ജോധ്പൂര്‍: പെണ്‍സുഹൃത്തിനെ സന്ദര്‍ശിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. മരത്തില്‍ കെട്ടിയിടുകയും അടിക്കുകയും മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൃഗീയ പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ സംഭവത്തില്‍ ജോധ്പൂര്‍ പൊലീസ് കേസെടുത്തു. സമീപവാസികള്‍ തന്നെയാണ് അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതും.
നിലവില്‍ പോക്‌സോ കേസ് ചുമത്തിയാണ് അക്രമകാരികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചുവെന്ന പേരില്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഭീഷണിപ്പെടുത്തി മൂത്രം കുടിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവമറിഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി നാട്ടുകാരോട് വിട്ടയക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.
മര്‍ദ്ദനത്തിരയായ യുവാവിന്റെ ഭാഗത്ത് നിന്ന് പരാതിയുമായി ആരും വന്നില്ലെന്നും പൊലീസ് ഇരയെ അന്വേഷിച്ച് ചെന്ന് എഫ്.ഐ.ആര്‍ ഇടുകയായിരുന്നെന്നും ജലോര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഹര്‍ഷവര്‍ദ്ധന്‍ അഗര്‍വാല വീഡിയോ വഴി അറിയിച്ചിട്ടുണ്ട്. ആറ് പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ പെണ്‍കുട്ടി യുവാവിനെതിരെയും പോക്‌സോ കേസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതി കേട്ട് വേണ്ടുന്ന അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ ഇതിന് മുമ്പും ഇത്തരത്തില്‍ മര്‍ദ്ദനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദളിത് യുവാവിനെ പണമിടപാടിന്റെ പേരില്‍ മൂത്രം കുടിപ്പിച്ചിരുന്നു. അതിനെതിരെ വലിയ പ്രതിഷേധം തന്നെയാണ് രാജസ്ഥാനില്‍ ഉയര്‍ന്നിരുന്നത്.
Content Highlight: Visited girlfriend; In Rajasthan, a young man was forced to drink urine