റായ്പൂര്‍: ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മാക്കണമെന്ന ആവശ്യവുമായി പദയാത്ര പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി). ഛത്തീസ്ഗഢിലാണ് വി.എച്ച്.പി ‘ഹിന്ദു സ്വാഭിമാന്‍ ജാഗരണ്‍ സന്ത് പദയാത്ര’ എന്ന പേരില്‍ കാല്‍നട യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുന്നത്.
ഫെബ്രുവരി 18ന് ആരംഭിക്കുന്ന യാത്ര, ഒരു മാസത്തിനുള്ളില്‍ ഛത്തീസ്ഗഢില്‍ 700 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് വി.എച്ച്.പി അറിയിച്ചു.
‘മാ മഹാമായ, മാ ചന്ദ്രഹാസിനി, മാ ബാംബ്ലേശ്വരി, മാ ദന്തേശ്വരി എന്നീ നാല് സ്ഥലങ്ങളില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സംസ്ഥാനത്തെ 33 ജില്ലകളിലൂടെ യാത്ര കടന്നുപോകും,’ വി.എച്ച്.പി ഭാരവാഹികള്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കെതിരെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ 15 വര്‍ഷത്തെ ഭരണത്തില്‍ എന്തുകൊണ്ടാണ് ഇത്തരമൊരു യാത്ര കാണാതിരുന്നതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു.