ശോഭാസുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍
Kerala News
ശോഭാസുരേന്ദ്രന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2018, 3:36 pm

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമര പന്തല്‍ സന്ദര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍. കാസര്‍ഗോഡുള്ള മുസ്‌ലിം നേതാക്കളായ ബി.കെ യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ബി.ജെ.പി സമരപ്പന്തലില്‍ നിരാഹാര സമരം കിടക്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സന്ദര്‍ശിച്ചത്.

വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ യുവജനയാത്രയുടെ സമാപന സമ്മേളനത്തിനെത്തിയ നേതാക്കളാണ് ബി.ജെ.പി സമരപന്തല്‍ സന്ദര്‍ശിച്ചത്. ശോഭാ സുരേന്ദ്രനൊപ്പം ലീഗ് നേതാക്കളിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Read Also : മുഖ്യമന്ത്രിയും കൂട്ടരും ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ; ശോഭാ സുരേന്ദ്രന്റെ സമരപന്തലില്‍ സുരേഷ് ഗോപി

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധങ്ങളുണ്ടായിരുന്നു. ശബരിമല ഭക്തര്‍ക്കെതിരെയടക്കം അക്രമങ്ങള്‍ അഴിച്ചു വിടുകയും അകാരണമായി അഞ്ചോളം ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു. കലാപാഹ്വാനം നടത്തിയും ജനജീവിതത്തെ വെല്ലുവിളിച്ചു കൊണ്ടും ബി.ജെ.പി നടത്തിയ സമരത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ബി.ജെ.പി സമരപന്തല്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിക്കുന്നത്.

Read Also : തച്ചക്കുട്ടി പപ്പുവും മുണ്ടയില്‍ കോരനും പിണറായി വിജയനും

മുസ്‌ലിം ലീഗ് നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നേരത്തെ മന്ത്രി കെ.ടി ജലീലുമായി വേദി പങ്കിട്ട പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.മിഥുനയെ ലീഗില്‍ നിന്നും സംസ്‌പെന്‍ഡ് ചെയ്തിരുന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ തീരുമാനം മറികടന്ന് കരിപ്പൂര്‍ ഉണ്യാല്‍പ്പറമ്പിലെ കോണത്തുമാട് കുടിവെളള പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ടി ജലീലിനൊപ്പം വേദി പങ്കിട്ടതാണ് പ്രസിഡന്റിനെതിരെ നടപടി വന്നത്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഇത് നടപ്പിലാക്കാന്‍ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയോട് ശുപാര്‍ശയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി വേദി പങ്കിട്ട ലീഗ് നേതാക്കളെ വിമര്‍ശിക്കുന്നത്.

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ പിന്തുണയോടെ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില്‍ വര്‍ഗീയ മതിലെന്നാക്ഷേപിച്ചുകൊണ്ട് മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. വര്‍ഗീയ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു കാരണമുള്ള അപകടകരമായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്നായിരുന്നു എം.കെ മുനീര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി നിയമസഭയില്‍ പറഞ്ഞത്.

ലീഗ് നേതാക്കളുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എതിരാളികള്‍ ഇതും കൂടി ചോദ്യം ചെയ്യുന്നുണ്ട്.