നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ ദ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം ഈയടുത്ത കാലത്തായിരുന്നു പുറത്തുവന്നത്. ഇപ്പോള്‍ പുസ്തകത്തെ കുറിച്ചും അതിനോട് വായനക്കാര്‍ നല്‍കിയ പ്രതികരണങ്ങളെ കുറിച്ചും സംസാരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.
ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഒരു ചെറിയ പുസ്തകമാണെന്നും വര്‍ഷങ്ങളായി താന്‍ പലതും വരച്ചും എഴുതിയും സൂക്ഷിച്ചിട്ടുള്ള സ്‌കെച്ച് ബുക്കിലെ കുഞ്ഞുകാര്യങ്ങളാണ് ഇതിലുള്ളതെന്നും വിസ്മയ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വിസ്മയയുടെ പ്രതികരണം.
‘ചില ദിവസങ്ങളില്‍ എനിക്ക് ഇവയോടൊക്കെ ഇഷ്ടം തോന്നും. ചിലപ്പോള്‍ തീരെ ഇഷ്ടപ്പെടുകയുമില്ല. പക്ഷെ ആ പുസ്തകത്തിലുള്ളതെല്ലാം എന്റെ അനുഭവങ്ങളാണെന്നും അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഭാഗമാണെന്നും എനിക്കറിയാം.
പുസ്തകത്തിലെ ചില കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കുറച്ച് നാടകീയമായി പോയില്ലേ എന്ന് തോന്നാറുണ്ട്. പക്ഷെ ആ സമയത്ത് എനിക്ക് അനുഭവപ്പെട്ടത് അങ്ങനെയായിരുന്നു.
ചില കവിതകളില്‍ ഞാന്‍ എന്താണ് ശരിക്കും ഉദ്ദേശിച്ചതെന്ന് പലരും ചോദിച്ചിട്ടുണ്ട്. പലപ്പോഴും ആ കവിതകളില്‍ നിന്നും അവര്‍ക്ക് മനസ്സിലായതിനെ കുറിച്ചും ചിലര്‍ സംസാരിക്കും. അത് ഏറെ സന്തോഷമുള്ള കൗതുകം തോന്നുന്ന കാര്യമാണ്.
പിന്നെ ഈ ചോദ്യത്തോടുള്ള എന്റെ മറുപടി, നിങ്ങള്‍ക്കെന്താണോ തോന്നിയത്, അതാണ് അതിന്റെ അര്‍ത്ഥം എന്നാണ്. ആ കവിത എഴുതുന്ന സമയത്ത് എന്താണ് തോന്നിയതെന്ന് എനിക്ക് വ്യക്തമായി അറിയാം.
പക്ഷെ, വായനക്കാര്‍ അവരവരുടേതായ അര്‍ത്ഥവും അനുഭവവും കണ്ടെത്തണമെന്നാണ് എന്റെ ആഗ്രഹം. ഇതില്‍ ശരി തെറ്റുകളില്ല, എല്ലാം വ്യക്തിപരമായ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ്. കലയെ സംബന്ധിച്ചിടത്തോളം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവുമതാണ്.
ഒരേ വസ്തുവിനെ നോക്കിയിരിക്കുന്ന രണ്ട് പേര്‍ക്ക് തികച്ചും വ്യത്യസ്തമായ അര്‍ത്ഥമായിരിക്കും ലഭിക്കുക. അത് അവരുടെ കാഴ്ചപ്പാടിനെയും അനുഭവത്തെയും ആശ്രയിച്ചിരിക്കും. അതാണ് അതിന്റെ സൗന്ദര്യം എന്ന് ഞാന്‍ കരുതുന്നു. കാരണം ഇപ്പോള്‍ എന്റെ എഴുത്തോ വരയോ എന്റേതു മാത്രമല്ല, നിങ്ങളുടേത് കൂടിയാണ്,’ വിസ്മയ പറഞ്ഞു.