ന്യൂദല്‍ഹി: കാഴ്ച വൈകല്യമുള്ളവര്‍ക്കും ജില്ലാ ജുഡീഷ്യറിയില്‍ നിയമനം നല്‍കാമെന്ന് സുപ്രീം കോടതി. ശാരീരിക വൈകല്യങ്ങളുടെ പേരില്‍ മാത്രം ഒരു വ്യക്തിക്ക് ജുഡീഷ്യല്‍ സര്‍വീസിലേക്കുള്ള നിയമനം നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
മധ്യപ്രദേശ് സ്വദേശിയും കാഴ്ച വൈകല്യവുമുള്ള ഉദ്യോഗാര്‍ത്ഥിയുടെ അമ്മ ഫയല്‍ ചെയ്ത ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
2024ല്‍ മധ്യപ്രദേശ് ജുഡീഷ്യല്‍ സര്‍വീസസ് (റിക്രൂട്ട്‌മെന്റ് ആന്‍ഡ് സര്‍വീസ് കണ്ടീഷനുകള്‍) ചട്ടങ്ങളിലെ ഒരു വ്യവസ്ഥയെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ത്ഥിയുടെ അമ്മ ചീഫ് ജസ്റ്റിസിന് കത്ത് എഴുതിയിരുന്നു.
പ്രസ്തുത ചട്ടം സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. 1994ലെ മധ്യപ്രദേശ് ജുഡീഷ്യല്‍ സര്‍വീസസ് ചട്ടങ്ങളിലെ റൂള്‍ ആറാണ് കോടതി റദ്ദാക്കിയത്. വികലാംഗര്‍ക്ക് നിയമനത്തിനായി അപേക്ഷിക്കുന്നതിന് മുമ്പ് മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് കാലയളവ്, ആദ്യ ശ്രമത്തില്‍ തന്നെ നേടേണ്ട 70% സഞ്ചിത സ്‌കോര്‍ തുടങ്ങിയ വ്യവസ്ഥകള്‍ അടങ്ങുന്ന ചട്ടമാണ് റദ്ദ് ചെയ്യപ്പെട്ടത്.
മധ്യപ്രദേശ് സര്‍ക്കാര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചട്ടക്കൂട് തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വൈകല്യമുള്ള വ്യക്തികള്‍ ഒരു രീതിയിലുമുള്ള വിവേചനവും നേരിടേണ്ടിവരരുതെന്നും സുപ്രീം കോടതി പറഞ്ഞു.
2016ലെ വികലാംഗ അവകാശ നിയമപ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസസ് അപേക്ഷകര്‍ക്കും ഈ വിധി ബാധകമാണെന്നും കോടതി വ്യക്തമാക്കി.
റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചതിന് ശേഷവും പി.ഡബ്ല്യു.ഡി അപേക്ഷകര്‍ വീണ്ടും അപേക്ഷിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവരെ തുടര്‍ന്നുള്ള നിയമനത്തില്‍ പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Visually impaired persons are eligible for appointment in district judiciary: SC