ചെന്നൈ: കമലഹാസന്റെ വിശ്വരൂപം സിനിമയ്‌ക്കെതിരെയുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. ഇത്തവണ മുസ്‌ലീം സംഘടനകളാണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്.[]
മുസ്‌ലിംകളെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്നുണ്ടോ എന്നറിയാന്‍ 24 മുസ്‌ലിം സംഘടനകള്‍ക്കായി സിനിമ മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കാന്‍ കമലഹാസന്‍ തയാറാകണമെന്ന് തമിഴ്‌നാട് മുസ്‌ലിം മൂവ്‌മെന്റ്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് കോണ്‍ഫഡറേഷന്‍ അറിയിച്ചു. അല്ലാത്തപക്ഷം സിനിമയ്‌ക്കെതിരെ രംഗത്തെത്തുമെന്നും സംഘടന വ്യക്തമാക്കി.
അതേസമയം ചിത്രം ഇസ്‌ലാമിനെ കുറിച്ചോ തീവ്രവാദത്തെ കുറിച്ചോ അല്ല പറയുന്നതെന്നും ഇതിന്റെ പേരില്‍ ഒരു സമുദായത്തേയും വേദനിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.
ചിത്രം തിയറ്ററിലെത്തും മുമ്പേ ഡി.ടി.എച്ച് സംപ്രേഷണത്തിന് അനുവാദം നല്കിയത് തന്നെ ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു.
ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ഡി.ടി.എച്ച് വഴി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകള്‍ അറിയിച്ചിരുന്നു.
പൊങ്കല്‍ദിനത്തിലാണ് വിശ്വരൂപം വിവിധ ഭാഷകളില്‍ തിയേറ്ററിലെത്തുന്നത്. എന്നാല്‍, ഈ മാസം പത്തിന് ഡി.ടി.എച്ചില്‍ സിനിമ സംപ്രേഷണം ചെയ്യും.
രാഹുല്‍ ബോസ്, ആന്‍ഡ്രിയ ജെറിമി, പൂജ കുമാര്‍, ജയ്ദീപ് അലാവത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. “വിശ്വരൂപ്” എന്ന പേരില്‍ ചിത്രം ഹിന്ദിയിലും പുറത്തിറങ്ങുന്നുണ്ട്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് എടുത്ത ചിത്രമാണ് വിശ്വരൂപം.