| Monday, 8th February 2016, 10:58 am

എട്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്: ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് മുന്‍പ് ഏഴു തവണയും ഭീകരാക്രമണത്തിന് ശേഷം ഒരു പ്രാവശ്യവും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. സഈദ് ദാവൂദ് ഗീലാനി എന്ന പേരില്‍ നിന്നും ഹെഡ്‌ലി ആയത് മുംബൈ ഭീകരാക്രമണം നടത്തുന്നതിന് വേണ്ടിയാണെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. ലഷ്‌കര്‍ നേതാവായ സാജിദ് മിറിന്റെ നിര്‍ദേശ പ്രകാരമാണ് ഏഴു തവണ ഇന്ത്യയിലെത്തിയത്.മുംബൈയില്‍ ഭീകരാക്രമണത്തിന് മറ പിടിക്കാന്‍ പുതിയ ഓഫീസ് തുറക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടതായും ഹെഡ്‌ലി വെളിപ്പെടുത്തി.

ഇന്ത്യയിലേക്ക വിസക്ക് അപേക്ഷിക്കുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയിരുന്നതായും ഹെഡ്‌ലി പറഞ്ഞു. മുംബൈയില്‍ പ്രത്യേക ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹെഡ്‌ലി മൊഴി നല്‍കിയത്. ഭീകരാക്രമണ കേസില്‍ അമേരിക്കയില്‍ 35 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഹെഡ്‌ലി. പാക്-അമേരിക്കന്‍ വംശജനാണ് ഹെഡ്‌ലി.

ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വിദേശ ഭീകരനില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുക്കുന്നത്. ഹെഡ്‌ലിയുടെ വെളിപ്പെടുത്തലോടെ മുംബൈ ഭീകരാക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

ഭീകരാക്രമണം നടത്തുന്നതിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണ ഉണ്ടായിരുന്നെന്ന് ഹെഡ്‌ലി  വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ഐ.എസ്.ഐ ഉദ്യോഗസ്ഥരായ മേജര്‍ ഇഖ്ബാല്‍, സമീര്‍ അലി, ബ്രിഗേഡിയര്‍ നവാസ് എന്നിവരുടെ പേരുകളാണ് ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നത്. ദല്‍ഹിയില്‍ ഉപരാഷ്ട്രപതിയുടെ ഔദ്യോഗികവസതി, ഇന്ത്യാഗേറ്റ്, സി.ബി.ഐ. ആസ്ഥാനം എന്നിവയും താന്‍ നിരീക്ഷിച്ചിരുന്നെന്നും ഹെഡ്‌ലി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more