| Thursday, 16th November 2023, 9:18 pm

ആർ.ഡി.എക്‌സിൽ ഒരുപാട് തവണ തല്ല് കൊള്ളാതിരുന്നത് ക്യാമറാമാൻ ഉള്ളത് കൊണ്ട്: വിഷ്ണു അഗസ്ത്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകന്മാരെന്ന പോലെ വില്ലന്മാരെയും ഒരു പോലെ സെലിബ്രേറ്റ് ചെയ്ത ചിത്രമാണ് ആർ.ഡി.എക്സ്. ചിത്രത്തിലെ ഓരോ വില്ലൻ കഥാപാത്രങ്ങളെയും ഒരുപോലെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഒന്നിലധികം വില്ലന്മാര്‍ എത്തിയ ചിത്രത്തില്‍ ഓരോരുത്തര്‍ക്കും കൃത്യം ഐഡന്റിറ്റി കൊടുക്കാന്‍ എഴുത്തുകാരനായി. നായകന്മാരോളം തന്നെ ശക്തന്മാരായ, വലിയ വെല്ലുവിളി ഉയര്‍ത്തിയ വില്ലന്മാര്‍ തിരക്കഥയുടെ കെട്ടുറപ്പ് കൂടിയാണ് കാണിക്കുന്നത്.

ചിത്രത്തിൽ വില്ലന്മാരിൽ ഓരോരുത്തർക്കും സ്ക്രീൻ സ്‌പേസ് കുറഞ്ഞോ എന്ന അവതാരകയുടെ ചോദ്യത്തിന് സിനിമയിൽ നല്ല കഥാപാത്രം കിട്ടണമെന്ന് ആഗ്രഹിച്ച തങ്ങൾക്ക് അത് കിട്ടിയപ്പോൾ അതിന്റെ സ്ക്രീൻ സ്‌പേസ് കൂടിയോ കുറഞ്ഞോ എന്ന് ചോദിക്കലല്ല എന്നായിരുന്നു പ്രധാന വില്ലൻ കഥാപാത്രം ചെയ്ത വിഷ്ണു അഗസ്ത്യയുടെ മറുപടി.

സിനിമയിൽ തങ്ങൾ ഒരുപാട് തല്ല് കൊള്ളാതിരുന്നത് ക്യമറാമാന്റെ കഴിവാണെന്നും അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്‌തെന്നും വിഷ്ണു കൂട്ടിച്ചേർത്തു. ആർ.ഡി എക്സ് സിനിമയുടെ സക്സസ് സെലിബ്രേഷന്റെ വേദിയിൽ വെച്ചായിരുന്നു വിഷ്‌ണുവിന്റെ ഈ പ്രതികരണം.

‘ഞങ്ങളെല്ലാവരും ഏതെങ്കിലും ഒരു നല്ല സിനിമയിൽ ഒരു കഥാപാത്രം കിട്ടണം എന്ന് ആഗ്രഹിച്ച് സഞ്ചരിച്ചവരാണ്. അങ്ങനെ ഒരു ക്യാരക്ടർ തരുമ്പോൾ അവരോട് സ്ക്രീൻ സ്പേസ് കുറഞ്ഞോ കൂടിയോ എന്ന് ചോദിക്കലല്ല.

ഇതിൽ ഞങ്ങൾ ഒരുപാട് തവണ തല്ല് കൊള്ളാതിരുന്നത് അലക്സ് ബ്രോ (ക്യാമറാമാൻ) ഉള്ളത് കൊണ്ടാണ്. ആദ്യത്തെ ഒറ്റ തല്ലിൽ തന്നെ പരിപാടി തീർത്ത് പുള്ളി അത് നന്നായിട്ട് കൈകാര്യം ചെയ്തതിൻ്റെ പേരിൽ ഞങ്ങൾക്ക് ആർക്കും ഒരുപാട് തല്ല് കൊള്ളേണ്ടി വന്നിട്ടില്ല. അപ്പോൾ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരുപാട് നന്ദി,’വിഷ്ണു അഗസ്ത്യ പറഞ്ഞു.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപ്പെ, നീരജ് മാധവ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദര്‍ശ് സുകുമാരന്‍, ഷഹബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Vishu agasthya thank to the camera man in RDX movie

We use cookies to give you the best possible experience. Learn more