ആതിരയും പാര്‍വ്വതിയും ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ്. ഓരോ ദിവസവും രണ്ടു പേരും ചെയ്യുന്ന കാര്യങ്ങള്‍ നോക്കാം.
പാര്‍വ്വതി : രാവിലെ ഉണരും ഉണര്‍ന്നാല്‍ ഉടനെ ദൈവത്തിനു നന്ദി പറയും..
ആതിര : രാവിലെ ഉണരാന്‍ മടി മൂടിപ്പുതച്ച് കിടന്നുറങ്ങും..
പാര്‍വ്വതി : ദൈവത്തെ സ്തുതിക്കും.
ആതിര : ഉണര്‍ന്നാല്‍ നേരെ ടിവിയുടെ മുന്നിലേക്ക്.
പാര്‍വ്വതി : നന്നായി പഠിക്കും കൂട്ടുകാരെ സഹായിക്കും.
ആതിര : മറ്റു കുട്ടികളെ ശല്യം ചെയ്യും കൂട്ടുകാരുമായി വഴക്കിടും.
ഇവര്‍ രണ്ടു പേരില്‍ ആരെയാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം…!
ആരെപ്പോലെയാണ് നിങ്ങള്‍…!
എന്തുകൊണ്ട് പറയാമോ…
ഒരു മാനേജ്മെന്റ് സ്‌കൂളില്‍ ഒന്നാം ക്ലാസ് മോറല്‍ സ്റ്റഡീസ് ടെക്സ്റ്റിലെ (Compulsory) ആദ്യ ചാപ്റ്റര്‍ ആണ്.
(കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങള്‍ പ്രകാരം അച്ചടിക്കുന്ന പുസ്തകമൊക്കെ തന്നെയാണ്)
പക്ഷെ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകുന്ന, പ്രാര്‍ത്ഥിച്ചു ദിവസം തുടങ്ങാന്‍ മടിക്കുന്ന, ആതിര എന്തോ കുഴപ്പം പിടിച്ച കൊച്ചാണ് കെട്ടോ, ഈ ചിന്ത പാര്‍വ്വതി ഉള്‍പ്പെടെ മറ്റു കുട്ടികള്‍ക്കുണ്ട് താനും.
ആതിര വളര്‍ന്നു വരുന്നത് ഈ സമൂഹത്തിന് വലിയ വെല്ലുവിളിയാണ്.
കാരണം വളര്‍ന്നു വലുതായി വരുമ്പോള്‍ ആതിര സ്വന്തം നിലയില്‍ നിലപാടുകള്‍ ഒക്കെയുള്ള, ചുറ്റുപാടിനെ കുറിച്ച് ധാരണയുള്ള, അത്യാവശ്യം രാഷ്ട്രീയം ഒക്കെ പറയുന്ന, സ്ത്രീപക്ഷ രാഷ്ട്രീയം ഒക്കെയുള്ള ആരെയും കൂസാതെ തന്റേതായ ജീവിതം ജീവിച്ചു പോകുന്നുണ്ടാകും. ഇടയ്ക്കിടെ ഇങ്ങനെ ചില ചോദ്യങ്ങളും ചോദിച്ചു തുടങ്ങും.
ആര്‍ത്തവം അശുദ്ധമാണെന്ന് പറയുന്ന കൂട്ടരോട് – ചേട്ടന് ഇതിനെപ്പറ്റി വല്ല്യ ധാരണ ഇല്ല അല്ലേ എന്നൊക്കെ…
സ്ത്രീകള്‍ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കാന്‍ ഇയാള്‍ ആരുവാ എന്നും…!
ഇനി പറയാനുള്ളത് പാര്‍വ്വതിയോടാണ്.
പാര്‍വതി ഒരു കാരണവശാലും ആതിരയെ കണ്ടു പഠിക്കരുത്, അതിരാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കണം, കര്‍ക്കടകം ഒക്കെയല്ലേ പറ്റുമെങ്കില്‍ രാമായണം വായിക്കണം,
എന്നിട്ട് പഠിച്ചു വളര്‍ന്നു വലിയ സയന്റിസ്റ്റോ, ബ്യൂറോക്രാറ്റോ ആകണം, ഇനി അഥവാ സയന്റിസ്റ്റ് ആണെങ്കില്‍ ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കണം. അതുവരെ ജീവിതത്തില്‍ രാഷ്ട്രീയം ഒന്നും പറയരുത് കെട്ടോ അതൊക്കെ ആതിരയെ പോലുള്ള ആളുകള്‍ക്ക് പറഞ്ഞിട്ടുള്ള മോശം പ്രവണതകളാണ്.
റിട്ടയര്‍മെന്റിന് ശേഷം അങ്ങനെയല്ല തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി മാറണം എന്നിട്ട് ഇടയ്ക്കിടെ ഇങ്ങനെ പ്രസ്ഥാവനകള്‍ ഇറക്കണം.
ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാന്‍ കഴിയും.
പശുവിന്റെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടിവിറ്റി അബ്‌സോര്‍വ് ചെയ്യാന്‍ കഴിവുണ്ട്.
ക്യാന്‍സര്‍, ഷുഗര്‍ ഈ രോഗങ്ങള്‍ക്ക് ഒക്കെ ഗോമൂത്രം ആണ് ഏറ്റവും ബെസ്റ്റ് മെഡിസിന്‍ എന്നൊക്കെ.
ആരെങ്കിലും തെളിവ് ചോദിച്ചാല്‍ ഏതെങ്കിലും കേശവന്‍ മാമന്റെയോ, കുട്ടന്‍പിള്ള കൊച്ചേട്ടന്റെയോ വാട്‌സ്ആപ്പ് അങ്ങ് നമ്പര്‍ കൊടുത്തേക്കണം..
മാത്രവുമല്ല ബഹിരാകാശ പേടകത്തിന്റെ രൂപം ശിവലിംഗത്തിന്റെ രൂപമാണ്.
രാമായണം – വേദ – ഇതിഹാസങ്ങളിലെയും ശാസ്ത്രീയത കൂടുതല്‍ ഗവേഷണം അര്‍ഹിക്കുന്നവയാണ്,
രാമായണത്തില്‍ പറയുന്ന ഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരവും സ്വാധീനതയും എത്ര കൃത്യതയുള്ളതാണ് അത് എക്കാലവും അത്ഭുതമാണ് എന്നൊക്കെ…
അപ്പോഴും ആ അനുസരണയില്ലാത്ത ആര്‍ഷഭാരത സംസ്‌കാരത്തെ കുറിച്ച് ബോധമില്ലാത്ത ആതിര ഇതൊക്കെ ട്രോളി ചിരിക്കുന്നുണ്ടാകും…??