ബഹുഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമല്ല ജനാധിപത്യം. അത് ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിന് കൂടി ബാധ്യതപ്പെട്ടതാണ്. മോദി ജനവഞ്ചകനായ പ്രധാനമന്ത്രിയാണെന്നും സ്വാമി ആരോപിച്ചു.
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലയ്ക്ക് വെളിവില്ലാത്തവന്‍ എന്ന് വിളിച്ച തന്നെക്കൊണ്ട് അത് തിരുത്തിപ്പറയിപ്പിച്ചവരുടെ തലയ്ക്ക് അകത്ത് എന്തെന്ന് പടച്ചതമ്പുരാന് അറിയാമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി.
മോദി തലയ്ക്ക് വെളിവില്ലാത്തവനാണെന്ന തന്റെ പ്രസ്താവന പലരെയും വിഷമിപ്പിക്കുന്നുണ്ടെന്നെന്നും സ്വാമി വിശ്വഭദ്രാനന്ത ശക്തിബോധി പറഞ്ഞു.
നരേന്ദ്രമോദിക്ക് തലയ്ക്ക് വെളിവില്ലെന്ന് പറഞ്ഞാല്‍ അതിനെ തിരുത്തി മതസൗഹാര്‍ദ്ദമുണ്ടാക്കാന്‍ പോകുന്ന വിശ്വമതപണ്ഡിതന്‍മാരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ അവരോട് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കാനുള്ള സമയം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യകണ്ടതില്‍ വെച്ച് ഏറ്റവും ജനവഞ്ചകനായ ആര്‍.എസ്.എസ് പ്രചാരകനാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന് തലയ്ക്ക് വെളിവില്ലെന്ന് ഞാന്‍ പറഞ്ഞു.
ഒരാള്‍ വിവരദോഷിയാാണെന്ന് പറയുന്നത് ഒരു തരത്തില്‍ ഗുണമാണ്. കാരണം വിവരമില്ലായ്മ ഒരു കുറ്റമല്ല. എന്നാല്‍ തലയ്ക്ക് വിവരമില്ലാത്തുകൊണ്ട് മോദി ചെയ്യുന്നതല്ല ഇതൊന്നും. മറിച്ച് എല്ലാം അറിഞ്ഞുകൊണ്ടുള്ള വഞ്ചനയാണ്
അദ്ദേഹം നടത്തുന്നത്.
ഞാന്‍ ഇത് പറയുമ്പോള്‍ നേരത്തെ തന്റെ പ്രയോഗം തിരുത്തിയ വിശ്വമതപണ്ഡിതന്‍മാര്‍ക്ക് മുന്‍പ് ഞാന്‍ നടത്തിയ പ്രയോഗം തന്നെയായിരുന്നു നല്ലതെന്ന് തോന്നിയേക്കാം.
ഗോര്‍ബച്ചേവിനെ പോലെ നിയമങ്ങള്‍ നടപ്പിലാക്കി നടപ്പിലാക്കി സോവിയറ്റ് യൂണിയനെ തകര്‍ത്തത് പോലെ ഇന്ത്യാ രാജ്യത്തെ തകര്‍ത്ത് ഏതെങ്കിലുമൊരു വിദേശരാജ്യത്ത് പോയി ഒരു മദാമയെ കല്യാണം കഴിച്ച് മോദി കൂടിയാലും സംശയിക്കേണ്ടതില്ലെന്നും ശക്തിബോധി പറഞ്ഞു.
ആര്‍.എസ്.എസ് പ്രചാരകരായ ഗോവിന്ദാചാരിയും വാജ്‌പേയി മന്ത്രിസഭയിലെ പ്രിയങ്കരനായിരുന്ന അരുണ്‍ ഷൂരിയുമൊക്കെ മോദിക്കെതിരായി ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. അവര്‍ പോലും പറയുന്നു നരേന്ദ്രമോദി ചെയ്തത് വിഡ്ഡിത്തമാണെന്ന്. ഈ വിഡ്ഡിത്തം ചെയ്ത ആളുടെ തലക്ക് വെളിവില്ലായെന്ന് ഞാന്‍ പറഞ്ഞതാണ് ഇപ്പോള്‍ പലരേയും വേദനിപ്പിക്കുന്നത്. അവരുടെ തലയ്ക്കകത്ത് എന്താണെന്ന് പടച്ച തമ്പുരാനേ അറിയൂ.
ഞാന്‍ കപടസ്വാമിയാണെന്നും ന്യൂനപക്ഷത്തിന്റെ കയ്യടികിട്ടാനാണ് ഇത്തരം പ്രംസഗങ്ങള്‍ നടത്തുന്നതെന്നുമാണ് രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നത്.
മോദിയെ ഹിറ്റ്‌ലര്‍ ഹിറ്റ്‌ലര്‍ എന്ന് വിളിച്ച് അധിക്ഷേപിക്കാത്തവരുടെ ഐക്യമാണ് വേണ്ടതെന്നും പറയും.
കാന്തപുരത്തെപ്പോലെ സംയമനത്തില്‍ സംസാരിക്കുന്ന പണ്ഡിതന്‍മാര്‍ ആണ് നാടിനാവശ്യമെന്ന് രാലുല്‍ ഈശ്വര്‍ പറയുന്നു. എന്നാല്‍ ന്യൂനപക്ഷത്തെ സംരക്ഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുകയെന്ന ഭരണഘടനാപരമായ കര്‍ത്തവ്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും രാഹുല്‍ ഈശ്വറിന് മറുപടിയായി വിശ്വഭദ്രാനന്ദ ശക്തിബോധി വ്യക്തമാക്കി.
ഏകസിവില്‍ കോഡിനെതിരെ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സംഘടിപ്പിച്ച സമ്മേളനത്തിലാണ് സ്വാമി മോദിക്കെതിരെ തുറന്നടിച്ചത്.
നേരത്തെ കാന്തപുരം വിഭാഗം സംഘടിപ്പിച്ച എ.പി വിഭാഗം സമസ്തയുടെ അവകാശ സംരക്ഷണ സമ്മേളത്തിലായിരുന്നു വിശ്വഭദ്രാനന്ദയുടെ മോദിക്കെതിരായ പരാമര്‍ശം.
രാജ്യത്തെ പ്രധാനമന്ത്രി തലയ്ക്ക് വെളിവില്ലാത്തവനാണെന്ന് പരിഹാസഭാവത്തോടെ പറഞ്ഞ സ്വാമി ആ വാക്ക് തന്റെ പ്രസംഗത്തിലുടനീളം അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഗുജറാത്തില്‍ നിന്നുള്ള തലയ്ക്ക് വെളിവില്ലാത്തവനാണ് ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്നത് എന്നായിരുന്നു ശക്തിബോധിയുടെ പരാമര്‍ശം. അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ തന്റെ നാക്ക് മലിനമാകുമെന്നും സ്വാമി പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള മറ്റൊരു ആളായ ഗാന്ധിജി പ്രതിനിധീകരിക്കുന്ന ഹിന്ദുവാണ് താനെന്നും ആ നിലയ്ക്ക് പരിപാടിക്ക് ആശംസ നേരുന്നുവെന്നും പറഞ്ഞ് വിശ്വഭദ്രാനന്ദ പ്രസംഗം അവസാനിപ്പിച്ചു.
എന്നാല്‍ പ്രസംഗം നിര്‍ത്തി തന്റെ സമീപമിരുന്ന സ്വാമിയോട് വ്യക്തിഹത്യനടത്താന്‍ പാടില്ലെന്ന് കാന്തപുരം പറയുകയായിരുന്നു തുടര്‍ന്ന് വീണ്ടും പ്രസംഗ പീഠത്തിലെത്തിയ വിശ്വഭദ്രാനന്ദ തന്റെ വാക്കുകള്‍ പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു.
“ഞാനിവിടെ ഉപയോഗിച്ച ഒരു പദം അല്‍പം തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് തോന്നുന്നു. അത് തലയ്ക്ക് വെളിവില്ലാത്ത ആള് എന്ന പദമാണ്. കാര്യമൊക്കെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. പക്ഷെ അത് ഞാന്‍ ഈ വേദിയില്‍ പറയുന്നത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നത് കൊണ്ട്, അത് മറ്റു വേദികളില്‍ ഉപയോഗിക്കാനായി എന്റ നിഘണ്ടുവില്‍ ഏറ്റവുമാദ്യം തന്നെ സൂക്ഷിച്ചുകൊണ്ട് ഇവിടെ ആവാക്ക് പിന്‍വലിക്കുന്നതായി അറിയിക്കുന്നു.” ഇതായിരുന്നു വിശ്വഭദ്രാനന്ത ശക്തി ബോധിയുടെ വാക്കുകള്‍.
Dont Miss മോദീ, കള്ളപ്പണത്തിന്റെ എലി എത്ര വലുതായാലും അതിന്റെ പേരില്‍ രാജ്യം ചുടരുത്: ചരിത്രവും ജനങ്ങളും താങ്കള്‍ക്ക് മാപ്പ് തരില്ലെന്ന് കത്തോലിക്കാ സഭ
അതേസമയം തന്റെ സംഘടനയിലുള്ളവരെ പോലും തെറിപറയുമ്പോള്‍ പ്രതികരിക്കാത്ത കാന്തപുരം മോദിയെ വിമര്‍ശിക്കുമ്പോള്‍ മാത്രം ശക്തമായി രംഗത്തെത്തുന്നതിനെതിരെയും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മോദി ഭരണത്തെ പ്രശംസിച്ചുകൊണ്ടുള്ള നിലപാടാണ് ഇതുവരെ കാന്തപുരം എടുത്തത്. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണെന്നുമായിരുന്നു ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അടുത്തിടെ കാന്തപുരം പറഞ്ഞത്.