ചാന്‍സ് ചോദിക്കാന്‍ മടിയായിരുന്നു; എനിക്ക് ഇപ്പോഴും ഒരുപാട് മെസ്സേജുകള്‍ വരാറുണ്ട്: വിഷ്ണു ഉണ്ണികൃഷ്ണന്‍
Entertainment news
ചാന്‍സ് ചോദിക്കാന്‍ മടിയായിരുന്നു; എനിക്ക് ഇപ്പോഴും ഒരുപാട് മെസ്സേജുകള്‍ വരാറുണ്ട്: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th December 2023, 3:38 pm

‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. സിനിമയില്‍ വരാന്‍ ആഗ്രഹം ഉണ്ടെന്നല്ലാതെ അതിന് വേണ്ടി എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നെന്ന് പറയുകയാണ് താരം.

ഇത്തരത്തില്‍ സിനിമയില്‍ വരാന്‍ എന്തുചെയ്യണമെന്ന് ചോദിച്ചു കൊണ്ട് ഇപ്പോള്‍ തനിക്ക് ഒരുപാട് മെസേജുകള്‍ വരാറുണ്ടെന്നും വിഷ്ണു കൂട്ടിചേര്‍ത്തു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.

‘ഏറ്റവും കഠിനമാണെന്ന് തോന്നിയ ഒരു സമയം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍, സിനിമ ആഗ്രഹം ഉണ്ടെന്നല്ലാതെ എന്ത് ചെയ്യണം എന്നറിയാത്ത സമയമുണ്ടായിരുന്നു.

എനിക്ക് സിനിമക്ക് വേണ്ടി എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എനിക്കും എന്നാണ് പറയേണ്ടത്. കാരണം പലര്‍ക്കും അറിയാത്ത കാര്യമാണ് അത്.

സിനിമ വലിയ ആഗ്രഹമുണ്ട്, എന്താ ഞാന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചു കൊണ്ട് എനിക്ക് ഇപ്പോഴും മെസ്സേജ് വരാറുണ്ട്. എന്റെ കയ്യില്‍ നാല് കഥയുണ്ട് ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിലര്‍ ചോദിക്കാറുണ്ട്.

അല്ലെങ്കില്‍ ഞാന്‍ നന്നായി ഡാന്‍സ് കളിക്കും അഭിനയിക്കും മിമിക്രി ചെയ്യും, ഞാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കാറുണ്ട്. എന്റെ തുടക്ക സമയത്ത് ഇത്തരത്തില്‍ വ്യക്തത ഇല്ലാത്ത പ്രശ്‌നം ഉണ്ടായിരുന്നു. അന്ന് എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.

ബിബിന്‍ എന്നോട് പറഞ്ഞത്, ‘എടാ നീ കുറച്ച് സിനിമകളില്‍ അഭിനയിച്ചതല്ലേ. അതിന്റെ സംവിധായകരെയെല്ലാം നിനക്ക് അറിയുന്നതല്ലേ. ഇവരെയൊക്കെ പോയി കണ്ടാല്‍ മതി’ എന്നായിരുന്നു.

എനിക്ക് മറ്റുള്ളവരോട് ചാന്‍സ് ചോദിക്കാന്‍ ഭയങ്കര മടിയായിരുന്നു. ബിബിന്‍ നിര്‍ബന്ധിച്ച് ഷാഫി സാറിനെ കാണാനായി സാറിന്റെ വീട്ടില്‍ പോയി.

ഷാഫി സാറിന്റെ പടത്തില്‍ മുന്‍പ് ഞാന്‍ ചെറിയ വേഷം ചെയ്തിരുന്നു. മായാവി സിനിമയില്‍. അന്ന് ഷാഫി സാറിന്റെ വീട്ടില്‍ പോയി സാറിനെ കണ്ടു. വെറുതെ ഒന്ന് ഓര്‍മിപ്പിക്കാന്‍ വന്നതാണെന്ന് പറഞ്ഞു.

അങ്ങനെയൊന്നും ആരും വിളിക്കില്ലെന്ന് ആയിരുന്നു എനിക്ക് അപ്പോള്‍ തോന്നിയത്. പിന്നെ എങ്ങനെയാണ് ഇത് വര്‍ക്ക് ഔട്ട് ആകുന്നതെന്ന് ചോദിച്ചാല്‍ അങ്ങനെ ഡിഫൈന്‍ ചെയ്യാന്‍ പറ്റില്ല.

എന്റെ ജീവിതത്തില്‍ സിനിമ സംഭവിച്ചത് പോലെയല്ല ബിബിനിന്റെ ജീവിതത്തില്‍ സംഭവിച്ചത്. അതുപോലെയല്ല മറ്റൊരാളുടെ ജീവിതത്തില്‍. നമ്മള്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക എന്നതാണ്. ഏതെങ്കിലും ഒരു വഴിക്ക് നടക്കും എന്നതാണ് സത്യം,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Struggles In Movies