| Monday, 23rd December 2024, 4:11 pm

ജയസൂര്യയെ വെച്ച് അച്ഛന്‍ ചെയ്യാനിരുന്ന സിനിമ അവര്‍ ഇടപെട്ട് മുടക്കുകയായിരുന്നു: വിഷ്ണു വിനയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ വിനയന്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കല്യാണ സൗഗന്ധികം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, ആകാശഗംഗ തുടങ്ങി ഹിറ്റുകള്‍ ഒരുക്കിയ വിനയന്‍ അത്ഭുതദ്വീപ് പോലുള്ള പരീക്ഷണചിത്രങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്.

സിനിമാസംഘടനകളുമായി പ്രശ്‌നത്തില്‍ നിന്ന സമയത്ത് പല നടന്മാരും വിനയന്റെ സിനിമയിലേക്ക് വന്നിരുന്നില്ലെന്ന് പറയുകയാണ് വിനയന്റെ മകന്‍ വിഷ്ണു വിനയ്. ജയസൂര്യയെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനയനായിരുന്നെന്നും അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെന്നും വിഷ്ണു പറഞ്ഞു. എന്നാല്‍ സംഘടനയുടെ ഇടപെടന്‍ കാരണം ആ സിനിമ നടന്നില്ലെന്നും അത് പിന്നീട് കേസിന്റെ ഭാഗമായെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം കേസില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഈ പ്രശ്‌നം കാരണം പല നടന്മാരെയും വിളിക്കാന്‍ വിനയന് മടിയായെന്നും വിഷ്ണു പറഞ്ഞു. എന്നാല്‍ ചില നടന്മാരെ വിളിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അതിലൊരാള്‍ സുരേഷ് കൃഷ്ണയായിരുന്നെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. സുരേഷ് കൃഷ്ണയെ കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ കൊണ്ടുവന്നത് വിനയനാണെന്നും വിഷ്ണു പറഞ്ഞു.

ഒരു സിനിമയിലേക്ക് വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ കൃത്യമായി വിശദീകരിച്ചു കൊടുത്തെന്നും അതിന് ശേഷം വിനയന്‍ ആരെയും ബുദ്ധിമുട്ടിക്കാന്‍ പോയിട്ടില്ലെന്നും വിഷ്ണു വിനയ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യം പറഞ്ഞത്.

‘സിനിമാസംഘടനകളുമായി പ്രശ്‌നത്തില്‍ നിന്ന സമയത്ത് അച്ഛന്റെ സിനിമയിലേക്ക് ഒരു നടന്മാരും വന്നിരുന്നില്ല. വരാന്‍ സംഘടനകള്‍ സമ്മതിച്ചില്ലായിരുന്നു. അച്ഛന്‍ കൊണ്ടുവന്ന ഒരുപാട് നടന്മാര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയിലുണ്ട്. ജയസൂര്യയെ കൊണ്ടുവന്നത് അച്ഛനാണ്. അപ്പോള്‍ ജയസൂര്യയെ വെച്ച് ഒരു പടം ചെയ്യാന്‍ അച്ഛന്‍ ആലോചിച്ചു. അഭിനയിക്കാമെന്ന് ജയസൂര്യ സമ്മതിക്കുകയും ചെയ്തതാണ്.

പക്ഷേ, സംഘടനയിലെ ചിലര്‍ ഇടപെട്ട് ആ സിനിമ മുടക്കി. ഇക്കാര്യം പിന്നീട് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചില നടന്മാരെ വിളിക്കുമ്പോള്‍ അവര്‍ എന്തെങ്കിലും പറയുമെന്ന ചിന്തയുണ്ടായിരുന്നു. വേറെ ചിലരെ അച്ഛന്‍ വിളിച്ചപ്പോള്‍ അവരുടെ അവസ്ഥ എന്തെന്ന് പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. അതിലൊരാളായിരുന്നു സുരേഷ് കൃഷ്ണ. പുള്ളിയെ കരുമാടിക്കുട്ടനിലൂടെ കൊണ്ടുവന്നത് അച്ഛനായിരുന്നു.

ഒരു സിനിമയിലേക്ക് അച്ഛന്‍ പുള്ളിയെ വിളിച്ചിരുന്നു. പുള്ളിക്ക് ആ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യവും ഉണ്ടായിരുന്നു. പക്ഷേ പുള്ളിയുടെ അവസ്ഥ പറഞ്ഞിട്ട് ‘ഇതാണ് സാര്‍ കാര്യം, എന്താണ് ചെയ്യേണ്ടത്?’ എന്ന് ചോദിച്ചു. അച്ഛന്‍ പുള്ളിയോട് ‘വേണ്ട, വരണ്ട’ എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. അങ്ങനെ കുറച്ച് അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്,’ വിഷ്ണു വിനയ് പറഞ്ഞു.

Content Highlight: Vishnu Vinay about the dropped project of Vinayan starring Jayasurya

Latest Stories

We use cookies to give you the best possible experience. Learn more