| Saturday, 10th April 2021, 2:41 pm

'കൂടെയുണ്ടാവണം, വിഷുക്കണി മമധര്‍മ്മക്ക് സമര്‍പ്പിക്കണം'; വീണ്ടും കാശ് ചോദിച്ച് അലി അക്ബര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: തന്റെ പുതിയ സിനിമയായ ‘1921 പുഴ മുതല്‍ പുഴ വരെ’യുടെ ചിത്രീകരണത്തിനായി വീണ്ടും സംഭാവന അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍.

സിനിമയുടെ നിര്‍മ്മാണത്തിനായി വിഷുക്കണി മമധര്‍മ്മയ്ക്ക് നല്‍കണമെന്നാണ് അലി അക്ബര്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം ആരംഭിക്കുകയാണെന്നും അലി അക്ബര്‍ പറഞ്ഞു.

മമധര്‍മ്മയ്ക്ക് ഇതുവരെ 11742859 രൂപ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതായും അതില്‍ ചെലവ് ഒഴിവാക്കി ബാക്കി 3076530 രൂപ മാത്രമാണ് കൈവശമുള്ളതെന്നും അലി അക്ബര്‍ പറഞ്ഞു. ചിത്രത്തിന്റെ അറുപത് ശതമാനം ചിത്രീകരിച്ചതായും തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കണമെങ്കില്‍ പണം ആവശ്യമാണെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ചിത്രത്തില്‍ ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ധന്യാത്മന്‍,

‘മമധര്‍മ്മ’ ജനകീയ കൂട്ടായ്മയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ്. സത്യത്തോടൊപ്പം, രാജ്യത്തോടൊപ്പം, ധര്‍മ്മത്തോടൊപ്പം എന്നത് തന്നെയാണ് സംരംഭത്തിന്റെ ലക്ഷ്യം.

രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ചു യഥേഷ്ടം വളച്ചൊടിക്കാവുന്നതായി ചരിത്ര സത്യങ്ങള്‍ മാറുമ്പോള്‍, നോക്കു കുത്തികളെ പോലെ പഞ്ചപുഛമടക്കി നോക്കി നില്‍ക്കുന്ന സാംസ്‌കാരിക മഹാരഥന്മാര്‍ക്ക് മുന്‍പില്‍, ഞങ്ങള്‍ക്കും സത്യം വിളിച്ചു പറയാനറിയാം എന്നുള്ള ജനങ്ങളുടെ തീരുമാനമാണ് മമധര്‍മ്മ, മമധര്‍മ്മയ്ക്ക് പക്ഷമൊന്നേയുള്ളൂ അത് രാഷ്ട്രപക്ഷമാണ്, ആ പക്ഷത്തിന്റെ ആദ്യ സംരംഭമാണ് ‘1921 പുഴ മുതല്‍ പുഴ വരെ’.

മമധര്‍മ്മയ്ക്ക് ഇതുവരെ പൊതുജനം നല്‍കിയത് 11742859 രൂപയാണ്, ആയതില്‍ നിന്നും, ചലച്ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരിച്ചു കഴിഞ്ഞു. ആയതിലേക്കുള്ള ചിലവ് കഴിച്ച് നമ്മുടെ കൈവശം 8/4/21ന് മിച്ചമുള്ളത് 3076530 രൂപയാണ്, കൃത്യമായും പ്രതിമാസം കണക്കുകള്‍ സമര്‍പ്പിക്കപ്പെടുന്നുണ്ട്. 90 ശതമാനം തുകയും ബാങ്ക് അക്കൗണ്ടിലൂടെയാണ് നല്‍കുന്നത്.

രണ്ടാമത്തെ ഷെഡ്യൂള്‍ മെയ് ആദ്യവാരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കയാണ്, ആയതിലേക്കുള്ള പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. വലിയൊരു തുകയ്ക്കുള്ള മനുഷ്യാധ്വാനവും, കലാനൈപുണ്യവും ഇതിലേക്ക് സമര്‍പ്പണവും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളുടെ ചെറുതും വലുതുമായ വിയര്‍പ്പിന്റെ വില ഇതിലേക്ക് ലഭിച്ചിട്ടുണ്ട്. അവരോട് വ്യക്തിപരമായി ഒരു നന്ദി പറയാന്‍ പോലും സാധിച്ചിട്ടില്ല അതില്‍ പരിഭവം അരുത് എന്ന അപേക്ഷയും കൂടിയുണ്ട്.

കുറച്ചു നല്ല മനസ്സുകള്‍ ധൈര്യം പകരാനായി എനിക്ക് ചുറ്റുമുണ്ട്. നിരാശപ്പെടുത്താന്‍ ശത്രുക്കളായി പതിനായിരങ്ങള്‍ വട്ടം കറങ്ങുന്നുമുണ്ട്. ഷൂട്ട് ചെയ്തിടത്തോളം എഡിറ്റ് ചെയ്തു തൃപ്തിയുണ്ട്.

പുഴ മുതല്‍ പുഴ വരെ നമ്മുടെ അഭിമാനത്തിന്റെ അടയാളമാണ് ഭംഗിയായി പൂര്‍ത്തീകരിക്കണം. അതുകൊണ്ട് ഒരിക്കല്‍ കൂടി ഞാനഭ്യര്‍ത്ഥിക്കുന്നു, ഇത്തവണത്തെ വിഷുക്കണി മമധര്‍മ്മയ്ക്ക് സമര്‍പ്പിക്കണം.

മമധര്‍മ്മ ഒരു വ്യക്തിയില്‍ അധിഷ്ഠിതമാണെന്ന തോന്നല്‍ ആര്‍ക്കും വേണ്ട അത് ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന സമൂഹത്തിന്റെതായിത്തീരും. അതെന്റെ ഉറപ്പാണ്. തല്‍ക്കാലം ഞാനെന്ന ഭിക്ഷക്കാരനിലേക്ക് എല്ലാ കൂരമ്പുകളും തുളച്ചു കയറട്ടെ. ആട്ടും തുപ്പും ഒരാള്‍ സഹിച്ചാല്‍ മതിയല്ലോ. മാറ്റത്തിന് വേണ്ടി ഒച്ചയിടുമ്പോള്‍ അതൊക്കെ സാധാരണമാണ്.

കൂടെയുണ്ടാവണം

കൂട്ടായി.. ഗുരുവായി

നന്മയോടെ നന്ദിയോടെ

അലി അക്ബര്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vishukani must be submitted to Mamadharma’; Ali Akbar asked for money again

We use cookies to give you the best possible experience. Learn more