മംഗളൂരു: ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ച് ഷിരൂര്‍ മഠാധിപതി ലക്ഷ്മിവര തീര്‍ഥസ്വാമിക്ക് എതിരെ ആരോപണവുമായി ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ത്ഥസ്വാമി.
ലക്ഷ്മിവരക്ക് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും നിരന്തരം മദ്യം കഴിക്കാറുണ്ടായിരുന്നെന്നും വിശ്വേശ തീര്‍ത്ഥ ആരോപിച്ചു. ഈ സ്ത്രീകളുമായി ഉണ്ടായ തര്‍ക്കമോ ഷിരൂര്‍ മഠത്തിലെ പ്രശ്‌നങ്ങളോ ആയിരിക്കാം ലക്ഷ്മി വരയുടെ മരണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പേജാവര്‍ മഠത്തില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിശ്വേശ തീര്‍ത്ഥയുടെ ആരോപണം. ലക്ഷ്മിവരയ്ക്ക് മക്കളുണ്ടായിരുന്നെന്നും ഇത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീബന്ധങ്ങളും മദ്യപാനത്തെയും തുടര്‍ന്ന് ശൃംഗേരി മഠാധിപതിയുടെ അധ്യക്ഷതയില്‍ 15 മഠാധിപതികള്‍ യോഗം ചേര്‍ന്ന് ലക്ഷ്മിവരതീര്‍ഥയെ ശാസിച്ചിരുന്നെന്നും വിശ്വേശ്വതീര്‍ഥ വെളിപ്പെടുത്തി.
അഷ്ടമഠങ്ങളിലെയും മഠാധിപതികള്‍ക്ക് ലക്ഷ്മിതീര്‍ഥയുടെ മരണത്തില്‍ പങ്കില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിവര മരണപ്പെട്ടതായി കണ്ടത്. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ഹിരിയട്ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വാമിയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുള്ളു.