അറ്റന്‍ഷന്‍ പ്ലീസ്, പ്ര.തൂ.മു എന്നീ സിനിമകള്‍ക്ക് ശേഷം ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത് സിനിമയാണ് രേഖ. വിന്‍സി അലോഷ്യസ്, ഉണ്ണി ലാലു എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. രേഖ, അര്‍ജുന്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
ഇരുവരുടെ പ്രണയവും അതിനെ അവതരിപ്പിച്ചിരിക്കുന്ന രീതിയുമൊക്കെ വളരെ കണ്‍വീന്‍സിങ്ങായി തന്നെ വന്നിട്ടുണ്ട്. അതുവരെ പറഞ്ഞുപോയ പ്രണയ കഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ രണ്ടാം പകുതിയാണ് സിനിമയുടെ രാഷ്ട്രീയം എന്ന് വേണമെങ്കില്‍ പറയാം.
രേഖയെ കുറിച്ച് പറയുമ്പോള്‍ അതിന്റെ വിഷ്വല്‍ ലാംഗ്വേജ് എടുത്തുപറയേണ്ടതുണ്ട്. സിനിമയുടെ പകുതിയില്‍ കൂടുതല്‍ കഥ നടക്കുന്നത് രാത്രിയിലാണ്. അത് മനോഹരമായി തന്നെ അവതരിപ്പിക്കാനും സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ അവസാന ഭാഗത്തേക്ക് വരുമ്പോള്‍ ദൃശ്യഭാഷക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്.
നാട്ടുമ്പറത്ത് നിന്നും നഗരത്തിന്റെ തിരക്കിലേക്ക് വരുമ്പോള്‍ അതിന്റെ പാറ്റേണൊക്കെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. അവസാന ഭാഗത്തേക്ക് വരുമ്പോള്‍ പശ്ചാത്തല സംഗീതവും സിനിമയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.
സിനിമക്കാവശ്യമായ ലൊക്കേഷന്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും സംവിധായകന്‍ കൃത്യമായി മികവ് പുലര്‍ത്തിയിട്ടുണ്ട്. ആ സിനിമയുടെയും അവിടുത്തെ കഥാപാത്രങ്ങളുടെയും സ്വഭാവം എന്താണെന്നും അവിടുത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ അടയാളപ്പെടുത്താനും ലൊക്കേഷന്‍ വളരെയധികം സഹായിക്കുന്നുണ്ട്.
പ്രകടനങ്ങളാണ് സിനിമക്ക് കരുത്ത് പകരുന്നത്. അത്ര മനോഹരമായാണ് ഓരോ കഥാപാത്രങ്ങളും നിറഞ്ഞാടുന്നത്. സിനിമയില്‍ വന്ന് പോകുന്ന ഓരോ കഥാപാത്രങ്ങളും അസാധ്യ പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നത്.