മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റെയും എന്ന മലയാള സിനിമയിലൂടെ ബാല താരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു പിന്നീട് നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. സുഹൃത്തായ ബിബിന്‍ ജോര്‍ജിനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമക്ക് തിരക്കഥ എഴുതിയതും വിഷ്ണു ആയിരുന്നു.
ഈയിടെ വിഷ്ണു ഉണ്ണികൃഷ്ണനോട് ഒരു അഭിമുഖത്തില്‍ സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ആരായേനെ എന്ന് ചോദിക്കുകയുണ്ടായിരുന്നു. അന്ന് താന്‍ കളക്ടര്‍ ആയേനെ എന്നായിരുന്നു വിഷ്ണു മറുപടി നല്‍കിയത്. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ കളക്ടര്‍ ആയേനെ എന്ന് പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്‍.
‘അത് തെറ്റിദ്ധരിക്കപ്പെട്ടാതായി തോന്നിയിട്ടില്ല. അത് ഞാന്‍ തമാശക്ക് പറഞ്ഞതാണെന്ന് കേട്ട ആര്‍ക്കും മനസിലാകില്ലേ. ഞാന്‍ ശരിക്കും അന്ന് അത് തമാശക്ക് തന്നെ പറഞ്ഞതായിരുന്നു. ഉദയനാണ് താരം എന്ന സിനിമയില്‍ പറഞ്ഞത് പോലെ ഒരു ഡയലോഗ് പറഞ്ഞതായിരുന്നു. അതില്‍ ശ്രീനിയേട്ടനോട് സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്തായേനെ എന്ന് ചോദിക്കുന്നുണ്ടല്ലോ.
ഞാന്‍ സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ കളക്ടര്‍ അല്ലെങ്കില്‍ ഡോക്ടര്‍ ആയേനേ എന്നാണ് അദ്ദേഹം മറുപടി പറയുന്നത്. അതാണ് ഞാനും പറഞ്ഞത്. പണ്ട് ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലുതാകുമ്പോള്‍ ആരാകണം എന്ന ചോദ്യം ചോദിച്ചിരുന്നു. അന്ന് ഡിമാന്റ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറാകണം എന്നതിനായിരുന്നു. ഞാന്‍ അന്ന് ചാടി കയറി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞിരുന്നു,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan Talks About Udayanaanu Thaaram Movie