കലാഭവൻ മണിയെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. പ്രവീണ, സായികുമാർ, കാവേരി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വിക്രത്തെ നായകനാക്കി വിനയൻ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ദേശീയ – സംസ്ഥാന പുരസ്‌ക്കാരങ്ങളിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം നേടാനും കലാഭവൻ മണിക്ക് കഴിഞ്ഞിരുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ ഷൂട്ട് താൻ കണ്ടിരുന്നുവെന്ന് പറയുകയാണ് വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ്. എന്നാൽ ആ സമയത്ത് അതൊരു സൂപ്പർ ഹിറ്റ് ചിത്രമായിരിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സുഹൃത്തുക്കളൊക്കെ കലാഭവൻ മണിയെവെച്ചാണോ സിനിമ ചെയ്യുന്നതെന്ന് ചോദിച്ചിരുന്നുവെന്നും വിഷ്ണു വിനയ് പറഞ്ഞു.
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനുമുണ്ട് ലൊക്കേഷനിൽ. പക്ഷെ എനിക്കപ്പോൾ അറിയില്ലായിരുന്നു ഇതൊരു ഭയങ്കര സിനിമയായിരിക്കുമെന്ന്. എന്റെ സുഹൃത്തുക്കളൊക്കെ അന്ന് ചോദിച്ചത് കലാഭവൻ മണിയെ വെച്ചാണോ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നായിരുന്നു.
ആകാശഗംഗ എന്ന സൂപ്പർഹിറ്റ് സിനിമ കഴിഞ്ഞിരിക്കുകയാണ് അച്ഛൻ. മമ്മൂട്ടി, മോഹൻലാൽ എന്നിവരിലേക്കൊക്കെ പോകേണ്ട സമയമായി. അങ്ങനെയൊക്കെ അഭിപ്രായമുണ്ടായിരുന്നു. സത്യത്തിൽ ഞാനും കൺഫ്യൂസ്ഡ് ആയിരുന്നു. പക്ഷെ ആ സിനിമ ഇറങ്ങി വലിയ ഹിറ്റായി,’വിഷ്ണു വിനയ് പറയുന്നു.
സൂപ്പർ ഹിറ്റായി മാറിയ ആകാശഗംഗ എന്ന ചിത്രത്തിൽ നിന്ന് ആദ്യം നിർമാതാവ് പിന്മാറിയിരുന്നുവെന്നും എന്നാൽ വിനയൻ വീടുപണിക്കുള്ള പണം എടുത്ത് ആകാശഗംഗ പൂർത്തിയാക്കിയെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
‘ആകാശഗംഗ ഇറങ്ങുമ്പോഴും അതുപോലെ തന്നെയായിരുന്നു. വേറൊരു നിർമാതാവായിരുന്നു ആ സിനിമ ചെയ്യാനിരുന്നത്. പക്ഷെ ഒരു മേജർ നായകനില്ലെന്ന് പറഞ്ഞ് അവർ ആ സിനിമ ഉപേക്ഷിച്ചു. അങ്ങനെ അച്ഛൻ വീട് പണിയാൻ വെച്ച പൈസയും ലോണുമൊക്കെ എടുത്താണ് ആ ചിത്രം പൂർത്തിയാക്കുന്നത്.
വലിയ റിസ്കായിരുന്നു അത്. അച്ഛൻ തന്നെ അവസാനം ആ സിനിമ പ്രൊഡ്യൂസ് ചെയ്തു. അച്ഛന്റെ ടെൻഷൻ എത്രത്തോളമുണ്ടെന്ന് ഇപ്പോൾ എനിക്ക് ആലോചിക്കാൻ കഴിയും. പക്ഷെ ഞാൻ അതൊന്നും കണ്ടിട്ടില്ല. സാധാരണ ആ സമയത്തുള്ള ഒരു സിനിമയേക്കാൾ ചെലവ് ആകാശഗംഗക്ക് വന്നിരുന്നു. കാരണം കൂടുതലും രാത്രിയായിരുന്നു ഷൂട്ട്. പക്ഷെ 1999 ൽ അച്ഛന് ആ പടത്തിലൂടെ ഒരു കോടിയിലധികം പൈസ ലാഭം കിട്ടി,’വിഷ്ണു വിനയ് പറയുന്നു.