കോഴിക്കോട്: കൊലപാതക രാഷ്ട്രീയ വിഷയത്തില്‍ ബി.ജെ.പി സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തുറന്നുകാട്ടി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് അഖ്‌ലാഖ് മുഹമ്മദിനെ കൊന്നപ്പോഴും മതംമാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസല്‍ മുഹമ്മദ് കൊല്ലപ്പെട്ടപ്പോഴും മിണ്ടാതിരുന്നവരാണ് ഇപ്പോള്‍ കൊലപാതകരാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്നതെന്നാണ് വിശ്വഭദ്രാനന്ദ ശക്തിബോധി ചൂണ്ടിക്കാട്ടുന്നത്.
ദാദ്രിയില്‍ അഖ്‌ലാഖ് കൊല്ലപ്പെട്ടപ്പോള്‍ മിണ്ടാതിരുന്ന കുമ്മനം കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴേക്കും സി.പി.ഐ.എം ചോരക്കളി നിര്‍ത്തണമെന്നു പറഞ്ഞു രംഗത്തുവരുന്നത് കാണുമ്പോള്‍ രാവണന്‍ കുംഭകര്‍ണ്ണനെ കൊന്ന ശ്രീരാമനോട് അഹിംസോപദേശം നടത്തിയതു കണ്ടാല്‍ തോന്നുന്ന അവജ്ഞയാണ് തോന്നുന്നതെന്നാണ് ശക്തിബോധി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
കൊടിഞ്ഞിയില്‍ ഫൈസലിനെ കൊന്നവരെ അപലപിക്കാത്ത കുമ്മനം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരാണെന്നു കരുതുന്നത് മദ്യവ്യാപാരിയായ വിജയ്മല്ല്യ മദ്യപാനത്തിനെതിരാണെന്നു കരുതുന്ന മണ്ടന്മാര്‍ക്കേ മുഖവിലക്കെടുക്കാനാവൂ എന്നും അദ്ദേഹം തുറന്നടിക്കുന്നു.
“അഖ്‌ലാക്ക് മുഹമ്മദിനെ ദല്‍ഹിയുടെ മൂക്കിനു താഴെയുളള ദാദ്രിഗ്രാമത്തില്‍ വെച്ചു പശു ഇറച്ചിതിന്നെന്നാരോപിച്ച് വീട്ടില്‍ കേറി തല്ലികൊന്ന സംഘപരിവാരങ്ങള്‍ ചെയ്തത് വൃത്തിക്കെട്ട കൊലപാതകരാഷ്ട്രീയമാണെന്നു പറയാന്‍ നാവനക്കാത്ത കുമ്മനം രാജശേഖരന്‍ എന്ന സംഘിപ്രചാരകന്‍ കണ്ണൂരിലൊരു ബി.ജെ.പിപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴേക്കും സി.പി.ഐ.എം ചോരക്കളിനിര്‍ത്തണമെന്നു പ്രസ്താവന ഇറക്കി.
ഈ പ്രസ്താവന കണ്ടപ്പോള്‍ രാവണന്‍ കുംഭകര്‍ണ്ണനെ കൊന്ന ശ്രീരാമനോട് അഹിംസോപദേശം നടത്തിയതു കണ്ടാല്‍ തോന്നുന്ന അവജ്ഞയാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. കൊടിഞ്ഞിയില്‍ ഫൈസലിനെ കൊന്നവരെ അപലപിക്കാത്ത കുമ്മനം കൊലപാതകരാഷ്ട്രീയത്തിനെതിരാണെന്നു കരുതുന്നത് മദ്യവ്യാപാരിയായ വിജയ്മല്ല്യ മദ്യപാനത്തിനെതിരാണെന്നു കരുതുന്ന മണ്ടന്മാര്‍ക്കേ മുഖവിലക്കെടുക്കാനാവൂ.” അദ്ദേഹം പറയുന്നു.
“ആരും ആരേയും കൊല്ലാതെ രാഷ്ട്രീയപ്രവര്‍ത്തനവും മതപ്രവര്‍ത്തനവും നടപ്പാക്കുന്ന ഒരു ഇന്ത്യയുണ്ടാവാന്‍ നാം ഗാന്ധിഘാതകനു അമ്പലം പണിയുന്നവരെ യു.എ.പി.എ ചുമത്തി തുറുങ്കിലടക്കുന്നതിനു ചങ്കൂറ്റമുളള ഒരു സര്‍ക്കാറിനെ ഉണ്ടാക്കാവുന്ന പ്രബുദ്ധത നേടേണ്ടിയിരിക്കുന്നു.” എന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മതംമാറിയതിന്റെ പേരിലാണ് മലപ്പുറത്ത് ഫൈസല്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ആര്‍.എസ്.എസ് മനുഷ്യക്കുരുതി നടത്തിയപ്പോള്‍ മിണ്ടാതിരുന്ന കുമ്മനമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് വിശ്വഭദ്രാനന്ദ ശക്തിബോധി ചൂണ്ടിക്കാട്ടുന്നത്.
കണ്ണൂരില്‍ കഴിഞ്ഞദിവസം ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ സി.പി.ഐ.എമ്മാണെന്നും പാര്‍ട്ടി ഗ്രാമങ്ങളില്‍ മനുഷ്യക്കുരുതി നടത്തുകയാണെന്നും ആരോപിച്ച് കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു.