| Friday, 21st June 2019, 8:02 pm

നിങ്ങള്‍ അടുത്ത രക്ഷാപ്രവര്‍ത്തനമെന്ന് കളിയാക്കൂ, അയാള്‍ അവിടെ കളമൊരുക്കുകയാണ്...

വിഷ്ണു വിജയന്‍

വിജയ് സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ തന്നെ അടുത്തത് ആരെയാണ് അണ്ണന്‍ രക്ഷിക്കാന്‍ പോകുന്നത് എന്ന പരിഹാസത്തിലാണ് നമ്മള്‍ അതിനെ സ്വീകരിക്കുന്നത്. ഏറെക്കുറെ അതിനോട് സമാനത പുലര്‍ത്തുന്ന കഥകള്‍ തന്നെയാണ് സ്‌ക്രീനില്‍ പിന്നാലെ വരുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് വിജയ് തമിഴ് സിനിമയില്‍ സജീവമാകുന്നത്, തുടര്‍ച്ചയായി റൊമാന്റിക് മൂവി മാത്രം ചെയ്തിരുന്ന, യുവാക്കളെ അത്രത്തോളം ആകര്‍ഷിക്കാന്‍ ശേഷിയുള്ള, അക്കാലത്ത് ആ വിഭാഗത്തില്‍ വലിയ തോതില്‍ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ നടന്‍ കൂടിയായിരുന്നു വിജയ്.

2003 ല്‍ പുറത്തിറങ്ങിയ തിരുമലൈ എന്ന ചിത്രമാണ് വിജയ് എന്ന നടനെ ആക്ഷന്‍ ഹീറോ എന്ന തലത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത്.

നമ്മുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ചുവടുവെപ്പ്.

പിന്നീടങ്ങോട്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശക്തമായ ഒരു താരോദയമായി ഇളയദളപതി എന്ന പേരില്‍ വിജയ് വളര്‍ന്നു വരുന്ന കാഴ്ചയാണ് കണ്ടത്.

ദളപതി എന്നാല്‍ ഇംഗ്ലീഷില്‍ Commander in Chief എന്നാണ് , നേതാവ് തലൈവന്‍ എന്നൊക്കെ പറയാം. അതു തന്നെയാണ് അയാളുടെ ടാഗ് ലൈന്‍.

ഈ സിനിമകളിലെ കഥയും കഥാപാത്രവും മാത്രമല്ല ഗാനങ്ങള്‍ പോലും അതിനെ ഉറപ്പിച്ചിടെക്കുന്ന രീതിയിലാണ് അറേഞ്ച് ചെയ്യുന്നത്. ഇതിന് മുന്‍പ് എം.ജി.ആര്‍ന്റെ സിനിമകളില്‍ കണ്ടിരുന്നത് പോലെ.

ഇതൊക്കെ മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്തു പോകുമ്പോള്‍ സിനിമയ്ക്കപ്പുറം വിജയ് എന്ന മനുഷ്യന്‍ തന്നെയാണ് അവിടെ ഭൂരിപക്ഷം ജനത്തിനിടയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നത്.

സാധാരണ ജനത്തിനിടയില്‍ തന്നെയാണ് അത് കൂടുതലും പ്രതിഫലിപ്പിക്കുന്നത്, സിനിമ എന്ന മാധ്യമത്തിന്റെ സ്വിധീനം വഴി അവരില്‍ ഒരാളായി അയാള്‍ മാറുന്നത്.

ഇങ്ങനെ വിജയ് തന്റെ സിനിമകള്‍ വഴി ഏറ്റവുമധികം ഉപയോഗിച്ച് വരുന്നത് തമിഴ്, തമിഴന്‍ എന്ന സ്വത്വബോധം തന്നെയാണ്.

അത് വിരല്‍ചൂണ്ടുന്നത് ഇളയദളപതിയില്‍ നിന്ന് ദളപതി എന്ന വിളിപ്പേരില്‍ വിജയ് വന്നു നില്‍ക്കുമ്പോള്‍, അണ്ണാദുരൈയില്‍ ആരംഭിച്ച തമിഴകത്തെ സിനിമാ – രാഷ്ട്രീയ സമവാക്യത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ നടത്തുന്ന ചുവടുവെപ്പ് കൂടിയാണ്.

സ്‌ക്രീനിന് പുറത്ത് വേദികളില്‍ പലപ്പോഴും ചുരുങ്ങിയ വാക്കുകളില്‍ മാത്രം സംസാരിച്ചു നിര്‍ത്തുന്ന, ഓരോ വാക്കുകളും അളന്നു മുറിച്ച് തന്റെ നിലപാടുകള്‍ പോലെയാണ് പറഞ്ഞു വെക്കാറാണ് പതിവ്.

അതിനപ്പുറം സാമൂഹിക പ്രശ്‌നങ്ങളില്‍ ഒക്കെ മാധ്യമ ശ്രദ്ധ ക്ഷണിക്കാതെ വളരെ സൈലന്റായി ഇടപെടുന്ന രീതിയും അയാള്‍ പിന്‍തുടരുന്നു. അതിനു നിരവധി ഉദാഹരണങ്ങളുണ്ട്.

മെഡിക്കല്‍ പ്രവേശനം നിഷേധിച്ചതില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിനി അനിതയുടെ വീട് സന്ദര്‍ശിച്ചിരുന്നു. അനിതയുടെ സഹോദരന്‍ സമൂഹ മാധ്യമങ്ങളി അതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് വാര്‍ത്ത പുറത്തു
വന്നത്.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടികര്‍ സംഘം പ്രശ്‌നത്തില്‍ ഇടപെടുന്നതിന് മുന്‍പ് തന്നെ ചെന്നൈ മറീന ബീച്ചില്‍ ഒത്തു ചേര്‍ന്ന ജനത്തിനിടയില്‍ ആരുമറിയാതെ ഐക്യദാര്‍ഢ്യവുമായി എത്തി അയാള്‍ ജനങ്ങള്‍ക്കൊപ്പം രാത്രി മുഴുവന്‍ പങ്കുചേരുകയും ചെയ്തിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അവധിയില്‍ പോയ പട്ടാളക്കാരെ അടിയന്തരമായി അതിര്‍ത്തിയിലേക്ക് തിരിച്ചു വിളിച്ച ഘട്ടത്തില്‍. തേനി സ്വദേശിയായ ജവാനെ ഫോണില്‍ വിളിച്ച് വിഷമിക്കേണ്ട, ഒരു പ്രശ്‌നവും ഉണ്ടാകില്ല, സന്തോഷത്തോടെ ഇരിക്കൂ ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് നേരിട്ട് കാണാം എന്ന് പറയുന്നു.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഗ്രൂപ്പ് നടത്തിയ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട ആളുകളുടെ വീട്ടില്‍ നേരിട്ടെത്തി കുടുംബങ്ങളെ ബൈക്കില്‍ ചെന്നു കാണുകയും, സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറാകുകയും, തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ പതിവ് രീതിയില്‍ നടത്താന്‍ പാടില്ലെന്ന് ആരാധകരോട് പറയുന്നു.

‘നോട്ട് നിരോധനം’ നടപ്പിലാക്കിയ ഘട്ടത്തില്‍’ നോട്ട് നിരോധനം എത്ര വലിയ നടപടി ആയാലും 80 ശതമാനം വരുന്ന ജനതയെ തെരുവില്‍ നിര്‍ത്തുന്ന പരിഷ്‌കാരങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്ന് ‘ അയാള്‍ വിയോജിപ്പ് അറിയിക്കുന്നു.

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ തന്റെ ഫാന്‍സ് അസോസിയേഷന്‍ സമൂഹ മാധ്യമത്തില്‍ ശക്തമായ അക്രമം അഴിച്ചു വിട്ടത്. അവരെ മോശമായി ട്രോളിയും, സ്ലട്ട് ഷെയിമിംഗ് നടത്തിയും ആരാധകര്‍ അക്രമം തുടര്‍ന്നു വന്നപ്പോള്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിച്ചാല്‍ ഫാന്‍സ്അസോസിയേഷന്‍ പിരിച്ചു വിടുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്ന.

ആളുകളുടെ ഒപ്പം സമയമെടുത്ത് ക്യൂവില്‍ നിന്ന് വോട്ട് ചെയ്തു മടങ്ങുന്നു, ഇങ്ങനെ നിരവധിയാണ്.

അയാള്‍ ഒരു താരം എന്ന നിലയില്‍ നിന്ന് മനുഷ്യരിലേക്ക് ഇറങ്ങി ചെല്ലുകയാണ്.

രജനീകാന്തിന് ഒക്കെ പലപ്പോഴും കൃത്യമായി നടപ്പിലാക്കാന്‍ കഴിയാത വന്ന കാര്യങ്ങളാണ് വിജയ് നിരന്തരം ചെയ്യുന്നത്.

നമ്മള്‍ ഇവിടെ അടുത്ത രക്ഷാപ്രവര്‍ത്തനം എന്തെന്ന് ‘ബിഗില്‍’ മൂവിയുടെ പോസ്റ്റര്‍ നോക്കി രക്ഷകനെ ട്രോളി രസിക്കുമ്പോള്‍ അയാള്‍ അവിടെ കളമൊരുക്കുകയാണ്, ഒരുപക്ഷെ അയാളത് ആഗ്രഹിച്ചില്ലെങ്കിലും അത്തരം ഒരു പ്രതിഭാസത്തിന് അവിടെ കളമൊരുങ്ങുന്നുണ്ട്.

അതേസമയം നീണ്ട നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സൂപ്പര്‍ താരങ്ങളായ രജനി – കമല്‍ രാഷ്ട്രീയ പ്രവേശനം തമിഴില്‍ കാര്യമായ ഒരു ചലനവും സൃഷ്ടിക്കാതെ നില്‍ക്കുയാണ്. ഒരുപക്ഷെ ബിഗ് സ്‌ക്രീന്‍ താരങ്ങള്‍ക്ക് വെളിയില്‍ തമിഴ് മണ്ണ് മാറി ചിന്തിക്കാന്‍ തുടങ്ങുമായിരക്കാം,

തമിഴ് രാഷ്ട്രീയം കാലങ്ങളായി പിന്‍തുടര്‍ന്ന് വരുന്ന സിനിമാ ബാന്ധവം ഉപേക്ഷിച്ച് പുറത്ത് കടക്കുമോ അതോ വിജയ് ഉള്‍പ്പെടെ മറ്റു പലരിലൂടെയും അത് തുടരുമോ എന്നൊക്കെ കാലം തെളിയിക്കട്ടെ…

പിറന്നാള്‍ ആശംസകള്‍ ജോസഫ് വിജയ്…

വിഷ്ണു വിജയന്‍

We use cookies to give you the best possible experience. Learn more