| Thursday, 22nd December 2022, 7:34 pm

'സ്‌കൂളില്‍ മദ്രസ മാതൃകയില്‍ പ്രാര്‍ത്ഥന'; വിശ്വഹിന്ദു പരിഷത്തിന്റെ ആരോപണത്തില്‍ അധ്യാപകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സര്‍ക്കാര്‍ സ്‌കൂളില്‍ മദ്രസ മാതൃകയില്‍ പ്രാര്‍ത്ഥന നടത്തിയെന്ന വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ആരോപണത്തില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ഫരീദ്പൂരിലാണ് സംഭവം.

ഫരീദ്പൂര്‍ ഗവ. ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ നാഹിദ് സിദ്ദീഖി, അധ്യാപകന്‍ വസീറുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

അധ്യാപകര്‍ മദ്രസയിലേത് പോലെ സ്‌കൂളില്‍ പ്രാര്‍ത്ഥന നടത്തിയെന്ന ആരോപണവുമായി വി.എച്ച്.പി സിറ്റി പ്രസിഡന്റ് സോംപാല്‍ റാത്തോറാണ് പൊലീസില്‍ പരാതി നല്‍കിയത്.

സ്‌കൂളിലെ പ്രാര്‍ത്ഥന ഹിന്ദു ഭൂരിപക്ഷ പ്രദേശത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും വി.എച്ച്.പി നേതാവ് പരാതിയില്‍ ആരോപിച്ചിരുന്നു.

വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മതംമാറ്റാന്‍ ശ്രമിച്ചതായും വി.എച്ച്.പി നേതാക്കള്‍ ആരോപിച്ചതായി ബേസിക് ശിക്ഷാ അധികാരി (ബി.എസ്.എ) വിനയ് കുമാര്‍ പറഞ്ഞു.

പ്രിന്‍സിപ്പാള്‍ നാഹിദ് സിദ്ദീഖിയുടെ നിര്‍ദേശപ്രകാരം വസീറുദ്ദീന്‍ ഏറെക്കാലമായി ‘മദ്രസ മാതൃകയിലുള്ള പ്രാര്‍ഥന’ നടത്തുകയായിരുന്നെന്നും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതായും ബി.എസ്.എ അറിയിച്ചു.

വിഷയത്തില്‍ പ്രിന്‍സിപ്പാളില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും, അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ബി.എസ്.എ അറിയിച്ചു.

അതേസമയം, സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും, പ്രിന്‍സിപ്പാളിനും അധ്യാപകനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

Content Highlight: Vishwa Hindu Parishad (VHP) allegation; Principal, Teacher Booked for Reciting ‘madrassa-type Prayer’ in UP School

We use cookies to give you the best possible experience. Learn more