| Friday, 25th January 2013, 1:27 pm

വിശ്വരൂപത്തിന്റെ പ്രദര്‍ശനം ഹൈദരാബാദിലും തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കമല്‍ഹാസന്റെ വിശ്വരൂപത്തിന്റെ പ്രദര്‍ശനം ഹൈദരാബാദില്‍ തടഞ്ഞു. ആന്ധ്ര ആഭ്യന്തരമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ നിര്‍ദേശമനുസരിച്ചാണ് പോലീസ് പ്രദര്‍ശനം തടഞ്ഞത്. തമിഴ്‌നാട്ടില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിങ് നീട്ടിവെച്ചിരുന്നു.[]

അതേസമയം കേരളത്തിലെ എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സര്‍ക്കാര്‍ തീയറ്ററുകളിലും ബി,സി ക്ലാസ് തീയറ്ററുകളിലും പ്രദര്‍ശനം തുടങ്ങി. എന്നാല്‍ പാലക്കാട് ശ്രീദേവിദുര്‍ഗ തീയറ്ററിലും കോട്ടയം ഏറ്റുമാനൂരിലെ തീയറ്ററിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ മുസ്‌ലീം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

പാലക്കാട്ട് ഒരു തിയറ്ററില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അതുതന്നെ പോലീസ് സംരക്ഷണത്തിലായിരുന്നു. ഏഴിടങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇനി സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് പാലക്കാട്ടെ ടൗണിലുള്ള തീയറ്ററുകള്‍ തീരുമാനിച്ചു.

പാലക്കാട് ശ്രീദേവി ദുര്‍ഗ തീയറ്ററില്‍ തമിഴ്‌നാട്ടില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു. തീവ്രവാദം പ്രമേയമാക്കി കമല്‍ഹാസന്‍ ബിഗ്ബജറ്റില്‍ ഒരുക്കിയ വിശ്വരൂപത്തിനെതിരെ മുസ്‌ലീം സംഘടനങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ചിത്രത്തിന്റെ റിലീംസിങ് തടഞ്ഞത്.

ഇതിനെതിരേ കമല്‍ഹാസന്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച ജഡ്ജി ചിത്രം കണ്ട ശേഷമാകും പ്രദര്‍ശനാനുമതി നല്‍കണോയെന്ന് തീരുമാനിക്കുക.

We use cookies to give you the best possible experience. Learn more