നായികക്കും മറ്റുളളവര്‍ക്കും പ്രാധാന്യം കൂടുതലായതുകൊണ്ടായിരിക്കാം കുഞ്ചാക്കോ ബോബന്‍ ആകാശഗംഗയില്‍ നിന്ന് പിന്മാറിയത്: വിഷ്ണു വിനയ്
Entertainment
നായികക്കും മറ്റുളളവര്‍ക്കും പ്രാധാന്യം കൂടുതലായതുകൊണ്ടായിരിക്കാം കുഞ്ചാക്കോ ബോബന്‍ ആകാശഗംഗയില്‍ നിന്ന് പിന്മാറിയത്: വിഷ്ണു വിനയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th November 2024, 3:29 pm

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ വിനയന്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആകാശഗംഗ. അന്നത്തെ പ്രേക്ഷകരെ ഒരുപാട് പേടിപ്പെടുത്തിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. റിയാസ് നായകനായെത്തിയ ചിത്രത്തില്‍ ദിവ്യ ഉണ്ണി, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു.

20 വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ ആദ്യം നായകനാകേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബന്‍ ആയിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ വിനയന്റ മകന്‍ വിഷ്ണു വിനയ്. എന്നാല്‍ അന്ന് അദ്ദേഹം പല കാരണങ്ങള്‍ കൊണ്ട് ആ സിനിമയില്‍ നിന്ന് പിന്മാറിയെന്ന് വിഷ്ണു പറഞ്ഞു.

ആ സിനിമയില്‍ നായകനെക്കാള്‍ നായികക്കും മറ്റുള്ളവര്‍ക്കും പ്രാധാന്യം ഉള്ളതുകൊണ്ടാകാം കുഞ്ചാക്കോ ബോബന്‍ പിന്മാറിയതെന്നും ആ സിനിമയലെ കഥ മുന്നോട്ടു പോകുന്നത് ദിവ്യ ഉണ്ണിയുടെ കഥാപാത്രത്തിലൂടെയാണെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. കുഞ്ചാക്കോ ബോബന് പകരം റിയാസ് എന്ന നടനാണ് ആ സിനിമയിലെ നായകനായതെന്ന് വിഷ്ണു പറഞ്ഞു.

റിയാസിന്റെ ആദ്യത്തെ സിനിമയായിരുന്നു അതെന്നും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയായിരുന്നു അയാളെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. ആകാശഗംഗക്ക് ശേഷം റിയാസിന് അധികം അവസരങ്ങള്‍ ലഭിച്ചില്ലെന്നും മലയാളസിനിമ അദ്ദേഹത്തെ വേണ്ടരീതിയില്‍ ഉപയോഗിച്ചില്ലെന്നും വിഷ്ണു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു വിനയ്.

‘ആകാശഗംഗയെപ്പറ്റി സംസാരിക്കുമ്പോള്‍ അതിലെ നായകെനക്കുറിച്ചും സംസാരിക്കണം. റിയാസ് എന്ന നടനാണ് ആ സിനിമയിലെ നായകനായത്. പുള്ളിയുടെ ആദ്യത്തെ സിനിമയായിരുന്നു അത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലൊക്കെ പഠിച്ചിട്ടുള്ള ആളാണ് റിയാസ്. ആകാശഗംഗക്ക് ശേഷം അദ്ദേഹത്തിന് സിനിമകളൊന്നും അധികം കിട്ടിയിട്ടില്ല.

ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലും പുള്ളി ഉണ്ടായിരുന്നു. മലയാളസിനിമ അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങള്‍ കൊടുത്തിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ശരിക്കും ആ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. പക്ഷേ ആ പടം കാണുമ്പോള്‍ അതില്‍ നായകന് അധികം പ്രാധാന്യമില്ലെന്ന് തോന്നും.

അതിന്റെ കഥ പറഞ്ഞുപോകുന്നത് ദിവ്യ ഉണ്ണിയുടെ കഥാപാത്രത്തിലൂടെയാണ്. പിന്നെ ജഗദീഷ്, ഇന്നസെന്റ്, രാജന്‍ പി. ദേവ് ഇവരുടെയാക്കെ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൂടുതലാണ്. അതുകൊണ്ടാകാം ചാക്കോച്ചന്‍ ആ വേഷം വേണ്ടെന്നുവെച്ചത്,’ വിഷ്ണു വിനയ് പറയുന്നു.

Content Highlight: Vishnu Vinay saying Kunchako Boban was the first option for Aakasha Ganga