| Wednesday, 1st November 2017, 9:23 am

ഒരു ദിവസം 13 പേര്‍ സന്ദര്‍ശിച്ചു; ജയിലില്‍ ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയില്‍ രേഖകള്‍. സഹപ്രവര്‍ത്തകര്‍ അപേക്ഷ പോലും കൊടുക്കാതെയാണ് ദിലീപിനെക്കാണാന്‍ ജയിലെത്തിയത്.

നടന്‍ സിദ്ദീഖ് ഇത്തരത്തില്‍ അപേക്ഷ കൊടുക്കാതെയാണ് ദിലീപിനെ സന്ദര്‍ശിച്ചത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.


Also Read: ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; മതപരിവര്‍ത്തനം നടത്താറുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട്: ഇന്ത്യ ടുഡേ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത്


നടനും എം.എല്‍.എയുമായ ഗണേശ് കുമാര്‍ കേസ് ചര്‍ച്ച ചെയ്യാനാണ് ജയിലിലെത്തിയത്. നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൊടുക്കാനുള്ള അനുമതി നല്‍കിയത്.

ഒരു ദിവസം 13 പേരെ സന്ദര്‍ശനത്തിനായി അനുവദിച്ചെന്നും രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്.

ദിലീപിനെക്കാണാന്‍ സിനിമാ മേഖലയിലുള്ളവര്‍ നിരന്തരം ജയിലിലെത്തുന്നത് കേസ് അട്ടിമറിക്കാനാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിലീപിന്റെ ഔദാര്യം പറ്റിയവരെല്ലാം അദ്ദേഹത്തിന്റെ കൂടെ നില്‍ക്കണമെന്ന് ഗണേശ് കുമാര്‍ പറഞ്ഞതും വിവാദമായിരുന്നു.


Also Read: ‘മോദിക്ക് എന്നെ ഭയമാണെന്ന് പറഞ്ഞിട്ടില്ല’ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് സിദ്ധരാമയ്യ


അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. നടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴിമാറ്റിയത്.

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നു എന്നായിരുന്നു ജീവനക്കാരന്റെ മൊഴി. എന്നാല്‍ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിട്ടില്ലെന്നാണ് ഇയാള്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more