| Saturday, 10th September 2022, 9:52 pm

കോമഡിയോട് വീണ്ടും കലിപ്പിട്ട് സംഘപരിവാര്‍; കുനാല്‍ കമ്രയുടെ പരിപാടിയും റദ്ദാക്കി | D Nation

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഡ്ഗാവ്: വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ തുടങ്ങിയവരുടെ ഭീഷണിക്ക് പിന്നാലെ സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ പരിപാടി റദ്ദാക്കി. അടുത്ത വാരാന്ത്യത്തില്‍ നടക്കാനിരുന്ന പരിപാടികളാണ് റദ്ദാക്കിയത്.

കുനാല്‍ തന്റെ പരിപാടിയ്ക്കിടെ ഹിന്ദു ദേവതകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗുഡ്ഗാവിലെ സ്റ്റുഡിയോ എക്‌സ് ഓ ബാറിലെ സെക്ടര്‍ 29ല്‍ സെപ്റ്റംബര്‍ 17,18 തീയതികളിലായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.

അനുമതി നല്‍കിയാല്‍ പരിപാടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും മുടക്കുമെന്നും സംഘം ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ദിവസം വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കുനാലിന്റെ പരിപാടി റദ്ദാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മെമോറാണ്ടം നല്‍കിയിരുന്നു. ഇതില്‍ കുനാല്‍ തന്റെ മിക്ക പരിപാടികളിലും ഹിന്ദു മതത്തെ അപകീര്‍ത്തിപ്പെടുത്തുകയും പരിഹസിക്കുകയുമാണെന്ന് സംഘം ആരോപിച്ചു.

‘കുനാല്‍ കമ്ര എന്ന കലാകാരന്‍ സ്റ്റുഡിയോ എക്‌സ് ഓ ബാറിലെ സെക്ടര്‍ 29ല്‍ സെപ്റ്റംബര്‍ 17,18 തീയതികളില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ വ്യക്തി അദ്ദേഹത്തിന്റെ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ദേവതകളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് ഈ വ്യക്തിക്ക് നേരെ നേരത്തെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പരിപാടി ഗുഡ്ഗാവില്‍ നടന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ട്,

അയതിനാല്‍ എത്രയും പെട്ടെന്ന് തന്നെ പരിപാടി റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അതല്ലെങ്കില്‍ ഇതിനെതിരെ വി.എച്ച്.പിയും ബജ്‌റംഗ്ദളും ശക്തമായി പ്രതിഷേധിക്കും,’ എന്നായിരുന്നു മെമോറാണ്ടത്തില്‍ കുറിച്ചത്.

ഇരു സംഘത്തില്‍ ഏഴോളം പേര്‍ ബാറില്‍ നേരിട്ടെത്തി പരിപാടി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചതായും ബജ്‌റംഗ്ദള്‍ നേതാവ് പ്രവീണ്‍ ഹിന്ദുസ്ഥാനിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പരിപാടിക്കിടെ കുനാല്‍ ഹിന്ദു ദേവതകളെ പരിഹസിക്കുന്നതിന്റേയും ഹിന്ദു വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റേയും ദൃശ്യങ്ങള്‍ ബാര്‍ മാനേജ്‌മെന്റിന് നേരിട്ടെത്തി കാണിച്ചുകൊടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം കലാകാരന്മാരെ ഗുഡ്ഗാവില്‍ പിപാടി നടത്താന്‍ അനുവദിക്കില്ല. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് ഇനി മാപ്പുണ്ടാകില്ല,’ പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങളുടെ സ്ഥാപനത്തിനെതിരായ ഒന്നും നടക്കരുതെന്നും ഇതിനാലാണ് പരിപാടി റദ്ദാക്കിയതെന്നുമായിരുന്നു ബാര്‍ മാനേജ്‌മെന്റിന്റെ പ്രതികരണം.

ബാര്‍ അധികൃതര്‍ തന്നെ പരിപാടി ക്യാന്‍സല്‍ ചെയ്ത വിവരം അറിയിച്ചിട്ടില്ലെന്നും അത് പറയാത്ത പക്ഷം വിഷയത്തില്‍ പ്രതികരിക്കാനാകില്ലെന്നുമായിരുന്നു കുനാല്‍ കമ്രയുടെ പ്രതികരണം.

Content Highlight: Vishwa hindu parishad=-bajrang Dal threatens of protesting against kunal kamra show cancelled

ഡൂള്‍ന്യൂസ് ഡെസ്‌ക്