ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി തന്റെ അടുത്തേക്ക് വന്ന ആരാധകനെ ഗ്രൗണ്ടില്‍ ഓടിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയ ആരാധകനെയായിരുന്നു അന്ന് ധോണി വട്ടം കറക്കിയത്.
ഇപ്പോഴിതാ വീണ്ടും ആരാധകനും ധോണിയും തമ്മില്‍ മറ്റൊരു രസകരമായ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഇത്തവണ പക്ഷെ ഇന്ത്യന്‍ കുപ്പായത്തിലല്ലെന്ന് മാത്രം.
ഐ.പി.എല്ലിലെ ചെന്നൈ സൂപ്പര്‍കിങ്സിന്റെ പരിശീലനത്തിനിടെയാണ് സംഭവം. ഇത്തവണയും സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ആരാധകന് ഗ്രൗണ്ടിലെത്തിയത്.
ധോണിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന് ധോണിയുടെ അടുത്തെത്തിയെങ്കിലും ധോണി ബലാജിക്ക് പിന്നില്‍ ഒളിച്ചു. അവിടെ നിന്നും ഗ്രൗണ്ടിലൂടെ ഓടിയ ധോണിക്ക് പിന്നാലെ ആരാധകനും ഓടി. എന്നാല്‍ സുരക്ഷ ജീവനക്കാരെത്തി ആരാധകനെ വളഞ്ഞു. പിന്നാലെ ധോണി വന്നു ആരാധകന് കയ്യും കൊടുത്തു.
ചെന്നൈ സൂപ്പര്‍ കിംങ്സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ ഷെയര്‍ ചെയതിരിക്കുന്നത്. “ക്യാച്ച് മീ ഈഫ് യു ഫാന്‍”( ആരാധകനാണെങ്കില്‍ എന്നെ പിടിക്കൂ) എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം ചേര്‍ത്തിരുന്നു.
ഗ്രൗണ്ടിനുള്ളിലും പുറത്തും ആരാധകര്‍ ധോണിയെ തേടിയെത്താറുണ്ട്. ആരാധകര്‍ക്കൊപ്പമുള്ള ധോണിയുടെ നിമിഷങ്ങള്‍ എന്നും വാര്‍ത്തകളാവാറുണ്ട്. കഴിഞ്ഞ മാസം നടന്ന ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മല്‍സരത്തിനിടെ തന്റെ സമീപത്തേക്ക് എത്തിയ ഇന്ത്യന്‍ ആരാധകന് ഇന്ത്യന്‍ പതാകയുമായി ധോണിയുടെ അടുത്തെത്തിയതും വാര്‍ത്തയായിരുന്നു.
ആരാധകനുമൊത്തുള്ള രസകരമായ വിഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.