ഇരുട്ടിന്റെ കുപ്പായമഴിച്ച് വിശുദ്ധന്‍
D-Review
ഇരുട്ടിന്റെ കുപ്പായമഴിച്ച് വിശുദ്ധന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2013, 1:14 pm

പള്ളിയുടെ നേതൃത്വത്തില്‍ നാട്ടിലെ ഒരു പ്രമാണിയുടെ സഹായത്തോടെ നടത്തുന്ന “സ്‌നേഹാലയം” എന്ന വൃദ്ധ സദനത്തില്‍ നടക്കുന്ന അഴിമതി പുറത്ത് കൊണ്ട് വരാനായി ഒന്നിക്കുന്ന അച്ചനെയും കന്യാസ്ത്രീയേയും സദാചാരവാദികളും സഭയും ചേര്‍ന്ന് സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അന്ത്യം വരെയും ഇരുവരും പോരാടുന്നു.


line

മാറ്റിനി/ഹൈറുന്നിസline

SATR-RATING

സിനിമ: വിശുദ്ധന്‍
സംവിധാനം: വൈശാഖന്‍
കഥ: വൈശാഖന്‍
അഭിനേതാക്കള്‍: മിയ ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, ലാല്‍, ശശികുമാര്‍, നന്ദു
സംഗീതം: ഗോപീ സുന്ദര്‍
ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍
നിര്‍മാണം: ആന്റോ ജോസഫ്
റീലീസിങ് ഡേറ്റ്: നവംബര്‍ 22, 2013

[]ഇരുട്ടില്‍ വഴിയറിയാതെ ഓടുമ്പോള്‍ കാലില്‍ തടയുന്ന വേരുകളെ കിട്ടിയ ആയുധങ്ങള്‍ കൊണ്ട് തകര്‍ത്ത് മുന്നേറുന്ന ഒരു പോരാളിയെന്ന് വിശുദ്ധനെ വിശേഷിപ്പിക്കാം. നാളിത് വരെ വാണിജ്യ സിനിമകള്‍ കടന്ന് ചെല്ലാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ അത് സധൈര്യം കടന്ന് പോയി എന്ന് വേണം കരുതാന്‍.

ഏറ്റവും സൂക്ഷ്മമായാണ് വിശുദ്ധന്‍ ഓരോ വിമര്‍ശനവും ഉയര്‍ത്തുന്നത്. സ്വയം ശുദ്ധീകരണത്തിന്റെ ഭാഗമായാണ് അത് സഭയെ കുറ്റപ്പെടുത്തുന്നത്. മതവും വിശ്വാസവും എത്തരത്തിലുള്ളതാവണമെന്നും അത് മനുഷ്യനെ എങ്ങിനെ അഭിസംബോധന ചെയ്യണമെന്നും സിനിമ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.

കഥാഗതികളെല്ലാം ബൈബിളിലെ വചനങ്ങള്‍ കൊണ്ടാണ് ന്യായീകരിക്കപ്പെടുന്നത്. ബൈബിളിലെ ഏറ്റവും പ്രശസ്തമായ വചനങ്ങളെ കാലികമായി പുനര്‍ നിര്‍മ്മിക്കാനുമുള്ള ശ്രമം സിനിമയില്‍ നടന്നതായി കാണാം.

“ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക”യെന്നും

“അവള്‍ മൗനം പാലിക്കേണ്ടതാണ്. എന്തെന്നാല്‍, ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണ്”എന്നെല്ലാം പരസ്യമായി ആഹ്വാനം ചെയ്ത ബൈബിളിനെ കോട്ടമില്ലാതെ അവതരിപ്പിക്കാനുള്ള ഒരു ശ്രമവും വിശുദ്ധന്‍ നടത്തുന്നുണ്ട്.

lalആ ശ്രമത്തെ കീറിമുറിച്ച് അതിന്റെ എല്ലും മജ്ജയും തോണ്ടുന്നതിനേക്കാള്‍ സിനിമ മാനുഷികമായി വായിച്ച ബൈബിളിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആദ്യമുണ്ടാവേണ്ടതെന്ന് തോന്നുന്നു.

ഇനി വിശുദ്ധന്റെ കഥയിലേക്ക് വരാം. ദാരിദ്ര്യം കൊണ്ട് വലഞ്ഞപ്പോള്‍ മഠത്തില്‍ ചേര്‍ന്ന സിസ്റ്റര്‍ സോഫിയും (മിയ ജോര്‍ജ്), അമ്മ നേര്‍ച്ച നേര്‍ന്നത് കൊണ്ട് അച്ചനായ ഫാദര്‍ സണ്ണിയും (കുഞ്ചാക്കോ ബോബന്‍) ഇടത്തരം കുടുംബങ്ങളില്‍ നിന്നും ദൈവവിളിയില്ലാതെ “ദൈവത്തിന്റെ വഴി”യിലേക്കെത്തുന്ന കുഞ്ഞാടുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

പള്ളിയുടെ നേതൃത്വത്തില്‍ നാട്ടിലെ ഒരു പ്രമാണിയുടെ സഹായത്തോടെ നടത്തുന്ന “സ്‌നേഹാലയം” എന്ന വൃദ്ധ സദനത്തില്‍ നടക്കുന്ന അഴിമതി പുറത്ത് കൊണ്ട് വരാനായി ഒന്നിക്കുന്ന അച്ചനെയും കന്യാസ്ത്രീയേയും സദാചാരവാദികളും സഭയും ചേര്‍ന്ന് സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അന്ത്യം വരെയും ഇരുവരും പോരാടുന്നു.

സ്‌നേഹാലയത്തിലേക്ക് കൊണ്ടുവരുന്ന ആളുകളില്‍ പലരും അക്രൈസ്തവരാണെന്നും സംഘടനയുടെ നടത്തിപ്പുകാരനായ പ്രമാണിയുടെ മെഡിക്കല്‍ കേളേജിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാനായിട്ടാണ് വൃദ്ധരായ ഇവരെ മരുന്നും ഭക്ഷണവും നല്‍കി സംരക്ഷിക്കുന്നതെന്നും അച്ചനും കന്യാസ്ത്രീയും കണ്ടെത്തുന്നു.

കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്ന “ഡെഡ്‌ബോഡി മാഫിയ”യെ കുറിച്ച് സിനിമ ചര്‍ച്ച ചെയ്യുന്നു എന്നത് തന്നെ വളരെ വലിയ ഒരു ഇടപെടലായി കണക്കാക്കാം. സ്‌നേഹാലയത്തില്‍ വച്ച് മരിക്കുന്ന കൃഷ്ണന്‍ എന്ന അന്തേവാസിയെ ചിതയൊരുക്കി ദഹിപ്പിച്ച് കൊണ്ടാണ് അച്ചന്‍ ഇതിനെതിരെ പ്രതികരിക്കുന്നത്.

ഊരും പേരും ഇല്ലാത്തവരുടേയും, അനാഥരുടേയുമെല്ലാം വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വിശുദ്ധന്‍ ഓര്‍മ്മപ്പെടുത്തുന്നു. “ശരീരത്തിന്റെ പേരല്ലേ മാറ്റാന്‍ കഴിയൂ ആത്മാവിന്റെ പേര് മാറ്റാന്‍ കഴിയില്ലല്ലോ” എന്ന കൃഷ്ണന്റെ ചോദ്യം മതേതര ഉടുപ്പിട്ട് കൊട്ടിഘോഷം നടത്തുന്ന വര്‍ഗീയവാദികള്‍ക്ക് നേരെയുള്ളതാണ്.

ന്യായത്തിനും നീതിക്കും വേണ്ടി  നിന്നതിന് അച്ചനേയും കന്യാസ്ത്രീയേയും സദാചാരവാദികള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഒരു വിചാരണ പോലും കൂടാതെ കന്യാസ്ത്രീയെ മഠത്തില്‍ നിന്ന് പുറത്താക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

lineപഠനത്തിനുള്ള പണം കണ്ടെത്താന്‍ സ്വയം വില്‍ക്കുന്ന കുഴിവെട്ടുകാരന്റെ മകള്‍ അച്ചനോട് ചോദിക്കുന്ന ഒരു ചോദ്യമാണ് വിശുദ്ധന്‍ ഉയര്‍ത്തുന്ന അടുത്ത ചോദ്യം. “പാവങ്ങള്‍ക്ക് വേണ്ടി ഇടയലേഖനം വായിക്കാനേ പള്ളിക്ക് കഴിയൂ അവരുടെ ദാരിദ്ര്യം മാറ്റാന്‍ അവര്‍ക്ക് കഴിയുമോ” എന്നാണ് പെണ്‍കുട്ടി അച്ചനോട് ചോദിക്കുന്ന ചോദ്യം.line

kunjakko-bobanഅച്ചനോട് വൈദിക വൃത്തി തുടരാന്‍ സഭ ആവശ്യപ്പെടുന്നു. എന്നാല്‍ തന്നോടൊപ്പം ആരോപണ വിധേയയായി പുറത്താക്കപ്പെട്ട അനാഥയായ കന്യാസ്ത്രീയെ കയ്യൊഴിയാന്‍ അച്ചന്‍ തയ്യാറല്ലായിരുന്നു. അവരെ പുറത്താക്കേണ്ടത് അഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് സഭപറയുമ്പോള്‍ അവര്‍ ആത്മഹത്യ ചെയ്താല്‍ സഭ അഭിമാനിക്കുമോ എന്ന് അച്ചന്‍ തിരിച്ച് ചോദിക്കുന്നുണ്ട്.

സ്വന്തം താത്പര്യ പ്രകാരം വൈദിക വേഷം ഉപേക്ഷിച്ചിറങ്ങുന്ന അച്ചന്‍ അനുഗ്രഹത്തിനായി ബിഷപ്പിന്റെ കാലില്‍ വീഴുമ്പോള്‍ നിസ്സഹായതോടെ ബിഷപ്പ് (ശശികുമാര്‍) അനക്കമറ്റിരിക്കുന്ന രംഗം ഹൃദ്യമാണ്. അധികാരത്തിന്റെ കസേരകള്‍ പലപ്പോഴും മൗനത്തിന്റെ ശവക്കല്ലറകളാവുന്നുവെന്ന് ഈ രംഗം ഓര്‍മ്മിപ്പിക്കുന്നു.

പുറത്താക്കപ്പെട്ട കന്യാസ്ത്രീയും സ്വയം പുറത്തായ അച്ചനും ഒരേ കുടയില്‍ നടന്ന് പോവുന്ന രംഗം ഒരുപക്ഷേ പരമ്പരാഗത മലയാള സിനിമയുടെ ആകെ അച്ചടക്കത്തെ തന്നെ ചോദ്യം ചെയ്യുന്ന രംഗമാണ്.

പുറത്താക്കപ്പെട്ട കന്യാസ്ത്രീയും സ്വയം പുറത്തായ അച്ചനും ഒരേ കുടയില്‍ നടന്ന് പോവുന്ന രംഗം ഒരുപക്ഷേ പരമ്പരാഗത മലയാള സിനിമയുടെ ആകെ അച്ചടക്കത്തെ തന്നെ ചോദ്യം ചെയ്യുന്ന രംഗമാണ്.

വിശുദ്ധനിലെ കഥാപാത്രങ്ങളും കഥയിടങ്ങളുമൊന്നും ഒട്ടും പുതുമയുള്ളതല്ല. എന്നാല്‍ മുഴുവന്‍ കഥാപാത്രത്തേയും കൃത്യമായി അടയാളപ്പെടുത്താന്‍ സിനിമക്ക് കഴിഞ്ഞു.

പള്ളിയിലെ കുഴിവെട്ടുകാരന്‍ (നന്ദു), അയാളുടെ മകള്‍(ശാലിന്‍), മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥനായ പ്രമാണി (ഹരീഷ് പേരാടി), അയാളുടെ മകന്‍ (കൃഷ്ണകുമാര്‍), സണ്ണിച്ചന് പകരമായി വരുന്ന അച്ചന്‍(ലാല്‍), ഷാപ്പുകാരന്‍(സുരാജ് വെഞ്ഞാറമ്മൂട്) ഇങ്ങനെ ഓരോ കഥാപാത്രവും വ്യക്തി സ്വഭാവവും അഭിനയ മികവും കൊണ്ട് പ്രേക്ഷകന്റെ ഉളളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുമെന്നതിന് സംശയമില്ല.

നന്ദുവിന്റെ ഏറ്റവും മികച്ച വേഷമാണ് വിശുദ്ധനിലെ കുഴിവെട്ടുകാരന്റേതെന്ന് പറയാം. മരണങ്ങള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കുന്ന അയാള്‍ക്ക് ഒടുക്കം സ്വന്തം മകള്‍ക്ക് വേണ്ടി കുഴി വെട്ടേണ്ടി വരുന്നു. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് വരുന്ന അച്ചനേയും കന്യാസ്ത്രീയേയും ആദ്യം സ്വീകരിക്കുന്നതും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കൂടിയായ ഇയാള്‍ തന്നെയാണ്.

പഠനത്തിനുള്ള പണം കണ്ടെത്താന്‍ സ്വയം വില്‍ക്കുന്ന കുഴിവെട്ടുകാരന്റെ മകള്‍ അച്ചനോട് ചോദിക്കുന്ന ഒരു ചോദ്യമാണ് വിശുദ്ധന്‍ ഉയര്‍ത്തുന്ന അടുത്ത ചോദ്യം. “പാവങ്ങള്‍ക്ക് വേണ്ടി ഇടയലേഖനം വായിക്കാനേ പള്ളിക്ക് കഴിയൂ അവരുടെ ദാരിദ്ര്യം മാറ്റാന്‍ അവര്‍ക്ക് കഴിയുമോ” എന്നാണ് പെണ്‍കുട്ടി അച്ചനോട് ചോദിക്കുന്ന ചോദ്യം.

എന്നാല്‍ നഴ്‌സിങിന് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളെ കുറിച്ച് പൊതുവേയുള്ള മോശം വീക്ഷണത്തെ വിശുദ്ധനും അറിഞ്ഞോ അറിയാതെയോ അംഗീകരിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്‌നം.

visudhan-2സമൂഹം ഭ്രഷ്ട് കല്‍പിച്ച ദമ്പതിമാര്‍ക്ക് വേണ്ടി ളോഹ മടക്കിക്കുത്തി തെറി പറയുന്ന പോക്കിരിയച്ചനെന്ന (ലാല്‍) കഥാപാത്രവും സ്ഥാപിത കാഴ്ചപ്പാടുകള്‍ പൊളിച്ചു. “തറവാട്ടില്‍ പിറന്നവര്‍” എന്ന് സ്വയം പറഞ്ഞ് നടക്കുന്നവരില്‍ പലരും നാറികളാണെന്ന പോക്കിരിയച്ചന്റെ കണ്ടെത്തലും അതി വിശുദ്ധം തന്നെ.

അവസാനം ജീവിതം തകര്‍ത്തവരെയെല്ലാം ഇല്ലാതാക്കുമ്പോള്‍ സണ്ണിയച്ചന് ഒരു വിശുദ്ധന്റെ പരിവേഷമാണ് കൈവരുന്നത്. “സേവ് മൈ സിറ്റി” എന്നെഴുതിയ ഉടുപ്പിട്ട് എല്ലാത്തിനും സാക്ഷിയായി നില്‍ക്കുന്ന കുട്ടിയെ അപകടത്തിലായ സമൂഹമായി കാണാം. ഭീകരനായ സര്‍പ്പത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിച്ച സെന്റ് ജോര്‍ജ് പുണ്യാളന്റെ പ്രതിരൂപമായി അച്ചനെ അവതരിപ്പിക്കുമ്പോഴും അക്രമത്തെ ന്യായീകരിക്കാന്‍ സിനിമ ശ്രമിക്കുന്നില്ല.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന വചനത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ഇത്തരത്തില്‍ ബൈബിള്‍ ഉദ്ധരിച്ച് കൊണ്ട് മതത്തിന്റെ മതിലുകള്‍ക്കകത്ത് നിന്ന് വിശുദ്ധന്‍ പോരാടുന്നു.

ചിത്രീകരണ മികവും അഭിനേതാക്കളുടെ തികഞ്ഞ പ്രകടനവും സിനിമയെ സുന്ദരമാക്കുന്നു. വൈശാഖാണ് വിശുദ്ധന്റെ സംവിധായകന്‍. കഥയും വൈശാഖിന്റേത് തന്നെ. പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലുസിങ് തുടങ്ങിയ സിനിമകളില്‍ നിന്ന് തികച്ചും മാറി സിനിമയെ അല്‍പം കൂടി ഗൗരവപൂര്‍വ്വം സമീപിക്കാന്‍ വൈശാഖിന് കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹം തന്നെ. എവിടെയും മുറിയാതെ ഒറ്റവരിയില്‍ അവസാനം വരെയും ഒഴുകാന്‍ വിശുദ്ധന് കഴിഞ്ഞു.

രണ്ടാം പകുതിയില്‍ കഥ തീര്‍ത്തും വൈകാരികമായി നീങ്ങിയെന്ന അഭിപ്രായം ഉണ്ടെങ്കിലും അത് കഥയെ സാധാരണ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കാന്‍ സിനിമയെ സഹായിച്ചു.

ലോകത്ത് ഒരു കുമ്പസാര രഹസ്യവും ചോര പുരണ്ടതാവരുതെന്ന് വിശുദ്ധന്‍ താക്കീത് ചെയ്യുന്നു. കാത് തുളഞ്ഞ് പായുന്ന രണ്ട് അലര്‍ച്ചകളും ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുമാണ് വിശുദ്ധനെ വിശുദ്ധനാക്കുന്നത്. നഷ്ടമായവന്റെ ആ നിലവിളികളും ചോദ്യങ്ങളും പ്രേക്ഷകന്റെ ബോധത്തിനും ചിന്തക്കുമെറിഞ്ഞ് തന്ന് വിശുദ്ധന്‍ തീരുന്നു.


മറ്റ് ഫിലിം റിവ്യൂകള്‍ക്ക്

‘ നടന്‍’മാരോട് നാട്ടുകാര്‍ ചോദിക്കുന്നു……’ഐയ്……നാടകന്നൊക്കെ പറഞ്ഞ് ഇതാല്ലേ പരിപാടി’!!!?

തിരശ്ശീലയിലെ തിരയിളക്കം(ഫിലിം റിവ്യൂ)

തിരയടിച്ചെത്തുന്ന നല്ല സിനിമ(ഫിലിം റിവ്യൂ)

മങ്ങിമങ്ങി തെളിയുന്ന മങ്കിപെന്‍(ഫിലിം റിവ്യൂ)

എഴുതിത്തീര്‍ന്ന മഷിയുമായി ‘മങ്കിപെന്‍’(ഫിലിം റിവ്യൂ)

ബ്രോക്കന്‍ പ്രോമിസസ്; ഇനിയും തകരാത്ത വാഗ്ദാനങ്ങള്‍(ഫിലിം റിവ്യൂ)

ഒരു കഞ്ചവ് പുകയില്‍ ഒരു സിനിമ (ഇടുക്കി ഗോള്‍ഡെന്ന് പേരും…)(ഫിലിം റിവ്യൂ)

സക്കറിയയുടെ ഗര്‍ഭപുരാണങ്ങള്‍(ഫിലിം റിവ്യൂ)

വൃത്തിരാക്ഷസന്റെ വടക്കുനോക്കി യാത്ര(ഫിലിം റിവ്യൂ)

ഡി. കമ്പനി ഓഫര്‍; ഒന്നെടുത്താല്‍ രണ്ട് ഫ്രീ (ഓണക്കാലത്ത് മാത്രം) (ഫിലിം റിവ്യൂ)

ദൈവത്തിന്റെ വേഷത്തിലെ ചെകുത്താന്‍ കളികള്‍ (ഫിലിം റിവ്യൂ)

അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ് (ഫിലിം റിവ്യൂ)

കുഞ്ഞനന്തന്റെ ബി.ഒ.ടി കട (ഫിലിം റിവ്യൂ)

ഉടഞ്ഞു പോയ കളിമണ്ണ്, ഉലഞ്ഞു പോയ സംവിധായകനും (ഫിലിം റിവ്യൂ)