'ഇക്കാലമത്രയും ഞാന്‍ അന്വേഷിച്ച ചോദ്യത്തിന്റെ ഉത്തരം രജിനി സാറിന്റെയടുത്ത് നിന്ന് കിട്ടി'; വിഷ്ണു വിശാല്‍
Entertainment
'ഇക്കാലമത്രയും ഞാന്‍ അന്വേഷിച്ച ചോദ്യത്തിന്റെ ഉത്തരം രജിനി സാറിന്റെയടുത്ത് നിന്ന് കിട്ടി'; വിഷ്ണു വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd February 2024, 1:16 pm

രാക്ഷസന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയനായ നടനാണ് വിഷ്ണു വിശാല്‍. 2009ല്‍ റിലീസായ വെണ്ണിലാ കബഡി കുഴു എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിച്ചത്. 15 വര്‍ഷത്തെ കരിയറിനിടയില്‍ മികച്ച സിനിമകളുടെ ഭാഗമാവാന്‍ വിഷ്ണുവിന് സാധിച്ചു. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാമാണ് വിഷ്ണുവിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ രജിനികാന്തിന്റെയടുത്ത് നിന്ന് ലഭിച്ച ഉപദേശത്തെക്കുറിച്ച് താരം സംസാരിച്ചു.

‘വിഷ്ണു വിശാല്‍ എന്ന നടനെപ്പറ്റി ആളുകളുടെ മനസില്‍ എന്താണ് വരിക എന്ന് ഞാന്‍ ഇടയ്ക്ക് ആലോചിക്കാറുണ്ട്. എനിക്ക് ഒരു അടയാളം വേണമെന്ന് തോന്നിത്തുടങ്ങി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ അത് തേടുകയായിരുന്നു. അങ്ങനെയിരിക്കുന്ന സമയത്താണ് ലാല്‍ സലാം എന്ന സിനിമ എന്റെയടുത്തേക്ക് വരുന്നത്. രജിനികാന്ത് സാര്‍ ഗസ്റ്റ് റോളില്‍ വരുന്നുണ്ട്, എ.ആര്‍. റഹ്‌മാന്‍ സാര്‍ മ്യൂസിക് ചെയ്യുന്നുണ്ട്, നല്ല കഥയുമാണ്. അങ്ങനെ ഈ സിനിമ ചെയ്തു.

രജിനി സാറിന്റെ കൂടെ ഷൂട്ട് ഉള്ള ദിവസം വളരെ സന്തോഷത്തിലായിരുന്നു ഞാന്‍. പക്ഷേ എങ്ങനെ അദ്ദേഹത്തോട് സംസാരിക്കുമെന്ന് ടെന്‍ഷനിലായിരുന്നു. അങ്ങനെയിരുന്നപ്പോള്‍ അദ്ദേഹം എന്നോട് സംസരിച്ചു. വിഷ്ണൂ, വെണ്ണിലാ കബഡി കുഴു ഇറങ്ങിയിട്ട് എത്ര വര്‍ഷമായി എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, 15 വര്‍ഷമായി സാര്‍. ‘അത്രയും കാലമായോ? ഇപ്പോള്‍ കാണുമ്പോഴും ഫ്രഷ് ആയി തോന്നുന്നു. അതുപോലെ രാക്ഷസനും, എഫ്. ഐ. ആറും ഒക്കെ നന്നായി ആസ്വദിച്ച് കണ്ടു,’ അദ്ദേഹം പറഞ്ഞു.

അതിന് ശേഷം എന്റെ ഈ സംശയം അദ്ദേഹത്തോട് ചോദിച്ചു. ഒരു അടയാളം എങ്ങനെ ഉണ്ടാക്കിയെടുക്കും, സാറിന്റെ അനുഭവത്തില്‍ നിന്ന് എന്തെങ്കിലും ഉപദേശം തരാമോ എന്നും ചോദിച്ചു. കുറേ നേരം താടിക്ക് കൈ കൊടുത്ത് അദ്ദേഹം ആലോചിച്ചുകൊണ്ടിരുന്നു. ആ സമയത്ത് ഷോട്ട് റെഡിയായെന്ന് അസിസ്റ്റന്റ് വന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് പോയി. സാറിന് ഒന്നും പറഞ്ഞ് തരാന്‍ പറ്റിയിലല്ലോ എന്ന് ആലോചിച്ചിട്ട് എനിക്കാകെ വിഷമമായി. പോയ അതേ സ്പീഡില്‍ തിരിച്ചു വന്നിട്ട് സാര്‍ അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞു, ‘വിഷ്ണു വിശാല്‍ എന്ന് പറഞ്ഞാല്‍ നല്ല സിനിമയാണ്. നല്ല സിനിമയെന്ന് പറഞ്ഞാല്‍ വിഷ്ണുവാണ്. നല്ല സിനിമ എന്നു പറയുമ്പോള്‍ നല്ല കഥയാണ്. അപ്പോള്‍ വിഷ്ണു വിശാലെന്ന് പറഞ്ഞാല്‍ നല്ല കഥ എന്നാണ് അര്‍ത്ഥം. ഇതാണ് നിന്റെ അടയാളം,’ ഇതും പറഞ്ഞിട്ട് സാര്‍ പോയി. എനിക്ക് ഇനി ഇതിലും വലിയ അവാര്‍ഡ് എനിക്ക് വേറെ കിട്ടാനില്ല,’ വിഷ്ണു പറഞ്ഞു.

വിഷ്ണു വിശാലിനോടൊപ്പം വിക്രാന്തും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ.ആര്‍. റഹ്‌മാനാണ് സിനിമയുടെ സംഗീതം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് സിനിമ നിര്‍മിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vishnu Vishal shares the experience with Rajnikanth in Lal Salaam movie shooting