[] പത്തനംതിട്ട: അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ ഹോളി ഹെല്‍ എന്ന പുസ്തകത്തിന്റെ പരിഭാഷ വീണ്ടും കോടതി നിരോധിച്ചു. തിരുവനന്തപുരം മൈത്രി ബുക്‌സ് വിശുദ്ധ നരകം എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകമാണ് തിരുവല്ല മുന്‍സിഫ് കോടതി നിരോധിച്ചത്.
വിശുദ്ധനരകമെന്ന പേരില്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയ പുസ്‌കത്തിന്റെ തനി പകര്‍പ്പാണ് മൈത്രി ബുക്‌സ് പുറത്തിറക്കിയതെന്ന് ചൂണ്ടിക്കാട്ടി എന്‍.എസ്.എസ് ആയുര്‍വേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ശ്രീജിത്ത് കൃഷ്ണ, അമൃതാനന്ദമയി ഭക്തനായ വള്ളംകുളം സ്വദേശി എന്നിവരാണ് കോടതിയില്‍ ഹരജി നല്‍കിയത്.
ഹൈക്കോടതി സ്‌റ്റേ ചെയ്ത പുസ്തകം മറ്റൊരു പ്രസാധകര്‍ ഇറ്റക്കിയത് കോടതി വിധിയുടെ ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു.
ഡി.സി ബുക്‌സ്, ജോണ്‍ ബ്രിട്ടാസ്, മൈത്രി ബുക്‌സ്, ഹരജിക്കാര്‍ എന്നിവരുടെ വാദം കേട്ടശേഷമാണ് പുസ്തകത്തിനെതിരെ കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതേ ഹരജിക്കാര്‍ തന്നെയാണ് ഡി.സി ബുക്‌സിന്റെ പുസ്തകത്തിനെതിരെയും കോടതിയെ സമീപിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഗെയ്ല്‍ ട്രെഡ് വെല്ലുമായി നടത്തിയ അഭിമുഖം ഉല്‍പ്പെടുത്തി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഹൈക്കോടതി നിരോധിച്ചിരുന്നു.