| Tuesday, 24th January 2023, 1:30 pm

കാവി ബിക്കിനി നീക്കിയില്ലെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ സന്തോഷം; ഗുജറാത്തില്‍ പത്താന്‍ തടയില്ലെന്ന് വി.എച്ച്.പിയും ബജ്‌രംഗ് ദളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ റിലീസിന് ഗുജറാത്തില്‍ തടസം നില്‍ക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ് ദളും. സെന്‍സര്‍ ബോര്‍ഡ് സിനിമയില്‍ വരുത്തിയ മാറ്റങ്ങളില്‍ സന്തുഷ്ടരാണെന്നും സംഘടനകള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പത്താനെതിരായ ബജ്‌രംഗ് ദളിന്റെ പ്രതിഷേധത്തിന് ശേഷം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിലെ അശ്ലീലമായ വരികളും വാക്കുകളും നീക്കം ചെയ്തു. ഇത് നല്ലൊരു വാര്‍ത്തയാണ്. മതത്തേയും സംസ്‌കാരത്തേയും സംരക്ഷിക്കാനുള്ള നമ്മുടെ പ്രവര്‍ത്തകരുടെയും മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും വിജയകരമായ പോരാട്ടത്തെ അഭിനന്ദിക്കുന്നു,’ ഗുജറാത്ത് വി.എച്ച്.പി ജനറല്‍ സെക്രട്ടറി അശോക് റാവല്‍ പറഞ്ഞു.

അടുത്തിടെ നടന്ന പരിശോധനക്കൊടുവില്‍ 12 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് പത്താന്‍ സിനിമക്ക് വരുത്തിയത്. റോ, പി.എം.ഒ, അശോക ചക്ര മുതലായ ചില വാക്കുകളും ഇന്റിമേറ്റ് രംഗങ്ങളുമാണ് കട്ട് ചെയ്യാന്‍ നിര്‍ദേശിച്ചത്. അതേസമയം തീവ്രഹിന്ദുത്വ സംഘടനകള്‍ വലിയ തോതില്‍ പ്രതിഷേധമുയര്‍ത്തിയ കാവി ബിക്കിനി രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചവയില്‍ ഇല്ലായിരുന്നു.

പത്താന്‍ റിലീസിന് മണിക്കൂറുകള്‍ ശേഷിക്കെ വലിയ ആവേശത്തിലാണ് ഷാരൂഖ് ആരാധകര്‍. റെക്കോഡ് ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രീറീലിസ് ബുക്കിങ്ങിലൂടെ തന്നെ പത്താന്‍ 50 കോടി നേടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. റിലീസ് ദിനത്തില്‍ തന്നെ 50 കോടി ഓപ്പണിങ് കളക്ഷനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്.

ദീപിക പദുക്കോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സംവിധാനം സിദ്ധാര്‍ത്ഥ് ആനന്ദാണ്.

Content Highlight: Vishwa Hindu Parishad and Bajrang Dal will not block the release of Pathan in Gujarat

We use cookies to give you the best possible experience. Learn more