തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന രാക്ഷസന്‍2 ഉടനെ ഉണ്ടാവില്ലെന്ന് നടന്‍ വിഷ്ണു വിശാല്‍. ഒരുപാട് ആളുകള്‍ കാത്തിരിക്കുന്ന സിനിമയാണ് അതെന്നും താരം പറഞ്ഞു. അതിനാല്‍ ആദ്യ സിനിമയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം രണ്ടാമത്തെ സിനിമ എന്നും, താരത്തിന്റെ പുതിയ ചിത്രമായ ഗാട്ടാ ഗുസ്തിയുടെ പ്രസ് മീറ്റില്‍ പറഞ്ഞു.
‘രാക്ഷസന്‍2 എന്തായാലും ഉണ്ടാകും. എന്നാല്‍ അതിപ്പോഴില്ല എന്നുമാത്രമാണ് എനിക്ക് പറയാനുള്ളത്. രാക്ഷസന്‍ സിനിമക്ക് ഒരുപാട് ഫാന്‍സുണ്ട്. അതുകൊണ്ട് തന്നെ സംവിധായകന്‍ റാം ഒരു കാര്യം ഉറപ്പിച്ചിട്ടുണ്ട്. സിനിമയിലെ ഒരു കാര്യവും ഇനി റിപ്പീറ്റ് ചെയ്യില്ല. എനിക്കും അങ്ങനെ ഒരു പ്രശ്‌നമുണ്ട്.
ഒരേ കാര്യം വീണ്ടും റിപ്പീറ്റ് ചെയ്യാന്‍ പാടില്ലല്ലോ. ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് നല്ല വ്യക്തതയുണ്ട്. രാക്ഷസന്‍ സിനിമ സംഭവിക്കുന്നത് തന്നെ നാല് വര്‍ഷം സമയമെടുത്താണ്. റാമിന്റെ എല്ലാ സിനിമകളും അങ്ങനെയാണ്. ഒരുപാട് സമയമെടുത്താണ് ചെയ്യുന്നത്. ഞാന്‍ ഇതു പറഞ്ഞത് കൊണ്ട് രാക്ഷസന്‍ ഉടനെ വരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്.
രാക്ഷസനുവേണ്ടി കാത്തിരിക്കാനള്ള സമയമായിട്ടില്ല. എന്നാല്‍ ഞങ്ങളുടെ കയ്യില്‍ അതിന്റെ കഥയുണ്ട്. ഉറപ്പായും സിനിമ ചെയ്യുമെന്നാണ് റാം എന്നോട് പറഞ്ഞത്. രാക്ഷസന് ശേഷം അങ്ങനെയുള്ള സിനിമകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അതിന്റെ കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ ഓരേപോലെയുള്ള സിനിമകള്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു.
അതുകൊണ്ട് തന്നെ പിന്നെ ചെയ്ത സിനിമകള്‍ എല്ലാം തികച്ചും വ്യത്യസ്തമായിരുന്നു. പല ഴോണറിലുള്ള സിനിമയാണ് ഞാന്‍ ചെയ്തത്. അതുകൊണ്ടാണ് ഗാട്ടാ ഗുസ്തി പോലെയുള്ള സിനിമകള്‍ ചെയ്യുന്നത്. രക്ഷസന്‍ കഴിഞ്ഞപ്പോള്‍ അതേ ഴോണറിലുള്ള ഒരുപാട് സിനിമകളില്‍ എന്നെ വിളിച്ചു. പക്ഷെ ഞാന്‍ പോയില്ല.
അങ്ങനെ ചെയ്താല്‍ രാക്ഷസനിലെ കഥാപാത്രവുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്യാന്‍ തുടങ്ങും. ഇനി ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി ഞാന്‍ അഭിനയിച്ചാല്‍ ഉറപ്പായും അത് രാക്ഷസന്റെ മുകളില്‍ നില്‍ക്കുന്ന സിനിമയായിരിക്കും,’ വിഷ്ണു പറഞ്ഞു.
റാം കുമാറിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാക്ഷസന്‍. വിഷ്ണുവിന് പുറമെ അമല പോള്‍, ശരവണന്‍, അമ്മു അഭിരാമി, കാളി വെങ്കട്ട് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. മികച്ച വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിനായിട്ടാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
content highlight: vishnu vishsl talks about his upcoming movie rakshasan2