ആ നടന്‍ വലിയ സ്റ്റാറാകാത്തതില്‍ അച്ഛന് നല്ല വിഷമമുണ്ട്: വിഷ്ണു വിനയ്
Entertainment
ആ നടന്‍ വലിയ സ്റ്റാറാകാത്തതില്‍ അച്ഛന് നല്ല വിഷമമുണ്ട്: വിഷ്ണു വിനയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th December 2024, 8:36 pm

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ വിനയന്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കല്യാണ സൗഗന്ധികം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, ആകാശഗംഗ തുടങ്ങി ഹിറ്റുകള്‍ ഒരുക്കിയ വിനയന്‍ അത്ഭുതദ്വീപ് പോലുള്ള പരീക്ഷണചിത്രങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്.

ജയസൂര്യ, പൃഥ്വിരാജ്, കലഭവന്‍ മണി തുടങ്ങിയ നടന്മാരുടെ കരിയറില്‍ വിനയന് വലിയ സ്വാധീനമുണ്ട്. എല്ലാവരുടെയും വലിയ ഹിറ്റുകളിലൊന്ന് വിനയനൊപ്പമായിരുന്നു വന്നത്. എന്നാല്‍ വിനയന്റെ പ്രതീക്ഷയില്‍ സ്റ്റാറായി ഉയരാതെ പോയ നടനെക്കുറിച്ച് സംസാരിക്കുകയാണ് മകന്‍ വിഷ്ണു വിനയ്.

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ വലിയ വിജയമായിട്ടും അതിലെ നായകന്‍ സിജു വില്‍സണ് സ്റ്റാറായി ഉയരാന്‍ കഴിഞ്ഞില്ലെന്ന് വിഷ്ണു പറഞ്ഞു. അതില്‍ വിനയന് നല്ല വിഷമമുണ്ടെന്നും ആ സിനിമക്ക് വേണ്ടി സിജു ഫിസിക്കലി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന് നല്ല പ്രതികരണം കിട്ടിയിട്ടും സിജു സ്റ്റാറായില്ലെന്നും അതിനാല്‍ ഒരു സിനിമ കൂടി അയാളെ വെച്ച് ചെയ്യണമെന്ന് പറഞ്ഞിരുന്നെന്നും വിഷ്ണു പറഞ്ഞു. ആ ചിത്രത്തിന്റെ കഥ പൂര്‍ത്തിയായെന്നും സ്‌ക്രിപ്റ്റ് അധികം വൈകാതെ തീരുമെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. ആ കഥയില്‍ സിജു വല്ലാതെ എക്‌സൈറ്റഡാണെന്നും വിഷ്ണു പറഞ്ഞു.

ഒരു നടനെ കൊണ്ടുവരിക മാത്രമല്ല അയാളെ പുഷ് ചെയ്ത് ഒരു സ്ഥലത്ത് എത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. ജയസൂര്യയെ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യനിലൂടെ ഇന്‍ട്രൊഡ്യൂസ് ചെയ്യുക മാത്രമല്ല, എല്ലാ ഭാഷയിലും ജയസൂര്യയെ വെച്ച് റീമേക്ക് ചെയ്‌തെന്നും വിഷ്ണു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു വിനയ്.

‘അച്ഛന്‍ കഴിഞ്ഞ കുറേ മാസങ്ങളായി പറയുന്ന കാര്യമാണ് സിജു വില്‍സണെ വെച്ച് ഒരു സിനിമകൂടി ചെയ്യണമെന്ന്. കാരണം സിജുവിനെ വെച്ച് അച്ഛന്‍ ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് വലിയ ഹിറ്റായി, ഒരുപാട് പേര്‍ ആ സിനിമയെപ്പറ്റി നല്ലത് പറഞ്ഞു. എന്നിട്ടും സിജുവിന് അച്ഛന്‍ വിചാരിച്ച അത്ര സ്റ്റാറാകാന്‍ കഴിഞ്ഞില്ല. അത് പുള്ളിക്ക് ചെറിയ വിഷമമുണ്ടാക്കി. അയാളെ വെച്ച് ചെയ്യാനുള്ള അടുത്ത സിനിമയുടെ കഥ ഏതാണ്ട് പൂര്‍ത്തിയായി. സിജുവിനോട് പറഞ്ഞപ്പോള്‍ അയാളും എക്‌സൈറ്റഡായി.

ഒരു നടനെ കൈപിടിച്ച് ഉയര്‍ത്തുക മാത്രമല്ല, അയാളെ പുഷ് ചെയ്ത് ഒരു സ്ഥലത്ത് എത്തിക്കുക എന്നതുകൂടിയാണ് അച്ഛന്റെ രീതി. ഉദാഹരണത്തിന് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ജയസൂര്യയെ ഇന്‍ട്രൊഡ്യൂസ് ചെയ്തതിന് പുറമെ അതിന്റെ മറ്റ് ഭാഷകളിലും ജയസൂര്യയെ എത്തിച്ചു. അതാണ് അദ്ദേഹത്തിന്റെ ഒരു ലൈന്‍,’ വിഷ്ണു വിനയ് പറയുന്നു.

Content Highlight: Vishnu Vinay talks about Siju Wilson and Vinayan