സ്ത്രീധനം ആവശ്യപ്പെടുന്നവര്‍ക്ക് ഇനി മക്കളെ വിവാഹം കഴിച്ചു കൊടുക്കരുത്, അവര്‍ക്ക് വിദ്യാഭ്യാസവും ജോലിയും നേടിക്കൊടുക്കൂ, അനുഭവത്തില്‍ നിന്നാണ് പറയുന്നത്: കോടതിമുറിയില്‍ നിന്ന് വിസ്മയയുടെ അച്ഛന്‍
കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍.
മകള്‍ക്ക് നീതി ലഭിച്ചെന്നും കോടതി വിധിയില്‍ തൃപ്തിയുണ്ടെന്നും പ്രതീക്ഷിച്ച വിധിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാ വിധിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ചോദിച്ചുവരുന്നവര്‍ക്ക് ഒരാളും ഇനി മകളെ വിവാഹം കഴിച്ചു കൊടുക്കാതിരിക്കുക. വിദ്യാഭ്യാസവും കഴിയുമെങ്കില്‍ ഒരു ജോലിയും കൂടി നേടിക്കൊടുത്ത് വിവാഹം കഴിപ്പിക്കുക.
വിവാഹം എന്നത് രണ്ടാമത്തെ ഘടകം മാത്രമാണ്. കുട്ടിക്ക് വിദ്യാഭ്യാസം കൊടുക്കുക ജോലി സംഘടിപ്പിക്കുക, അനുഭവം ഉള്ളതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഈ കോടതിക്ക് അകത്ത് ഇരുന്ന് ഞാന്‍ ഉരുകുകയായിരുന്നു. ഒരച്ഛനും ഇങ്ങനെ ഒരു അനുഭവം വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.
മകളുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന രീതിയില്‍ വന്നതൊക്കെ തെറ്റായ വാര്‍ത്തകള്‍ ആണ്. 4,80,000 വോയ്‌സ് റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നു. ഇതൊക്കെ കിരണിന്റെ ഫോണിലാണ് ഉണ്ടായിരുന്നത്. അത് അത്രയും കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ കയ്യില്‍ തുച്ഛമായ കോളുകളേ ഉണ്ടായിരുന്നുള്ളൂ, വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.
കേസിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ തനിക്കും കുടുംബത്തിനുമൊപ്പം നിന്നു. പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥരും ഒപ്പം നിന്നെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു.
കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറോടും ഡി.വൈ.എസ്.പി സാറിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.
പരമാവധി ശിക്ഷ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്റെ മകള്‍ക്ക് സംഭവിച്ചതുപോലെ വേറെ ഒരു മക്കള്‍ക്കും ഇനി സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയാണ് ഉള്ളത്. ഈ വിധി അതിന് ഉപകരിക്കട്ടേയെന്ന് വിചാരിക്കുകയാണ്.
മകളുടേതായ കുറേ ഓഡിയോ ക്ലിപ്പുകള്‍ ഉണ്ട്. അതില്‍ പുറത്തുവന്നത് രണ്ടോ മൂന്നോ എണ്ണം മാത്രമാണ്. മൊത്തത്തില്‍ കേള്‍ക്കുമ്പോഴേ അത് അറിയുകയുള്ളൂ. ഈ അവസ്ഥയില്‍ എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല, വിസ്മയയുടെ അമ്മ പറഞ്ഞു.
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കിരണിനെതിരെയുള്ള ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന പീഡനക്കുറ്റവും തെളിഞ്ഞു. കിരണ്‍ കുമാറിന് സുപ്രീംകോടതി അനുവദിച്ച ജാമ്യവും അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കി. ശിക്ഷ നാളെ വിധിക്കും.
വിസ്മയയുടെ മരണത്തിന് 11 മാസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നാല് മാസത്തോളമാണ് കേസിന്റെ വിചാരണ നീണ്ടുനിന്നത്.
41 സാക്ഷികളും 16 തെളിവുകളുമാണ് കേസിലുണ്ടായിരുന്നത്.
വിസ്മയയുടെ ഭര്‍ത്താവായിരുന്ന കിരണ്‍ കുമാറിനെതിരെ ആത്മഹത്യാ പ്രേരണ അടക്കം ഒമ്പതു വകുപ്പുകള്‍ ആണ് ചുമത്തിയിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, കേസില്‍ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ തെളിവുകളായിരുന്നു പുറത്തുവന്നത്. വിലകൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയോട് കിരണ്‍ കലഹിക്കുന്നതിന്റെ സംഭാഷണങ്ങളായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നായിരുന്നു ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു.
വിസ്മയയുടെ മരണത്തെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. വിചാരണക്കിടെ കിരണിന്റെ പിതാവ് സദാശിവന്‍പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോകളും വിസ്മയ വീട്ടുകാര്‍ക്ക് അയച്ചുനല്‍കിയിരുന്നു. ഈ തെളിവുകളും കേസില്‍ നിര്‍ണായകമായി.
Content Highlight: Vismaya Father comment after Court Verdict