Advertisement
Kerala News
വിഷു ആഘോഷം; കൊച്ചിയില്‍ രാത്രി 10 മുതല്‍ രാവിലെ ആറ് വരെ പടക്കം പൊട്ടിക്കരുതെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 13, 04:46 pm
Thursday, 13th April 2023, 10:16 pm

കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ പടക്കങ്ങള്‍ പൊട്ടിക്കരുതെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് പ്രസ്താവനയില്‍ പറയുന്നത്.

‘സമീപ കാലത്ത് ബ്രഹ്‌മപുരത്ത് തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ദിവസങ്ങളോളം കൊച്ചി നഗര മേഖലയില്‍ വിഷപ്പുക മൂലം ജനം ബുദ്ധിമുട്ടിലായിരുന്നു. വിഷുവിന് വീടുകളില്‍ പടക്കം പൊട്ടിക്കുന്നത് പതിവായതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പടക്കം പൊട്ടിക്കുന്നതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കല്‍ നിയന്ത്രിക്കാന്‍ പൊലീസ് തീരുമാനിച്ചത്,’ കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.