയുന്നുള്ളൂ.

ഇത് രാജാക്കന്‍മാര്‍ ഉണ്ടാക്കിയ കോളേജാണെന്നും സവര്‍ണരുടെ കോളേജാണെന്നും അതുകൊണ്ട് തന്നെ അവരെ മോശമായി ചിത്രീകരിക്കുന്ന ഒരു മാഗസിന്‍ ഈ കോളേജില്‍ പുറത്തിറക്കിയ നടപടി തെറ്റ് തന്നെയാണെന്ന് കോളേജ് മാനേജ്‌മെന്റ് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്.

1200 ഓളം മാഗസിനുകള്‍ കോളേജ് ലൈബ്രറി വഴിയാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. പ്രിന്‍സിപ്പിളും മാനേജരും അറിയാതെ ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ കഴിയില്ലല്ലോയെന്നും ഷമീം ചോദിക്കുന്നു.

കോളേജിന് നല്‍കേണ്ട കടം മാത്രമല്ല പ്രസിലും ഡിസൈനര്‍ക്കും ഡി.ടി.പി ചെയ്തവര്‍ക്കും പണം നല്‍കാനുണ്ട്. വിശ്വവിഖ്യാത തെറി ഡിസി ബുക്‌സ് പുറത്തിറക്കിയതിന് ശേഷം അതില്‍ നിന്നും ലഭിച്ച ചെറിയ വരുമാനം മാത്രമാണ് ഇവര്‍ക്ക് ഇതിനിടെ ഒരാശ്വാസമായത്.

ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടെ കാമ്പസുകളില്‍ പണസമാഹരണത്തിനായി ഇന്ന് ഇറങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. ഇതിന് ശേഷം തെരുവിലിറങ്ങിയും പണം സമാഹരണം നടത്തും.

പണം കണ്ടെത്തുക എന്നതിനൊപ്പം ഇതൊരു സാമൂഹിക രാഷ്ട്രീയ വിഷയമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഭീക്ഷ തേടുന്നതെന്നും ഷമീം ഡൂള്‍ന്യൂസിനോട് പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട്ടെ എല്ലാ കാമ്പസുകളില്‍ നിന്നും പണം സമാഹരിക്കുന്നത്.

തെറിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്തുകൊണ്ടു തന്നെ പണപ്പിരിവ് നടത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. തെറിക്കൊരു കൈത്താങ് എന്ന രീതിയിലാണ് കാമ്പയിന്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.

സേവ് ഡെമോക്രസി പ്രൊട്ടക്ട് മാഗസിന്‍, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റങ്ങള്‍ക്കിരായായ കോളേജ് മാഗസിനൊരു കൈത്താങ്ങ്- ആ രീതിയിലുള്ള കാമ്പയിനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ശ്രീഷമീം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Account Details

Name : Sreeshamim P P
Acc No : 31970696772
Branch :SBI Poovaattuparamba
IFSC :SBIN0012195
Contact: 8086233958, 9995874714

Viswa Vikhyatha Theri Magazine Committe