രാക്ഷസന് ശേഷം കൈ നിറയെ സിനിമകൾ വന്നു, പക്ഷെ അതൊരു മോശം സമയമായിരുന്നു: വിഷ്ണു വിശാൽ
Entertainment
രാക്ഷസന് ശേഷം കൈ നിറയെ സിനിമകൾ വന്നു, പക്ഷെ അതൊരു മോശം സമയമായിരുന്നു: വിഷ്ണു വിശാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th October 2024, 6:54 pm

തമിഴിൽ ഇറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ക്രൈം ത്രില്ലർ ചിത്രമായിരുന്നു രാക്ഷസൻ. റാം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിശാൽ ആയിരുന്നു പ്രധാന കഥാപാത്രമായി എത്തിയത്. ത്രില്ലർ സിനിമകളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് രാക്ഷസൻ. ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു.

ചിത്രത്തിന്റെ റിലീസിന് ശേഷം തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടാൻ വിഷ്ണു വിശാലിന് സാധിച്ചിരുന്നു. രാക്ഷസൻ ഹിറ്റായതിന് ശേഷം തനിക്ക് കൈ നിറയെ സിനിമകൾ വന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന് പറയുകയാണ് വിഷ്ണു വിശാൽ. അതൊരു മോശം സമയമായിരുന്നുവെന്നും വ്യക്തിപ്പരമായി ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങൾക്കെല്ലാവർക്കും അറിയുന്നത് പോലെ രാക്ഷസൻ ഒരു മെഗാഹിറ്റായിരുന്നു. കേരളത്തിലും ആ ചിത്രം നന്നായി ഓടി എന്നറിയാം. തെലുങ്ക് ഉൾപ്പെടെയുളള ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്‌തു.

അതിനുശേഷം കൈനിറയെ ഓഫറുകൾ വന്നിരുന്നു എനിക്ക്. പക്ഷേ ഒറ്റ സിനിമ പോലും യാഥാർഥ്യമായില്ല. ഒന്നും രണ്ടുമല്ല ഒമ്പത് പ്രോജക്ടുകളാണ് ആ സമയത്ത് കൈയിൽ നിന്ന് നഷ്ടമായത്. ആരുടെയും കുഴപ്പം കൊണ്ടല്ല, എൻ്റെ മോശം സമയമായിരുന്നു കാരണമെന്ന് ഇപ്പോൾ തോന്നുന്നു.

അതേ സമയത്ത് തന്നെ എൻ്റെ ദാമ്പത്യജീവിതത്തിലും പ്രശ്നങ്ങളുണ്ടായി. വിവാഹമോചനത്തിനൊപ്പം മകന്റെ സംരക്ഷണാവകാശവും നഷ്ടപ്പെട്ടു. എല്ലാം കൊണ്ടും തകർന്ന അവസ്ഥയിലായി. അടുത്ത സുഹ്യത്തുക്കളുടെയും പ്രിയപ്പെട്ട വരുടെയും പിന്തുണ കൊണ്ട് ഞാൻ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.

ജീവിതത്തിൽ പ്രതിസന്ധികൾ അനുഭവിച്ച് മനസ് മടുത്തവരോട് എനിക്ക് പറയാനുള്ളത് ഇതാണ് വിട്ടുകൊടുക്കരുത്. ക്ഷമയോടെ കാത്തിരിക്കൂ, എല്ലാത്തിലും ഒരു സെക്കൻഡ് ചാൻസുണ്ട്,’വിഷ്ണു വിശാൽ പറയുന്നു.

 

Content Highlight: Vishnu Vishal Talk About His Career After Raksasan Movie