| Friday, 12th May 2023, 9:31 pm

ഇന്നലെ തകര്‍ത്തെറിഞ്ഞ് മലയാളി, ഇന്ന് തകര്‍ത്തടിച്ച് മറ്റൊരു മലയാളി; വിഷ്ണുവാടാ... കയ്യടിക്കെടാ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം വിഷ്ണു വിനോദ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിലാണ് വിഷ്ണു വിനോദ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തകര്‍ത്തടിച്ചാണ് താരം ടീം സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

20 പന്തില്‍ നിന്നും 30 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. രണ്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് വിഷ്ണു സ്‌കോര്‍ ചെയ്തത്. 150 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്.

വിഷ്ണുവിന്റെ പ്രകടനത്തിന് പിന്നാലെ മലയാളി ആരാധകരെല്ലാം തന്നെ വളരെ ആവേശത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മറ്റൊരു മലയാളി താരമായ കെ.എം. ആസിഫിന്റെ മികച്ച ബൗളിങ് പ്രകടനത്തിന് പിന്നാലെ വിഷ്ണുവിന്റെ ബാറ്റിങ്ങുമായതോടെ മല്ലു ക്രിക്കറ്റ് ആരാധകര്‍ ഡബിള്‍ ഹാപ്പിയിലാണ്.

അതേസമയം, തകര്‍പ്പന്‍ ടോട്ടലാണ് മുംബൈ ഇന്ത്യന്‍സ് വാംഖഡെയില്‍ അടിച്ചുകൂട്ടിയത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് മുംബൈ നേടിയത്.

സെഞ്ച്വറി നേടിയ സൂര്യകുമാറിന്റെ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന് തുണയായത്. 49 പന്തില്‍ നിന്നും പുറത്താകാതെ 103 റണ്‍സാണ് താരം നേടിയത്.

മുംബൈ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ അല്‍സാരി ജോസഫിനെ സിക്‌സറിന് പറത്തിയാണ് സൂര്യ സെഞ്ച്വറി നേടിയത്. 11 ബൗണ്ടറിയും ആറ് സിക്‌സറുമാണ് സൂര്യയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഐ.പി.എല്ലില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്. ഡൊമസ്റ്റിക് ക്രിക്കറ്റിലെയും ഐ.പി.എല്ലിലെയും സൂര്യയുടെ ആദ്യ സെഞ്ച്വറി കൂടിയാണ് ഗുജറാത്തിനെതിരെ പിറന്നത്.

Content highlight: Vishnu Vinod’s batting brilliant performance against Gujarat Titans

Latest Stories

We use cookies to give you the best possible experience. Learn more