ന്യൂദല്‍ഹി: മുസ്‌ലിം വിരുദ്ധതയ്ക്ക് വേദിയായി വീണ്ടും വിശ്വ ഹിന്ദു പരിഷത്തിന്റെ റാലി. ഞായറാഴ്ച ദല്‍ഹിയിലെ രാംലീല മൈതാനത്ത് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) ഉള്‍പ്പെടെ ഹിന്ദുത്വ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ റാലിയിലാണ് മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടന്നത്.
കഴിഞ്ഞ ദിവസം മനീഷ് എന്ന യുവാവിനെ അക്രമകാരികള്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനകള്‍ ‘ഹിന്ദു വിരാട് സഭ’ എന്ന പേരില്‍ റാലിയുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ ഹിന്ദുത്വര്‍ക്കെതിരെ അക്രമം നടത്തുന്നവരുടെ കൈകള്‍ വെട്ടിമാറ്റണമെന്നും അവരുടെ കച്ചവടം ബഹിഷ്‌ക്കരിക്കണമെന്നുമായിരുന്നു റാലിയിലെ പ്രധാന ആഹ്വാനങ്ങള്‍. ഇവയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഹിന്ദുക്കളോട് ലൈസന്‍സുള്ളതോ ഇല്ലാത്തതോ ആയ തോക്കുകള്‍ എടുക്കണമെന്നും, രാജ്യത്തിന്റെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പൊരുതണമെന്നും മത നേതാവായ മഹാന്ത് നവാല്‍ കിഷോര്‍ ദാസ് പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ദാസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വാദങ്ങള്‍ നിരസിച്ചതായാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
താന്‍ ആരോടും തോക്കുകള്‍ എടുക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല. ഞാന്‍ പറഞ്ഞത് എല്ലാവരും ഒരുമിച്ച് ചേരണമെന്നാണ്. ആയുധം കൊണ്ട് ഉദ്ദേശിച്ചത് കല്ലോ ലാത്തിയോ ആണ്. അതും രാജ്യത്തിന്റെ വിശ്വാസത്തെ സംരക്ഷിക്കാന്‍ വേണ്ടി മാത്രം. ആറു വയസുകാരനായ കുട്ടിയെ കൊല്ലുന്നത് കണ്ട് ആസ്വദിച്ച നാടാണിത്.
ജിഹാദികള്‍ക്കെതിരെ പോരാടണം. എന്നാല്‍ മാത്രമേ രാജ്യത്തിന് രക്ഷയുണ്ടാകൂ. അതിന് വേണ്ടി വന്നാല്‍ ആയുധമെടുക്കണം. പൊലീസിനൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണം,’ ദാസ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മതനേതാവായ ജഗത് ഗുരുവും സമാന വാദവുമായി റാലിയില്‍ എത്തിയിരുന്നു. ഹിന്ദുത്വര്‍ ഒന്നിച്ചുകൂടാത്ത പക്ഷം ജിഹാദികള്‍ ഹിന്ദുത്വ വിശ്വാസികളെ തേടിപ്പിടിച്ച് കൊലപ്പെടുത്തുമെന്നും ഹിന്ദുക്കള്‍ ഒന്നിച്ചു ചേരണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഹിന്ദുക്കള്‍ ഒന്നിച്ചുകൂടാത്ത പക്ഷം ജിഹാദികള്‍ ഹിന്ദുത്വ വിശ്വാസികളെ തേടിപ്പിടിച്ച് കൊലപ്പെടുത്തും. അതുകൊണ്ടാണ് ഹിന്ദുക്കളോട് സംഘടിക്കാന്‍ ആവശ്യപ്പെടുന്നത്.
ആരെങ്കിലും ഹിന്ദു ക്ഷേത്രങ്ങളെയോ ഹിന്ദു സ്ത്രീകളെയോ കുടുംബങ്ങളെയോ ലക്ഷ്യം വെക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ വിരലുകളല്ല, കൈകള്‍ മുറിച്ചുമാറ്റുക. ആവശ്യമെങ്കില്‍ തലയറുക്കുക. ഇതൊക്കെ ചെയ്താലും കൂടിപ്പോയാല്‍ എന്ത് സംഭവിക്കും? ഒന്നോ രണ്ടോ പേര്‍ തൂക്കിലേറ്റപ്പെടും. സാരമില്ല.
അത് വെറും നിയമമാണ്. ഹിന്ദുക്കളെ കൊല്ലുന്ന മുസ്‌ലിം തീവ്രവാദികളെ സംരക്ഷിക്കാനുള്ള നിയമം. കാരണം ജിഹാദികള്‍ ഒന്നല്ല, ഒരു കൂട്ടമാണ്. അവര്‍ 14 പേരെ വരെ കല്യാണം കഴിക്കുകയാണ്. വീണ്ടും തലമുറകള്‍ സൃഷ്ടിക്കുകയാണ്. അവരെ കൊന്നൊടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്,’ ജഗത് ഗുരു പറയുന്നു.
അതേസമയം സുന്ദര്‍ നഗരിയും നന്ദ് നഗരിയും ‘പന്നി’കളുടെ സ്ഥലമായി മാറിയിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി എം.എല്‍.എ നന്ദ് കിഷോര്‍ ഗുര്‍ജാറിന്റെ പരാമര്‍ശം. ആം ആദ്മി സര്‍ക്കാര്‍ ട്രെയിന്‍ നിറച്ച് ജിഹാദികളെ കൊണ്ടുവരികയാണ്. മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും 30 ലക്ഷത്തിലധികം ജിഹാദികളാണ് ദല്‍ഹിയിലെത്തിയിരിക്കുന്നതെന്നും ഗുര്‍ജാര്‍ പറഞ്ഞു.
ജിഹാദികളെ എത്തിച്ചതിന് അരവിന്ദ് കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഗുര്‍ജാര്‍ പറയുന്നുണ്ട്. അതേസമയം മുസ്‌ലിങ്ങളുടെ വ്യാപാരം ബഹിഷ്‌ക്കരിക്കണമെന്നാണ് ബി.ജെ.പി എം.പി പര്‍വേശ് വര്‍മയുടെ പരാമര്‍ശം.
അതേസമയം മനീഷിന്റെ മരണം വര്‍ഗീയമായി കണക്കാക്കേണ്ടതില്ലെന്നാണ് ദല്‍ഹി പൊലീസിന്റെ വിശദീകരണം. ദല്‍ഹിയിലുള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ നിലനില്‍ക്കുന്നതിനിടെയാണ് വന്‍ ജനാവലി റാലിയില്‍ പങ്കെടുക്കാനെത്തിയത്.
Content Highlight: Vishwa hindu parishad rally promoting hate speech against muslims, says hindus should boycott jihadi’s business and even behead them if needed